ന്യൂദല്‍ഹി: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിനെ രാഷ്ട്രീയ പരിപാടിയെന്ന് ആക്ഷേപിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധിക്ക് മറുപടിയുമായി കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.
രാഹുല്‍ സ്വപ്ന ലോകത്താണ് ജീവിക്കുന്നത്. രാഹുലിന്റെ രാഷ്ട്രീയം തിരിച്ചറിയാന്‍ ഭാരതത്തിലെ ജനങ്ങള്‍ക്ക് സാധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്തിന്റെ എല്ലാ കോണുകളിലുമുള്ള ഹിന്ദുക്കള്‍ക്ക് രാമക്ഷേത്രം ഒരു വികാരമാണ്. അവര്‍ രാഹുലിന് അര്‍ഹിക്കുന്ന മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ദേശീയ ആസ്ഥാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാഹുല്‍ പറയുന്ന കള്ളത്തരങ്ങളെല്ലാം ജനം വിശ്വസിക്കുമെന്നാണ് രാഹുല്‍ കരുതുന്നത്. ഭാരതത്തിലെ ജനങ്ങള്‍ വിവേകമുള്ളവരാണ്. അവര്‍ സത്യമെന്താണെന്നും രാഹുലിന്റെ രാഷ്ട്രീയം എന്താണെന്നും മനസിലാക്കും. അതിനാല്‍ രാഹുലിനു മറുപടി നല്‍കാനുള്ള അവകാശം ജനങ്ങള്‍ക്കു വിട്ടുനല്‍കുകയാണ്. രാഹുലിന് അദ്ദേഹത്തിന് തോന്നുന്നതെന്തും പറയാം, എന്നാല്‍ കോടിക്കണക്കിന് വരുന്ന ഭാരതത്തിലെ ഹിന്ദുസമൂഹത്തിന് ഇതു തീര്‍ത്തും വൈകാരികമായ വിഷയമാണ്. ഒരാളുടെ വിശ്വാസത്തില്‍ മറ്റൊരാള്‍ക്കു കൈകടത്താന്‍ കഴിയുമെന്നാണ് രാഹുല്‍ വിശ്വസിക്കുന്നത്. അദ്ദേഹത്തിന് അത് സ്വതന്ത്രമായി ചെയ്യാന്‍ കഴിയുമെന്നും കരുതുന്നു. എന്നാല്‍ അങ്ങനെയല്ല. ജീവിതത്തില്‍ എപ്പോഴെങ്കിലും അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് എത്താന്‍ താല്പര്യപ്പെടുന്നവരാണ് എല്ലാവരും. അത് അവരുടെ വിശ്വാസം കൊണ്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ആരംഭിച്ച ഗരീബ് കല്യാണ്‍ പോലുള്ള ക്ഷേമപദ്ധതികളും അഴിമതിരഹിത ഭരണവും മൂലം കഴിഞ്ഞ ഒമ്പത് വര്‍ഷത്തിനിടെ 25 കോടി പേര് ദാരിദ്ര്യരേഖയില്‍ നിന്ന് കരകയറിയതായി അദ്ദേഹം പറഞ്ഞു. തൊഴിലില്ലായ്മ എക്കാലത്തെയും താഴ്ന്ന നിലയിലാണ്. 2014ല്‍, തൊഴിലാളികളായ 41 കോടി പേരില്‍ 31 കോടി പേരും തൊഴില്‍ നൈപുണ്യമില്ലാതെ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരായിരുന്നു. എന്നാലിന്ന് മോദി സര്‍ക്കാര്‍ ആവശ്യമായ തൊഴില്‍ നൈപുണ്യം ലഭ്യമാക്കിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
2015 മുതല്‍ ഇതുവരെ 1,00,000 സ്റ്റാര്‍ട്ടപ്പുകളും 112 യൂണികോണുകളും രാജ്യത്തുണ്ടായതായും അദ്ദേഹം പറഞ്ഞു. സര്‍ക്കാറിന്റെ നയങ്ങളും പ്രോത്സാഹന പദ്ധതികളുമാണ് ഈ പരിവര്‍ത്തനത്തിന് കാരണം. ഒരു ദശലക്ഷം സ്റ്റാര്‍ട്ടപ്പുകളും 10,000 യൂണികോണുകളും സൃഷ്ടിക്കുക എന്നതാണ് ലക്ഷ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: