തിരുവനന്തപുരം : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം തിരുവനന്തപുരം :സെക്ട്രട്ടേറിയറ്റിലേക്കും ഡിജിപി ഓഫീസിലേക്കും നടന്ന പ്രതിഷേധ മാര്‍ച്ചുകളിലെ അക്രമങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്നാരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ച യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം.50,000 രൂപ കെട്ടിവയ്‌ക്കുക, ആറാഴ്ച അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകുക എന്നീ ഉപാധികളോടെയാണ് ജാമ്യം. തിരുവനന്തപുരം ജില്ല പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം നല്‍കിയത്.
രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം നല്‍കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തമായി എതിര്‍ത്തു.രാഹുല്‍ ആണ് അക്രമത്തിന് നേതൃത്വം നല്‍കിയത്. പിരിഞ്ഞു പോയ പ്രവര്‍ത്തകരെ തിരികെ വിളിച്ചു.അറസ്റ്റിലായവരെ മോചിപ്പിക്കാന്‍ ശ്രമിച്ചു എന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ രാഹുലിന് എതിരായ കേസ് കെട്ടിച്ചമച്ചതെന്നായിരുന്നു പ്രതിഭാഗം വാദം.
ഡിസംബര്‍ 20ന് നടന്ന സംഭവത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ അറസറ്റ് ചെയ്യുന്നത് ജനുവരി 9നാണ്. ഇതിന് ശേഷമാണ് ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയത്. രാഹുലിന് നാഡി പ്രശ്നങ്ങളുണ്ടെന്ന മെഡിക്കല്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ ഡോക്ടര്‍ പരിശോധിച്ചിട്ടില്ല. രാഹുല്‍ അക്രമം നടത്തിയെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ ഇല്ലെന്നും പ്രതിഭാഗം വാദമുയര്‍ത്തി.
അറസ്റ്റിലായി എട്ട് ദിവസങ്ങള്‍ക്ക് ശേഷമാണ് രാഹുല്‍ മാങ്കൂട്ടത്തിലിന് ജാമ്യം അനുവദിച്ചിട്ടുളളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: