സൗമ്യമെങ്കിലും സമരഭൂമിയിലേക്ക് തീര്‍ത്തും രാജകീയമായിരുന്നു ആ വരവ്. രാജമാതാ വിജയരാജെ സിന്ധ്യ… പ്രക്ഷോഭത്തീയാളിയ നാളുകളില്‍ സംഘര്‍ഷഭരിതരായ ആള്‍ക്കൂട്ടത്തിനിടയിലേക്ക് കൊട്ടാരം വിട്ടിറങ്ങിയ ഗ്വാളിയോര്‍ മഹാറാണി… അത് രാമജന്മഭൂമി വിമോചനത്തിനായി നൂറ്റാണ്ടുകളായി നടന്ന പോരാട്ടങ്ങളിലെ രാജകീയ സാന്നിധ്യങ്ങളുടെ തുടര്‍ച്ച തന്നെയായിരുന്നു.
മുഗള്‍ അക്രമകാരി ബാബറിന്റെ കിങ്കരന് മിര്‍ബക്കി അയോദ്ധ്യയിലെ രാമക്ഷേത്രം 1528ല്‍ തകര്‍ത്തതുമുതല്‍ നാട്ടുരാജാക്കന്മാര് ജനങ്ങളെ ചേര്‍ത്തു നടത്തിയ ചെറുത്തുനില്പിന്റെ തുടര്‍ച്ച. മഹന്ത് ദിഗ്വിജയനാഥിനും കെ.കെ. നായര്‍ക്കുമൊപ്പം മഹാരാജ് പാതേശ്വരി പ്രസാദ് സിങ് നടത്തിയ രാമക്ഷേത്രസമുദ്ധാരണശ്രമങ്ങളുടെ തുടര്‍ച്ച…
എണ്‍പതുകളില്‍ രാമജന്മഭൂമി വിമോചനപ്രസ്ഥാനം കരുത്താര്‍ജിച്ചപ്പോള്‍ രാജമാതാ ആ മുന്നേറ്റത്തിന്റെ ഭാഗമായി. സമരാങ്കണത്തിലാകെ തീ പടര്‍ത്തിയ രണ്ട് യുവസംന്യാസിനിമാരെ പ്രക്ഷോഭത്തിന്റെ ഭാഗമാക്കിയത് രാജമാതാ ആയിരുന്നു. ഉമാഭാരതിയും സാധ്വി ഋതംഭരയും അക്കാലം വിജയരാജെസിന്ധ്യക്ക് അത്രമേല്‍ പ്രിയപ്പെട്ടവരായിരുന്നു.
1919 ഒക്ടോബര്‍ 12 ന് സാഗറിലെ റാണ കുടുംബത്തിലാണ് ലേഖ ദിവ്യേശ്വരി ദേവി എന്ന വിജയരാജെ പിറന്നത്. നേപ്പാള്‍ മഹാരാജാവ് മഹേന്ദ്രസിങ് ഠാക്കൂറിന്റെ മകള്‍. 1941 ഫെബ്രുവരി 21ന് ഗ്വാളിയോറിലെ മഹാരാജ ജിവാജി റാവു സിന്ധ്യയെ വിവാഹം കഴിച്ചതോടെ വിജയരാജെ ഗ്വാളിയോറിന്റെ റാണിയായി. ഗ്വാളിയോര്‍ പ്രദേശം അടക്കിവാണ പ്രൗഢിയുടെ പേരായിരുന്നു ജിവാജി റാവുവിന്റേത്. വിജയരാജെയുടെ വരവോടെ ഗ്വാളിയോര്‍ കൊട്ടാരം ജനങ്ങള്‍ക്ക് ഏറെ പ്രിയപ്പെട്ടതായി.
പുതിയ മഹാറാണിയുടെ വാത്സല്യം ജനങ്ങളെ കൊട്ടാരത്തിലേക്ക് അടുപ്പിച്ചു. ആ മാതൃവാത്സല്യമാണ് സമാജത്തിലെ എല്ലാ വിവേചനങ്ങളുടെയും കെട്ടുകള്‍ പൊട്ടിച്ചത്. പിന്നാക്കത്തില്‍ പിന്നാക്കമായവര്‍ക്ക് രാജമാതാ വിദ്യാഭ്യാസത്തിന് അവസരമൊരുക്കി. അതിനെതിരെ അകത്തളങ്ങളില്‍ ഉയര്‍ന്ന അഭിപ്രായങ്ങളെ അവര്‍ വകവച്ചില്ല. ഏകമകന് മാധവറാവു സിന്ധ്യ എതിര്‍പ്പിന്റെ സ്വരം ഉയര്‍ത്തിയപ്പോഴും രാജമാതാ അതിനെ സ്നേഹം കൊണ്ടു മറികടന്നു. ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ അടിച്ചേല്പിച്ചപ്പോള് അതിനെതിരെ പോരാടി വിജയരാജെസിന്ധ്യ ജയിലില്‍ പോയി. സമരവും സ്നേഹവും വിജയരാജെയുടെ പര്യായങ്ങളായി.
കാശി, മഥുര, അയോദ്ധ്യ… രാജ്യത്തിന്റെ പ്രേരണാകേന്ദ്രങ്ങളാണ് ഈ മൂന്ന് പുണ്യകേന്ദ്രങ്ങളെന്ന് രാജമാതാ പ്രഖ്യാപിച്ചു. 1989ല്‍ ഹിമാചലിലെ പാലംപൂരില്‍ ഭാരതീയ ജനതാ പാര്‍ട്ടിയുടെ ദേശീയ എക്സിക്യൂട്ടീവ് സമ്മേളനം നടക്കുമ്പോള്‍ വിജയരാജെ സിന്ധ്യയാണ് ശ്രീരാമ ജന്മഭൂമിയില് മഹാക്ഷേത്രം എന്ന നിര്‍ദ്ദേശം ഉയര്‍ത്തിയത്. രാഷ്ട്രത്തിന്റെ രാഷ്ട്രീയദിശയാകെ മാറ്റിയ നിര്‍ദ്ദേശമായിരുന്നു അത്. സമ്മേളനത്തിലെ പ്രഖ്യാപനത്തിലൊതുങ്ങിയില്ല ഗ്വാളിയോര്‍ മഹാറാണിയുടെ സാന്നിധ്യം. 1990 സപ്തംബറില്‍ സോമനാഥില്‍ നിന്ന് ലാല്‍കൃഷ്ണ അദ്വാനിയുടെ നേതൃത്വത്തില്‍ അയോദ്ധ്യയിലേക്ക് രഥയാത്ര പുറപ്പെട്ടപ്പോള്‍ രാജമാതാ അവിടെയെത്തി. സമ്മേളനങ്ങളില്‍ സൗമ്യമെങ്കിലും ഉറപ്പുള്ള വാക്കുകളില്‍ വിശ്വാസത്തിന്റെ പ്രൗഢമായ ആഴം അവര്‍ ജനങ്ങളുടെ മുന്നില്‍ വരച്ചിട്ടു.
രാമന് വിശ്വാസമാണ്. രാമന് ആദര്‍ശമാണ്. രാമന് രാഷ്ട്രമാണ്… രാമന് ജനിച്ചോ ഇല്ലയോ എന്ന്, രാമന്റെ ജന്മഭൂമി അയോദ്ധ്യയാണോ അല്ലയോ എന്ന് നിശ്ചയിക്കുന്നത് കോടതിയല്ല. അത് രാമനില്‍ ജീവിക്കുന്ന ജനങ്ങള്‍ തീരുമാനിക്കും… വാക്കുകള്‍ ശാന്തമായിരുന്നെങ്കിലും അതുണ്ടാക്കിയ ആവേശം ചെറുതായിരുന്നില്ല.
1992 ഡിസംബര്‍ ആറിന് നിര്‍ണായകമായ കര്‍സേവയില്‍ പങ്കെടുക്കാന്‍ അയോദ്ധ്യയിലേക്ക് പോകാനും രാജമാതാ തയാറായി. സമരം സംഘര്‍ഷത്തിലേക്ക് നീങ്ങുമെന്നും രാജമാതാ അവിടേക്ക് വരേണ്ടതില്ലെന്നും നിര്‍ദേശമുണ്ടായിരുന്നെങ്കിലും രാമകാര്യത്തിനായി ഞാനും ഉണ്ടാകുമെന്നായിരുന്നു മറുപടി. അയോദ്ധ്യയിലെ രാംകഥാകുഞ്ജിന്റെ വേദിയിലെത്തി രാജമാതാ കര്‍സേവകരോട് സംസാരിച്ചു.
കെട്ടിടം തകര്‍ത്ത കേസില്‍ വിജയരാജെസിന്ധ്യയും പ്രതിയായി. അതൊരു അഭിമാനകരമായ കാര്യമാണെന്നായിരുന്നു പ്രതികരണം. ആ കേസില്‍ എന്റെ പേരുണ്ടായിരുന്നില്ലെങ്കില്‍ മനസ് തകരുമായിരുന്നു. രാമന് വേണ്ടി ജയിലില്‍ പോകാനല്ല, മരിക്കാനും മടിയില്ലാത്തവരുടെ കൂടെ എന്റെ പേരുണ്ടായില്ലെങ്കില് പിന്നെ ജീവിച്ചിട്ടെന്തിന് എന്നായിരുന്നു രാജമാതായുടെ ചോദ്യം.
എണ്‍പത്തൊന്നാം വയസില്‍ യുഗാന്ത്യംപോലെ രാജമാതാ വിടപറയുമ്പോള്‍ ഒഴുകിയെത്തിയ മഹാസാഗരം വിളിച്ച മുദ്രാവാക്യങ്ങളിലൊന്ന് സീതാദേവി കൈസൈ ഹോ രാജ്മാതാ ജൈസാ ഹോ എന്നായിരുന്നു… അത്രമേല്‍ ആഴത്തില്‍ രാമനില്‍ ചേര്‍ന്നതായിരുന്നു ആ സമരഭരിത ജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: