അടിമാലി: എറണാകുളത്തെത്തിയ പ്രധാനമന്ത്രിക്ക് മഹാഗണി തടിയില്‍ കൊത്തുപണി ചെയ്തെടുത്ത രൂപം കൈമാറി ശ്രദ്ധയാകര്‍ഷിച്ച് അടിമാലി പണിക്കന്‍കുടി പനയംകുന്നേല് പി.ബി. റെജിമോന്. ബിജെപി പ്രവര്‍ത്തകനായ റെജിമോന് നരേന്ദ്രമോദി കേരളത്തിലെവിടെ എത്തിയാലും കാണാന്‍ പോകാറുണ്ട്. ഇത്തരത്തില്‍ പോകുന്നതിനിടെയാണ് മരത്തില്‍ പ്രധാനമന്ത്രിയുടെ ശില്പം നിര്‍മിക്കണമെന്ന ആഗ്രഹമുണ്ടായത്. ഒരു മാസത്തോളമെടുത്താണ് റെജി പ്രധാനമന്ത്രിയുടെ രൂപം തയ്യാറാക്കിയത്.
തടിയില്‍ മോദിയുടെ കൊത്തുപണി ചെയ്തെടുത്ത രൂപവുമായി എറണാകുളത്തിന് ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം വണ്ടി കയറിയപ്പോള്‍ മനസില്‍ വലിയ ആഗ്രഹങ്ങള്‍ ഉണ്ടായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ശില്പം കൈമാറുന്നത് പോലീസ് തടഞ്ഞപ്പോള്‍ എല്ലാ തകര്‍ന്നു. അടുത്ത് കാണാനാകുമോ എന്നറിയാതെ ആള്‍കൂട്ടത്തിനൊപ്പം നിന്നു. എന്നാല്‍ താന്‍ ഉയര്‍ത്തിപ്പിടിച്ച ചിത്രം പ്രധാനമന്ത്രി കാണുകയും വിളിച്ച് വരുത്തി ഇത് വാങ്ങുകയുമായിരുന്നു. ക്ഷേത്രങ്ങളിലും പള്ളികളിലുമടക്കം മരത്തില്‍ രൂപങ്ങള്‍ കൊത്തിയെടുക്കുന്ന ജോലിയാണ് റെജിമോന് ചെയ്യുന്നത്.
15-ാം വയസില്‍ തുടങ്ങിയ മരപ്പണി 4 പതിറ്റാണ്ടായി അദ്ദേഹം ഉപജീവനമാര്‍ഗമായി തുടരുകയാണ്. വീടുകളിലും റിസോര്ട്ടുകളിലുമടക്കം മരത്തില്‍ വിവിധങ്ങളും ആകര്‍ഷകവുമായ ചിത്രങ്ങള്‍ റെജി നിര്‍മിച്ച് സ്ഥാപിച്ച് വരികയാണ്. ഭാര്യ: രാജി. മക്കള്‍: വിഷ്ണു, വിഷ്ണുപ്രിയ, വിഷ്ണുമായ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: