കണ്ണൂര്‍: സെന്‍ട്രല്‍ ജയിലില്‍ നിന്ന് ചാടിയ മയക്കുമരുന്ന് കേസിലെ കുറ്റവാളി അര്‍ഷാദിനെ കണ്ടെത്താന്‍ കണ്ണൂര്‍ എസിപി ടി.കെ. രത്നകുമാറിന്റെ നേതൃത്വത്തില്‍ പത്തംഗ പ്രത്യേക അന്വേഷണ സംഘം. അര്‍ഷാദ് സംസ്ഥാനം വിട്ടിരിക്കാമെന്നതിനാല് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. വിമാനത്താവളങ്ങളിലും നേപ്പാള്‍, ഭൂട്ടാന്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന മേഖലയിലെ ബിഎസ്എഫ് ഉള്‍പ്പെടെയുള്ള സേനകള്‍ക്കും വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ പത്രമെടുക്കാനെന്ന വ്യാജേന ജയില്‍ വളപ്പിലേക്കിറങ്ങിയ പ്രതി റോഡില്‍ ബൈക്കുമായി കാത്തിരുന്നയാള്ക്കൊപ്പം രക്ഷപ്പെടുകയായിരുന്നു. കര്‍ണാടക രജിസ്ട്രേഷന് വണ്ടിയായിരുന്നു. പ്രതിയെ ജയിലില്‍ സന്ദര്‍ശിച്ചവരെ കേന്ദ്രീകരിച്ചും അന്വേഷണമുണ്ട്. ജയിലില്‍ തടവുകാര്‍ക്ക് അടുത്ത ബന്ധു, അഭിഭാഷകന്, സുഹൃത്ത് എന്നിവരുടെ ഫോണുകളിലേക്കു മാത്രം വിളിക്കാനാണ് അനുമതിയുള്ളത്. പ്രതി ജയിലില്‍ നല്കിയ മൂന്നു ഫോണ്‍ നമ്പറുകളിലേക്കുമുള്ള കോള്‍ ഡീറ്റെയില്‍സും പോലീസ് ശേഖരിച്ചുവരികയാണ്.
തടവുകാര്‍ക്ക് ഡ്യൂട്ടി നിശ്ചയിച്ചതില്‍ ഗുരുതരമായ വീഴ്ച സംഭവിച്ചതായി തവനൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ട് വി. വിജയകുമാര്‍ നല്കിയ അന്വേഷണ റിപ്പോര്‍ട്ടിലുണ്ട്. പുറം ജോലിക്കും വെല്‍ഫെയര്‍ ഡ്യൂട്ടിക്കും ശിക്ഷാ കാലാവധി തീരാറായ തടവുകാരെയാണ് സാധാരണയായി നിശ്ചയിക്കുക. എന്നാല്‍ ശിക്ഷ തീരാന്‍ ഇനിയും ഒന്‍പത് വര്‍ഷം ബാക്കിയുള്ള അര്‍ഷാദിന് വെല്‍ഫെയര്‍ ഡ്യൂട്ടി നല്‍കിയതാണ് തടവുചാടാന്‍ അവസരമൊരുക്കിയതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയതായാണ് സൂചന. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെത്തി ജയിലുദ്യോഗസ്ഥര്‍, ജീവനക്കാര്‍, കാവല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് കമാന്‍ഡോകള്‍ എന്നിവരില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു.
തടവുകാരനെ ഒരു സുരക്ഷയുമില്ലാതെ ജയില്‍ വളപ്പിലേക്ക് വിട്ടത് ഗുരുതരമായ വീഴ്ചയെന്നാണ് വിലയിരുത്തല്‍. ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് മേലുദ്യോഗസ്ഥര്‍ക്ക് സമര്‍പ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: