കോഴിക്കോട്: ശ്രീരാമ രാമ രാമ ശ്രീരാമ ഭദ്രജയ…. പതിനഞ്ച് വര്‍ഷം മുമ്പ് സരയൂവിന്റെ തീരത്ത്, ബിര്‍ലയുടെ ധര്‍മ്മശാലയിലെ രാമമന്ദിരത്തിന്റെ ശ്രീകോവിലിനുമുന്നില്‍ എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിലെ ഈരടികള്‍ മുഴങ്ങിയതിന്റെ ഓര്‍മ്മയിലാണ് ആചാര്യ എ.കെ.ബി. നായരും ധര്‍മ്മപത്നി ആനന്ദവല്ലിയും. ഹിന്ദി ഹൃദയഭൂമിയില്‍ മലയാളത്തില്‍ രാമായണകഥ ഏഴ് ദിവസം കൊണ്ട് പാടിയും പറഞ്ഞും തീര്‍ത്തു ഈ ദമ്പതികള്‍.
2008 ലെ കര്‍ക്കിടക മാസത്തില്‍ കേരളം രാമായണമാസമായി ആചരിക്കുമ്പോഴാണ് അയോദ്ധ്യയിലും ജൂലായ് 16 ന് രാമായണ സപ്താഹം ആരംഭിച്ചത്. ജൂലായ് 22 ന് ശ്രീരാമപട്ടാഭിഷേകവും അവഭൃഥസ്നാനവും അടക്കം സപ്താഹത്തിന്റെ സമ്പൂര്‍ണ്ണ ചടങ്ങുകളോടെ അദ്ധ്യാത്മരാമായണത്തിന്റെ പാരായണവും പ്രഭാഷണവും പൂര്‍ത്തിയായി.
ഭാഷയുടെ അതിര്‍വരുമ്പുകള്‍ മാഞ്ഞ് മലയാളത്തില്‍ പറഞ്ഞ രാമന്റെ കഥ അവിടെയെത്തിയ രാമഭക്തരെല്ലാം ആസ്വദിച്ചു. ക്ഷേത്രത്തില്‍ തീര്‍ത്ഥാടനത്തിനെത്തിയ ബീഹാറിലെയും ബംഗാളിലെയും ഝാര്‍ഖണ്ഡിലെയും തീര്‍ത്ഥാടക സംഘങ്ങള്‍ രാമമന്ദിരത്തിലെ യജ്ഞശാലയിലെത്തി സപ്താഹ ആചാര്യനെ അഭിവാദ്യം ചെയ്തു.
2007 ല്‍ ദില്ലിയില്‍ നടന്ന രാമായണ സപ്താഹത്തെക്കുറിച്ച് മനസ്സിലായക്കിയ മൂകാംബിക ട്രാവല്‍സിന്റെ ഉടമയും പാലക്കാട് സ്വദേശിയുമായ വാസുദേവന്‍ നായരാണ് ഈ ആശയം മുന്നോട്ട് വെച്ചത്. രാമജന്മഭൂമിയില്‍ തര്‍ക്കവും നിരോധനാജ്ഞയുമൊക്കെ നിലനില്‍ക്കുന്നതിനാല്‍ ഈ സ്വപ്നം പൂര്‍ത്തീകരിക്കാനാകുമോയെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും വാസുദേവന്‍നായരുടെ ഉറപ്പിലാണ് വാക്ക് കൊടുത്തത്. ജൂലായ് 13 ന് അമ്പതിലധികം രാമഭക്തരടങ്ങുന്ന തീര്‍ത്ഥാടക സംഘം പാലക്കാട്ടുനിന്ന് പുറപ്പെട്ടു. നെല്ലിക്കോട് വിഷ്ണു ക്ഷേത്രത്തിലെ മാതൃസമിതി അംഗങ്ങളായ ശോഭസുരേന്ദ്രനും ദേവിയും പൂജാദികര്‍മ്മങ്ങള്‍ ചെയ്യാനായി പയ്യന്നൂര്‍ പിലാത്തറ ഒമന്നൂര് ചേറ്റൂരില്ലത്തെ വിഷ്ണു നമ്പൂതിരിയും സംഘത്തിലുണ്ടായിരുന്നു. റിട്ട പോലീസ് സൂപ്രണ്ടായ കൃഷ്ണന് നായരായിരുന്നു സപ്താഹം ഉദ്ഘാടനം ചെയ്തത്.
അയോദ്ധ്യയില്‍ രാമമന്ദിരം ഉയരുകയും പ്രാണപ്രതിഷ്ഠ നടക്കുകയും ചെയ്യുമ്പോള്‍ ഭാരതം അഭിമാനപൂര്‍വ്വം പുതിയ കാലത്തിലേക്ക് കടക്കുകയാണെന്ന് എ.കെ.ബി നായര്‍ പറയുന്നു. ആ അഭിമാനം പങ്കുവെയ്ക്കുമ്പോള്‍ ആദ്ധ്യാത്മ രാമായണം കിളിപ്പാട്ട് അയോദ്ധ്യയില്‍ വീണ്ടുമൊരിക്കല്‍ കൂടി സപ്താഹമായി അവതരിപ്പിക്കണമെന്നാണ് അദ്ദേഹത്തിന്റെ ആഗ്രഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: