(അന്നപ്രാശന സംസ്‌കാരം തുടര്‍ച്ച)
വിശേഷാല്‍ ആഹുതി
ഗായത്രീമന്ത്രത്തിന്റെ ആഹുതികള്‍ നല്‍കിയശേഷം മുമ്പേ തയ്യാറാക്കിയ പായസം കൊണ്ട് അഞ്ച് ആഹുതികള്‍ താഴെ കൊടുത്തിരിക്കുന്ന മന്ത്രത്തോടെ നല്‍കുക. ആ പായസം യജ്ഞഭഗാവന്റെ പ്രസാദമായിത്തീരുകയാണെന്നു സങ്കല്പിക്കുക.
ഓം ദേവീം വാചമജനയന്ത
ദേവാഃ, താം വിശ്വരൂപാഃ
പശവോ വദന്തി, സാ നോ
മന്ദ്രേഷമൂര്‍ജം ദുഹാനാ,
ധേനുര്‍വാഗസ്മാനുപ
സുഷ്ടുതൈതു സ്വാഹാ
ഇദം വാചേ ഇദം ന മമ
അന്നപ്രാശനം
ആഹുതികള്‍ നല്‍കിക്കഴിഞ്ഞ് ശേഷിച്ച പായസം കൊണ്ട് കുട്ടിയെ അന്നപ്രാശനം ചെയ്യിക്കുക.
ശിക്ഷണവും പ്രേരണയും:
‘യഥാ അന്നം തഥാ മനം’ എന്ന ആപ്തവചനം സര്‍വവിദിതമാണല്ലോ. ‘ആഹാരശുദ്ധൗ സത്വശുദ്ധി’ എന്ന ശാസ്ത്രവചനവും വിജ്ഞജനങ്ങള്‍ക്ക് അറിയാവുന്നതാണ്. അതിനാല്‍ അന്നത്തെ സംസ്‌കരിച്ചുനല്‍കേണ്ടത് ആവശ്യമാണ്.
അന്നത്തിന്റെ രൂപവും നിറവും സ്വാദും ഗുണധര്‍മ്മങ്ങളും വ്യത്യസ്തമാണ്. ഇത് എല്ലാവര്‍ക്കും അറിയാവുന്നതുമാണ്. യജ്ഞമയമായ ഭാവന മുഖേന അവയിലെ സംസ്‌കാരങ്ങളുടെ സംശോധനവും നൂതനീകരണവും സാദ്ധ്യമാണ്. അതിനാല്‍ യജ്ഞത്തിലെ അവശേഷിച്ച അന്നംകൊണ്ട് അന്നപ്രാശനം നടത്തുന്നു. ഇത് ഒരു സങ്കേതം മാത്രമാണ്. ഈ പദ്ധതി സ്വാഭാവികജീവിതത്തിലും പാലിക്കണം. ബലിവൈശ്വവും നൈവേദ്യവും അര്‍പ്പിച്ചുകഴിഞ്ഞ് ആഹാരം കഴിക്കുന്ന പാരമ്പര്യം ഇതുകൊണ്ടാണ് നടപ്പിലാക്കിയിരിക്കുന്നത്.
ഗീതയില്‍ ഇപ്രകാരം പറഞ്ഞിരിക്കുന്നു:
യജ്ഞാശിഷ്ടാമൃതഭുജോ
യാന്തി ബ്രഹ്മ സനാതനം
നായം ലോകോളസ്ത്യയജ്ഞസ്യ
കുതോളന്യഃ കുരുസത്തമ
‘യജ്ഞത്തില്‍നിന്നുശേഷിച്ച അന്നം ഭക്ഷിക്കുന്നവര്‍ ശാശ്വതമായ ബ്രഹ്മത്തെ പ്രാപിക്കുന്നു. ഇങ്ങനെ ചെയ്യാത്തവന് ഈ ലോകത്തുതന്നെ സദ്ഗതി കിട്ടുന്നില്ല. പിന്നെ പരലോകത്തെ കാര്യം എന്തുപറയാനാണ്.’ ഈ വചനത്തിന്റെ അര്‍ത്ഥം ശ്രേഷ്ഠമായ സംസ്‌കാരം കലര്‍ന്ന അന്നമാണ് ഗ്രഹിക്കേണ്ടത് എന്നാണ്. ഈ വസ്തുത മനസ്സിലാക്കുകയും ജീവിതത്തില്‍ അനുവര്‍ത്തിക്കുകയും വേണം. കുട്ടികള്‍ക്ക് സ്വാദിഷ്ടവും ആരോഗ്യദായകവുമായ ആഹാരത്തേപ്പോലെത്തന്നെ ശുഭസംസ്‌കാരയുക്തമായ അന്നവും ലഭ്യമാക്കിക്കൊടുക്കാന്‍ ശ്രമിക്കണം.
യജ്ഞത്തില്‍നിന്നു ശേഷിച്ച ആഹാരമേ കഴിക്കാവൂ. കുട്ടിയുടെ വായില്‍ ആദ്യമായി അന്നം നല്‍കുന്നതോടെ ഈ വസ്തുത ബോധിപ്പിക്കുകയാണ് ചെയ്യുന്നത്. നമ്മുടെ വരുമാനത്തില്‍ നിന്ന് ആദ്യത്തെ ഭാഗം സാമൂഹ്യോന്നമനത്തിന്റെ ആവശ്യത്തിലേയ്‌ക്കുപയോഗിക്കണം. നമ്മുടെ വരുമാനത്തിന്റെ ഉപയോഗം ഏറ്റവും ആദ്യം നമ്മളേക്കാള്‍ അവശരും ദുഃഖിതരും ഗതിയില്ലാത്തവരുമായ ആളുകള്‍ക്ക് ആശ്വാസം പകരാനായി ചെയ്യണം. പണമോ സമയമോ വെറുതെ മിച്ചം വന്നാല്‍ എന്തെങ്കിലും നല്ല കാര്യത്തിനുവേണ്ടി കൊടുത്തേക്കാം എന്ന ചിന്ത ധര്‍മ്മവിരുദ്ധമാണ്. ജനനന്മയ്‌ക്കു മുന്‍ഗണന നല്‍കുക എന്നതാണ് മനുഷ്യത്വത്തിന്റെ അര്‍ത്ഥം. ദാനം ചെയ്യുന്നത് ആരുടേയും മേല്‍ ഔദാര്യം കാണിക്കലല്ല, അതു ധര്‍മ്മത്തിന്റെ ഉല്പാദനനികുതി ആണ്. എപ്രകാരം ഉല്പാദനനികുതി അടയ്‌ക്കാതെ ചരക്ക് ഫാക്ടറിക്കു പുറത്തുകൊണ്ടുപോകാന്‍ അനുവാദം ഇല്ലയോ, അതേ പ്രകാരം ജനനന്മയ്‌ക്കുവേണ്ടിയുള്ള സംഭാവന നല്‍കാതിരുന്നാല്‍ ശരീരവും മനസ്സും ധനവും അശുദ്ധവും അനുപയോഗ്യവുമായി കഴിയുന്നു.
ഇതുപോലെയുള്ള അയോഗ്യമായ ഉപയോഗം അനഭിലഷണീയവും ധര്‍മ്മവിരുദ്ധവുമായിട്ടാണ് പരിഗണിക്കപ്പെട്ടിരിക്കുന്നത്. നിയമത്തില്‍ ഇതിനു ശിക്ഷ കല്പിച്ചിട്ടില്ലെങ്കിലും ദൈവികവ്യവസ്ഥയില്‍ ഇത് ശിക്ഷാര്‍ഹമാണ്. പായസം ഊട്ടുന്ന സമയത്ത് മാതാപിതാക്കള്‍ അധികമാത്രയുടേയും അയോഗ്യമായ ആഹാരത്തിന്റെയും അപകടം മനസ്സിലാക്കുകയും കുട്ടിയെ എന്തും ഊട്ടുന്ന സമയത്തും ഇക്കാര്യത്തില്‍ ശ്രദ്ധിക്കുകയും ചെയ്യണമെന്ന കാര്യം സകല മാതാപിതാക്കളുടേയും ശ്രദ്ധയില്‍പ്പെടുത്തുന്നു. ആഹാരം കൊടുക്കുകയും ഊട്ടുകയും ചെയ്യുന്നതിന്റെ ചുമതല കുറച്ചുപേരുടെ മേല്‍ മാത്രമേ ആകാവൂ. ആരെങ്കിലും എന്തെങ്കിലും എപ്പോള്‍ വേണമെങ്കിലും കുട്ടിയുടെ വായില്‍ കയറ്റിക്കൊടുക്കുന്നതിനെ നിരോധിച്ചിരിക്കേണ്ടത് കുട്ടിയുടെ ജീവിതരക്ഷാപരമായ ദൃഷ്ടിയില്‍ മഹത്വമേറിയ സംഗതിയാണ്. ഇതിനുവേണ്ടി വീട്ടിലെ അന്തരീക്ഷം ആകമാനം മാറ്റേണ്ടതാണ്. മുളകും മസാലകളും തിന്നും, ചായയും കാപ്പിയും കുടിച്ചും കുട്ടി തന്റെ കുടലും രക്തവും ചീത്തയാക്കരുത്. ഇങ്ങനെ ആഗ്രഹിക്കുന്നുവെങ്കില്‍ കുട്ടിയുടെ ആഹാരത്തില്‍നിന്നു മാത്രമല്ല, വീട്ടിലെ സകലരുടേയും ആഹാരത്തില്‍നിന്ന് ഇത്തരം അയോഗ്യമായ വസ്തുക്കള്‍ നീക്കം ചെയ്യണം. അല്ലാത്തപക്ഷം താമസിയാതെ മറ്റുള്ളവരെ അനുകരിച്ചു കുട്ടിയും അക്കാര്യങ്ങളെല്ലാം ശീലിക്കും. വീട്ടിലെ അന്തരീക്ഷം എപ്രകാരമുള്ളതാണോ, മറ്റുള്ളവരുടെ ശീലങ്ങള്‍ എന്തൊക്കെയാണോ, അവയില്‍നിന്ന് കുട്ടികളെ ഒഴിവാക്കാന്‍ സാദ്ധ്യമല്ല.
ക്രിയയും ഭാവനയും:
പായസത്തിന്റെ അല്പം അംശം സ്പൂണ്‍ കൊണ്ടെടുത്ത് മന്ത്രം ചൊല്ലുന്നതോടെ കുട്ടിയുടെ വായില്‍ കൊടുക്കുക. യജ്ഞാവശിഷ്ടമായ ആ പായസം അമൃതതുല്യമായ ഗുണങ്ങള്‍ കലര്‍ന്നതാണെന്നും അതു കുട്ടിയുടെ ശാരീരികാരോഗ്യവും മാനസികസന്തുലനവും വൈചാരിക ഉല്‍കൃഷ്ടതയും സ്വഭാവശുദ്ധിയെപ്പറ്റി വിശ്വസനീയതയും നേടാനുള്ള മാര്‍ഗ്ഗം തെളിക്കുമെന്നും സങ്കല്പിക്കുക.
ഓം അന്നപതേളന്നസ്യ നോ
ദേഹ്യനമീവസ്യ ശുഷ്മിണഃ
പ്രപ്രദാതാരം താരിഷളഊര്‍ജ്ജം
നോ ധേഹി ദ്വിപദേ ചതുഷ്പദേ
ഇതിനുശേഷം സ്വിഷ്ടകൃതഹോമം മുതല്‍ വിസര്‍ജ്ജനം വരെയുള്ള കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കുക. വിസര്‍ജ്ജനത്തിനു മുമ്പായി സകലരും കുട്ടിയെ ആശീര്‍വദിക്കുക. വിസര്‍ജ്ജനവും ജയഘോഷവും കഴിഞ്ഞ് പരിപാടി സമാപിപ്പിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക