പുരാതനകാലം മുതല്‍ ഒട്ടനവധി നൈതികവും ധാര്‍മ്മികവും ആയ ആദര്‍ശങ്ങളും സിദ്ധാന്തങ്ങളും നമ്മുടെ പൈതൃക ഗ്രന്ഥം പൂര്‍വ്വപിതാക്കന്മാരിലൂടെയും മാതാപിതാക്കന്മാരിലൂടെയും ആചാര്യന്മാരിലൂടെയും ശ്രേഷ്ഠങ്ങളായ രചനകളിലൂടെയും സുഭാഷിതാവലികളില്‍ കൂടിയും ഹിന്ദു ധര്‍മ്മത്തിന്റെ മൗലികമായ പാഠങ്ങള്‍ നമുക്കു ലഭിച്ചിട്ടുണ്ട്. അവയില്‍ പലതും നാം ആചരിച്ചുകൊണ്ടും അനുവര്‍ത്തിച്ചുകൊണ്ടും ഇരിക്കുന്നു. എന്നാല്‍ അവ ഒന്നും മതാധികാരികള്‍ ബലം പ്രയോഗിച്ച് നടപ്പാക്കുന്ന ഏര്‍പ്പാട് ഹിന്ദുമതത്തിലില്ല. സ്‌നേഹോദാരമായ ഉപദേശങ്ങളും നിര്‍ദേശങ്ങളുമല്ലാതെ ഏതെങ്കിലും വിധത്തിലുള്ള കര്‍ശനമായ വിധിനിഷേധ വ്യവസ്ഥാപനം ഹിന്ദുധര്‍മ്മഗ്രന്ഥങ്ങളിലെങ്ങും തന്നെ നിര്‍ദ്ദേശിക്കപ്പെട്ടിട്ടില്ല. ഒരാള്‍ക്ക് ഈശ്വരവിശ്വാസിയോ ഈശ്വരനിഷേധിയോ ആകുന്നതിന് ഹിന്ദുസമൂഹത്തില്‍ സ്വാതന്ത്ര്യമുണ്ട്. ഒരാള്‍ക്ക് താന്‍ ശരിയെന്നു കരുതുന്ന കാര്യങ്ങള്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്ര്യം ഹൈന്ദവതയുടെ പ്രത്യേകതയാണ്.
ഭഗവദ്ഗീതയില്‍ അര്‍ജ്ജുനന് ആദ്ധ്യാത്മികവും ലൗകികവുമായ നാനാവിധ മൂല്യങ്ങളും ആദര്‍ശങ്ങളും ഉപദേശിച്ചതിനു ശേഷം അവസാനം ‘ഈ പറഞ്ഞ കാര്യങ്ങളെല്ലാം പരിചിന്തനം ചെയ്ത് നിനക്കിഷ്ടമുള്ള വഴി തിരഞ്ഞെടുത്തുകൊള്ളുക’ എന്നു പറഞ്ഞാണ് ഭഗവാന്‍ ഉപസംഹരിക്കുന്നത്
‘വിമശൈതദശേഷേണ യഥേച്ഛസി തഥാ കുരു’ (ഭഗവദ്ഗീത) സ്വന്തം ഇച്ഛയനുസരിച്ച് പ്രവര്‍ത്തിക്കൂ എന്ന നിര്‍ദ്ദേശം അര്‍ജ്ജുനന് മാത്രമുള്ളതല്ല, എല്ലാ ജനങ്ങള്‍ക്കും കൂടി നല്കപ്പെട്ടിട്ടുള്ള ഒരു നിര്‍ദ്ദേശമാണ്. മതപരമായ കാര്യങ്ങളിലെല്ലാം ആചാര സ്വാതന്ത്ര്യം മാത്രമല്ല, വിചാരസ്വാതന്ത്ര്യവും അനുവദിക്കപ്പെട്ടിട്ടുണ്ട്. വിചാരപൂര്‍വകമായും യുക്തിതര്‍ക്കങ്ങളെക്കൊണ്ടും മതപരമായ ആദേശങ്ങളെ ചോദ്യം ചെയ്യുന്നതിനുള്ള അധികാരവും എല്ലാവര്‍ക്കുമുണ്ട്. ഹിന്ദുമതത്തില്‍ മാത്രം നിലനില്‍ക്കുന്ന ഒരു മൂല്യമാണിത്. ധാര്‍മ്മിക കാര്യങ്ങള്‍ ആജ്ഞാപിച്ച് നടത്തപ്പെടേണ്ടവയല്ല, അവയുടെ പ്രവര്‍ത്തനത്തിന് മനസാവാചാകര്‍മ്മണാ ഉള്ള സത്യസന്ധതയാണ് ആവശ്യമായിട്ടുള്ളത്. ഈ സത്യപാലനത്തിന് ഇതേവിധമുള്ള സ്വാതന്ത്ര്യം വളരെ ആവശ്യമാണ്. വിധിനിഷേധങ്ങളുടെ ബന്ധനത്തിലാണ് മറ്റു മതങ്ങളിലെ ചര്യാവിധികള്‍ എല്ലാം തന്നെ നിലനില്‍ക്കുന്നത്. ആ ബന്ധനം ഹിന്ദുത്വത്തിലില്ലാത്തതുകൊണ്ട് മറ്റു മതങ്ങളുടെ കെട്ടുറപ്പ് ഹിന്ദുത്വത്തിനില്ല എന്നു പൊതുവേ പറഞ്ഞു വരാറുണ്ട്. എന്നാല്‍ ഹിന്ദുത്വത്തിന്റെ ബലിഷ്ഠതയാണ് ഇത് കാട്ടിത്തരുന്നത്. അതുകൊണ്ടുതന്നെയാണ് എല്ലാ പ്രകോപനങ്ങളെയും അതിജീവിച്ച് ഇവിടെ നിലനില്‍ക്കാന്‍ ഹിന്ദു ഇന്നും ശക്തനായി വര്‍ത്തിക്കുന്നത്. ചുരുക്കത്തില്‍ ഹിന്ദുധര്‍മ്മം വ്യക്തി പരമോ സാമൂഹ്യമോ ആയ വിധിനിഷേധങ്ങളൊന്നും തന്നെ ബലാത്കാരമായി നടപ്പില്‍ വരുത്തുന്നില്ല. വാസ്തവത്തില്‍ ഇന്നു വ്യവഹരിക്കപ്പെടുന്ന അര്‍ത്ഥത്തില്‍ ഹിന്ദുധര്‍മ്മം ഒരു മതമേ അല്ല, ഇതു സനാതനമായ ഒരു പാരമ്പര്യമാണ്, എന്നു പറയുന്നതിന്റെ കാരണവും ഇതുതന്നെയാണ്.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: