കൊച്ചി: അമൃതഭാരതീവിദ്യാപീഠം കേരളത്തിലെ 88 താലൂക്കുകളിലും ദല്‍ഹി, ജിസിസി എന്നിവിടങ്ങളില്‍ 28 കേന്ദ്രങ്ങളിലുമായി നടത്തിയ സാംസ്കാരിക പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
അമൃതഭാരതീവിദ്യാപീഠത്തിന്റെ മൂന്നാംവര്‍ഷ പരീക്ഷയായ ഭാരതീപരീക്ഷയില് ആദ്യ മൂന്ന് റാങ്കുകള്‍ ഷബ്ന വലിയപറമ്പത്ത് (യുഎഇ) 81%, അനുശ്രീ എ (കൊല്ലം) 80%, ഷിനി പി.വി (ദല്‍ഹി) 75% എന്നിവര്‍ കരസ്ഥമാക്കി.
രണ്ടാം വര്‍ഷ പരീക്ഷയായ സന്ദീപനി പരീക്ഷ എഴുതിയവരില്‍ 84 %. ഒന്നാം വര്‍ഷ പരീക്ഷകളായ ബാലപ്രബോധിനി എഴുതിയവരില്‍ 93 % പ്രൗഢപ്രബോധിനി എഴുതിയവരില്‍ 98.5 % എന്നിങ്ങനെയാണ് വിജയശതമാനം. ഉത്തമ, മദ്ധ്യമ, സാമാന്യ ശ്രേണികളില്‍ വിജയിച്ച 2642 പരീക്ഷാര്‍ത്ഥികള്‍ അടുത്ത ഘട്ടം പരീക്ഷകള്‍ക്ക് യോഗ്യത നേടിയതായി അമൃതഭാരതീവിദ്യാപീഠം അറിയിച്ചു.
ഒന്നാം വര്‍ഷ പരീക്ഷകളായ ബാലപ്രബോധിനി/പ്രൗഢപ്രബോധിനി, രണ്ടാം വര്‍ഷ പരീക്ഷയായ സന്ദീപനി അവസാനവര്‍ഷ പരീക്ഷയായ ഭാരതീ എഴുത്ത്- വാചാപരീക്ഷകളുടെ ഫലമാണ് പ്രസിദ്ധപ്പെടുത്തിയത്.
രാമമംഗലം ഷഡ്കാലഗോവിന്ദമാരാര്‍ പ്രതിമയില്‍ പുഷ്പാര്‍ച്ചനയോടെ നടന്ന ഫലപ്രഖ്യാപന ചടങ്ങില്‍ അമൃതഭാരതീവിദ്യാപീഠം പരീക്ഷ സഞ്ചാലകന് ഡോ.പി.എന്‍.സുദര്ശന്, പരീക്ഷാസഞ്ചാലക സമിതിയംഗവും സെന്റ് പീറ്റേഴ്സ് കോളജ് അസിസ്റ്റന്റ് പ്രൊഫസര്‍ കെ. ശ്രീനിവാസന്, അമൃതഭാരതീവിദ്യാപീഠം സംസ്ഥാന പൊതുകാര്യദര്‍ശി കെ.ജി. ശ്രീകുമാര്‍ എന്നിവര്‍സംസാരിച്ചു.
ഫെബ്രുവരി 15 മുതല്‍ ലോകമാതൃഭാഷാദിനമായ ഫെബ്രുവരി 21 വരെ അതാത് താലൂക്കുകളില്‍ സംഘടിപ്പിക്കുന്ന മാതൃഭാഷാഭിമാനസംഗമങ്ങളില് ബാലപ്രബോധിനി, പ്രൗഢപ്രബോധിനി, സന്ദീപനി പരീക്ഷകളില്‍ വിജയിച്ചവര്‍ക്ക് സാക്ഷ്യപത്രങ്ങള്‍ വിതരണം ചെയ്യും.
ഫെബ്രുവരി 25ന് മലപ്പുറം ജില്ലയിലെ താനൂര്‍ അമൃതവിദ്യാലയത്തില്‍ നടക്കുന്ന ആശീര്‍വാദസഭയില്‍ ഭാരതീ പരീക്ഷയില്‍ വിജയിച്ചവര്‍ക്ക് ഭാരതീ ബിരുദം നല്കി ആദരിക്കുകയും റാങ്ക് ജേതാക്കളെ അനുമോദിക്കുകയും ചെയ്യുമെന്ന് അമൃതഭാരതീവിദ്യാപീഠം അറിയിച്ചു. പരീക്ഷാഫലം www.amrithabharathi.org എന്ന വെബ്സൈറ്റില്‍ ലഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: