കൊച്ചി: മോദി… മോദി… വിളികളാല്‍ മുഖരിതമായിരുന്നു മറൈന്‍ ഡ്രൈവില്‍ നടന്ന ബിജെപി ശക്തികേന്ദ്ര സമ്മേളനം. പ്രധാന സേവകനെ കാണാനും മാര്‍ഗനിര്‍ദേശങ്ങള്‍ കേള്‍ക്കാനും 7,000 പ്രവര്‍ത്തകര്‍ മൂന്നു മണിക്കൂര്‍ ക്ഷമയോടെ കാത്തിരുന്നു. പകുതിയോളം വനിതകളായിരുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഉച്ചയ്‌ക്ക് ഒരു മണിക്കു ബിജെപി സംസ്ഥാന വക്താവ് ടി.പി. സിന്ധുമോളുടെ പ്രസംഗത്തോടെ സമ്മേളനം ആരംഭിച്ചു. തുടര്‍ന്ന് ബിജെപി ദേശീയ സെക്രട്ടറി അനില്‍ ആന്റണി, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ്, ദേശീയ വൈസ് പ്രസിഡന്റ് എ.പി. അബ്ദുള്ളക്കുട്ടി എന്നിവര്‍ സംസാരിച്ചു. ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ് സംസാരിച്ചു കൊണ്ടിരുന്നപ്പോഴാണ് കാത്തിരിപ്പിന് വിരാമമിട്ട് മോദിയുടെ വരവ്. പ്രവര്‍ത്തകര്‍ ഇരുകരങ്ങളും ഉയര്‍ത്തി ‘മോദി… മോദി…, ജയ് ജയ് ബിജെപി’ എന്നീ മുദ്രാവാക്യങ്ങളോടെ പ്രധാനസേവകനെ വരവേറ്റു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഷാള്‍ അണിയിച്ച് സ്വീകരിച്ചു.
പ്രധാനമന്ത്രി മലയാളത്തില്‍ അഭിസംബോധന ചെയ്തത് പ്രവര്‍ത്തകരില്‍ കൂടുതല്‍ ആവേശം പകര്‍ന്നു. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്റെ പ്രസംഗത്തിനുശേഷമാണ് നരേന്ദ്ര മോദി സദസിനെ അഭിസംബോധന ചെയ്തത്. ‘കേരളത്തിലെ എന്റെ പ്രിയപ്പെട്ട സഹപ്രവര്‍ത്തകരെ, നിങ്ങളാണ് ഈ പാര്‍ട്ടിയുടെ ജീവനാഡി’ എന്നു മലയാളത്തില്‍ പറഞ്ഞുകൊണ്ടാണ് അദ്ദേഹം പ്രസംഗം ആരംഭിച്ചത്. ‘കേരളത്തിലെ എന്റെ സഹപ്രവര്‍ത്തകരെ’ എന്ന അഭിസംബോധന അദ്ദേഹം പ്രസംഗത്തിനിടെ പല തവണ ആവര്‍ത്തിച്ചപ്പോഴെല്ലാം സദസില്‍ നിന്നു വലിയ ആരവം ഉയര്‍ന്നു.
സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ തേക്കില്‍ തീര്‍ത്ത അമ്പും വില്ലും അദ്ദേഹത്തിനു സമ്മാനിച്ചപ്പോള്‍ എറണാകുളം ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജുവിന്റെ ഉപഹാരം ഓടില്‍ തീര്‍ത്ത രാമലക്ഷ്മണ ശില്‍പമായിരുന്നു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജോര്‍ജ് കുര്യന്‍, എം.ടി. രമേശ്, സി. കൃഷ്ണകുമാര്‍, പി. സുധീര്‍ എന്നിവര്‍ ചേര്‍ന്നു മോദിയെ പുഷ്പഹാരമണിയിച്ചു. അതിവേഗ വികസനം മോദിയുടെ ഗ്യാരന്റി, കര്‍ഷകര്‍ക്ക് കവചം മോദിയുടെ ഗ്യാരന്റി എന്നീ മുദ്രാവാക്യങ്ങള്‍ സമ്മേളനത്തിന്റെ ആദ്യന്തം മുഴങ്ങിക്കൊണ്ടിരുന്നു. പ്രവര്‍ത്തകരുമായി ചേര്‍ന്ന പല തവണ ഭാരത് മാതാ കീ ജയ്, വന്ദേ മാതരം എന്നീ മുദ്രാവാക്യങ്ങള്‍ വിളിപ്പിച്ചുകൊണ്ട് മോദി പ്രസംഗം അവസാനിച്ചപ്പോള്‍ അതു കേരളത്തിലെ പൊതു തിരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള അനൗദ്യോഗിക തുടക്കമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: