(അന്നപ്രാശന സംസ്കാരം തുടര്‍ച്ച)
അന്നസംസ്കാരം
ശിക്ഷണവും പ്രേരണയും:
കുട്ടിയെ പേയപദാര്ത്ഥങ്ങളില്നിന്ന് അന്നപദാര്ത്ഥങ്ങളിലേയ്ക്കു കൊണ്ടുവരുമ്പോള്‍ ലേഹ്യരൂപത്തിലുള്ള (നക്കിത്തിന്നാവുന്ന) പായസം ഊട്ടുകയാണ് ചെയ്യുന്നത്. ഇതു പേയത്തിനും ഖാദ്യത്തിനും ഇടയ്ക്കുള്ള സ്ഥിതിയാണ്. അതായത് കുട്ടിയുടെ പ്രായം, ദഹനശക്തി, ആവശ്യം എന്നിവ പരിഗണിച്ചുവേണം ആഹാരം നിശ്ചയിക്കേണ്ടത്. തോന്നുമ്പോള്‍ തോന്നുന്നത് ഊട്ടുന്നത് ശരിയല്ല.
പായസത്തിന്റെ കൂടെ തേന്‍, നെയ്യ്, തുളസിയില, ഗംഗാജലം എന്നിവ കൂട്ടിച്ചേര്‍ക്കുന്നു. ഇവയെല്ലാം പോഷകഗുണമുള്ളതും രോഗനാശകവും പവിത്രമായ ആദ്ധ്യാത്മികഗുണ വര്‍ദ്ധകവുമാണ്. വിശേഷിച്ച് പായസം സുപാച്യവും സമീകൃതവുമായ ആഹാരത്തിന്റെയും തേന്‍ മാധുര്യത്തിന്റെയും നെയ്യ് സ്നേഹത്തിന്റെയും തുളസിയില വികാരനാശത്തിന്റെയും ഗംഗാജലം പവിത്രതയുടേയും പ്രതീകമാണ്. ആഹാരത്തില്‍ സകല ശുഭസംസ്കാരങ്ങളെയും ജാഗരൂകമാക്കേണ്ടത് ആവശ്യമാണ്. മന്ത്രോച്ചാരണത്തോടെ എല്ലാ സാധനങ്ങളും പാത്രത്തില്‍ കൂട്ടിച്ചേര്‍ക്കുന്നു. ആഹാരം പാകം ചെയ്യുമ്പോള്‍ മനസ്സില്‍ സദ്ഭാവനകളും ശുഭവിചാരങ്ങളും ശ്രേഷ്ഠസങ്കല്പങ്ങളും നിലനിര്‍ത്തണം. അന്നത്തിനും ജലത്തിനും ഭാവനകളെ അധിഗ്രഹിക്കാനുള്ള പ്രത്യേക കഴിവുണ്ട്. അതുകൊണ്ടാണ് ആഹാരം പാകം ചെയ്യുമ്പോഴും വിളമ്പുമ്പോഴും മനസ്സില്‍ പ്രസന്നതയും ഈശ്വരനോട് സമര്‍പ്പണഭാവവും ഉണ്ടായിരിക്കണമെന്ന് കല്പിച്ചിരിക്കുന്നത്.
ഉപയോഗിക്കാന്‍വേണ്ടി ആവശ്യമനുസരിച്ച് മുഖ്യപാത്രത്തില്നിന്ന് എല്ലാ വസ്തുക്കളും കുറേശ്ശെ എടുക്കുന്നു. എത്രയും ആവശ്യമാണോ, അത്രയുംമാത്രം പദാര്‍ത്ഥം എടുക്കുക എന്നതാണ് ആശയം. കൂടുതല്‍ എടുക്കുന്നപക്ഷം ഒന്നുകില്‍ ഉച്ഛിഷ്ടമാക്കി മിച്ചം വച്ച് അതിനെ അവഹേളിക്കുകയോ, അല്ലെങ്കില്‍ കൂടുതല്‍ ഭക്ഷിച്ച് വയറിന്റെ സ്ഥിതി തകരാറിലാക്കുകയോ ചെയ്യാനാണ് സാദ്ധ്യത. രണ്ട് അവസ്ഥയും ഒഴിവാക്കി വേണ്ടുന്നത്രയും മാത്രം ആഹാരം എടുക്കുകയും ഭക്ഷിക്കുകയും ചെയ്യണം.
ക്രിയയും ഭാവനയും:
താഴെ കൊടുത്തിരിക്കുന്ന മന്ത്രം ചൊല്ലുന്നതോടെ അന്നപ്രാശനത്തിനായി വച്ചിരിക്കുന്ന പാത്രത്തില്‍ ഭാവനാപൂര്‍വ്വം ഓരോന്നായി എല്ലാ വസ്തുക്കളും എടുത്ത് ഇളക്കിച്ചേര്‍ക്കുക. പാത്രത്തില്‍ പായസം ഒഴിക്കുക. ഇതിന്റെ അളവ്, അഞ്ച് ആഹുതികള്‍ നല്‍കാനും അതിനുശേഷം അല്പം കുട്ടിയുടെ നാവില്‍ വച്ചുകൊടുക്കാനും വേണ്ടത്രയേ ആകാവൂ. ഈ അന്നം ദിവ്യസംസ്കാരങ്ങളെ ഗ്രഹിച്ച് അവയെ കുട്ടിയില്‍ സ്ഥാപിക്കാന്‍ പോകുകയാണെന്നു ഭാവിക്കുക.
ഓം പയഃ പൃഥിവ്യാം
പയളഓഷധീഷു പയോ
ദിവ്യന്തരീക്ഷേ പയോധാഃ
പയസ്വതീഃ പ്രദീശഃ സന്തു മഹ്യം
പാത്രത്തിലെ പായസത്തോടൊപ്പം അല്പം തേന്‍ ചേര്‍ക്കുക. ഈ മധു അതിനെ സ്വാദിഷ്ടമാക്കുന്നതോടൊപ്പം കുട്ടിയുടെ വാണിയിലും പെരുമാറ്റത്തിലും ശീലത്തിലും മാധുര്യം വര്‍ദ്ധിക്കുമെന്നും സങ്കല്പിക്കുക.
ഓം മധുവാതാ ഋതായതേ
മധുക്ഷരന്തി സിന്ധവഃ,
മാധ്വീര്നഃ സന്തോഷധീഃ
ഓം മധു നക്തമുതോഷസോ
മധുമത്പാര്ഥിവ രജഃ
മധുദ്യൗരസ്തു നഃ പിതാ
ഓം മധുമാന്നോ വനസ്പതിര്
മധുമാളസ്തു സൂര്യഃ,
മാധ്വീര്‍ഗാവോ ഭവന്തു നഃ
ഇനി അല്പം നെയ്യ് ഒഴിക്കുക. മന്ത്രം ചൊല്ലുമ്പോള്‍ ഇളക്കിച്ചേര്‍ക്കുക. ഈ നെയ്യ് പരുഷത്വം അകറ്റി സ്നിഗ്ദ്ധത പ്രദാനം ചെയ്യുന്നു. ഈ പദാര്‍ത്ഥം കുട്ടിയുടെ ഉള്ളില്‍ ശുഷ്കത മാറ്റി സ്നേഹവും സ്നിഗ്ദ്ധതയും സൗമ്യതയും പ്രസരിപ്പിക്കുന്നു.
പാത്രത്തില്‍ തുളസിയിലയുടെ നുറുക്കുകള്‍ മന്ത്രം ചൊല്ലുന്നതോടെ ഇട്ടുകൂട്ടി ഇളക്കുക. ഈ ഔഷധത്തിനു ശാരീരികരോഗങ്ങളെ മാത്രമല്ല, അധിദൈവികവും ആദ്ധ്യാത്മികവും ആയ രോഗങ്ങളെയും ശമിപ്പിക്കാനുള്ള ശക്തിയുണ്ട്. ഇതുതന്നെപ്പോലെ തന്നെ ഈശ്വരനുവേണ്ടി സമര്‍പ്പിക്കപ്പെടാനുള്ള സംസ്കാരം കുട്ടിക്കു പ്രദാനം ചെയ്യുന്നു.
ഓം യാ ഓഷധിഃ പൂര്‍വാ ജാതാ
ദേവേഭ്യസ്ത്രീയുഗം പുരാ
മനൈ നു ബഭ്രൂണാമഹ ശതം
ധാമാനി സപ്ത ച
ഇനി ഗംഗാജലത്തിന്റെ ഏതാനും തുള്ളികള്‍ ഇതില്‍ ഒഴിച്ചു ഇളക്കുക. പതിതപാവനിയായ ഗംഗ ആഹാരത്തിലെ പാപവൃത്തികളെ നശിപ്പിച്ച് അതില്‍ പുണ്യസംവര്ദ്ധനത്തിന്റെ സംസ്കാരം ഉല്പാദിപ്പിക്കുന്നു. ഈ ഭാവനയോടെ സ്പൂണ്‍കൊണ്ട് ഇളക്കിയോജിപ്പിക്കുക. എപ്രകാരം ഈ വിഭിന്നവസ്തുക്കള് ഒന്നായിത്തീര്‍ന്നുവോ അതേപ്രകാരം വിഭിന്നശ്രേഷ്ഠ സംസ്കാരങ്ങള്‍ കുട്ടിക്ക് സമഗ്രവും ശ്രേഷ്ഠവുമായ വ്യക്തിത്വം പ്രദാനം ചെയ്യട്ടെ.
ഓം പഞ്ച നദ്യഃ സരസ്വതീം
അപി യന്തി സസ്രോതസഃ
സരസ്വതീ തു പഞ്ചധാ
സോ ദേശേളഭവത്സരിത്
എല്ലാ വസ്തുക്കളും ചേര്‍ന്ന മിശ്രണം പൂജാവേദിക്കു മുമ്പിലായി സംസ്കാരത്തിനായി വയ്ക്കുക. ഇതിനുശേഷം അഗ്നിസ്ഥാപനം മുതല്‍ ഗായത്രീമന്ത്രാഹുതി വരെയുള്ള വിധികള്‍ ചെയ്തുതീര്‍ക്കുക.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: