തിരുവനന്തപുരം: ഹിന്ദു മാത്രം അവന്റെ വിശ്വാസത്തെ കുറിച്ച് പറയുമ്പോൾ വർഗീയവാദിയാകുന്നതെങ്ങനെയെന്ന ചോദ്യവുമായി സംവിധായകൻ എം ബി പത്മകുമാർ. ഗായിക കെ. എസ് ചിത്രയ്‌ക്ക് നേരെ നടക്കുന്ന സൈബർ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ശക്തമായ പ്രതികരണവുമായി പത്മകുമാർ രംഗത്ത് വന്നത്. കോടിക്കണക്കിന് ആളുകളുടെ മനസിൽ രാമക്ഷേത്രം പണിഞ്ഞു കഴിഞ്ഞുവെന്ന് സ്വന്തം ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച വീഡിയോയിൽ അദ്ദേഹം പറഞ്ഞു.
“ഏത് മതത്തിനും ഏത് വിശ്വാസത്തിനും ഇവിടെ അവരുടെ രീതി പിൻതുടരാൻ പറ്റും. മറ്റെല്ലാം മതവിശ്വാസികൾക്കും അവരുടെ കാര്യങ്ങൾ പറയുകയും പോസ്റ്റിടുകയും ചെയ്യാം. പക്ഷെ ഹിന്ദു പറയുമ്പോൾ അവൻ വർഗീയവാദിയാകും. ചിത്രയെ ടാർഗറ്റ് ചെയ്യുന്നവർ അവരെയല്ല ടാർഗറ്റ് ചെയ്യുന്നത്.
ഹിന്ദു സംസ്‌കാരത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ഒരു കൂട്ടം ആൾക്കാരുടെ ദുഷിച്ച ചിന്താഗതി മാത്രമാണ് അവർക്കെതിരെ എറിഞ്ഞത്. ഇത് പറഞ്ഞത് കൊണ്ട് എനിക്കെതിരെയും നിരവധി കമന്റുകളുണ്ടാകാം. രാമക്ഷേത്രം യഥാർത്ഥത്തിൽ പണിതത്, കോടിക്കണക്കിന് ആൾക്കാരുടെ മനസിലാണ്. അതിന്റെ പ്രതീകം മാത്രമാണ് അയോദ്ധ്യയിൽ പണിയുന്നത്.
എല്ലാം ക്ഷേത്രങ്ങളും ഒരു സംസ്‌കാരത്തിലേക്ക് അയക്കുന്ന കവാടങ്ങളാണ്. രാമനെ വിശ്വസിക്കുന്നവരുടെ മനസിൽ എന്നേ പണിഞ്ഞ് കഴിഞ്ഞതാണ് രാമക്ഷേത്രം… രാമനാമം ജപിക്കൂ, വിളക്ക് കത്തിക്കൂ എന്ന് പറഞ്ഞതിൽ ആർക്കാണ് ഇത്രയും ബുദ്ധിമുട്ട്. 22ന് ഞാനും വീട്ടിൽ വിളക്ക് കത്തിക്കും രാമനാമം ജപിക്കും”- പത്മകുമാർ വ്യക്തമാക്കി.
മൈ ലൈഫ് പാര്‍ട്ണര്‍ എന്ന സിനിമയിലൂടെയാണ് പത്മകുമാര്‍ സ്വതന്ത്ര സംവിധായകനാകുന്നത്. രൂപാന്തരം, ടെലസ്‌കോപ് എന്നിവയാണ് മറ്റ് സിനിമകള്‍.സിനിമയിലെത്തും മുന്‍പ് നിരവധി ടെലിവിഷന്‍ സീരയലുകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: