തിരുവനന്തപുരം: നോവലിന്റെ പശ്ചാത്തല വേദിയില്‍ പ്രകാശന ചടങ്ങ്. ആദ്യ പ്രതി ഏറ്റുവാങ്ങാന്‍ കഥാ പാത്രങ്ങളിലൊരാള്. പി ഉപേന്ദ്രന്റെ നോവല്‍ ‘ചമേല്, ഒരു മനുഷ്യ ബോണ്‍സായി’യുടെ പ്രകാശന ചടങ്ങ് വേറിട്ട കാഴ്ചകള്‍ സമ്മാനിച്ചു. വഞ്ചിയൂരിലെ പ്രശസ്തമായ ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാലയിലായിരുന്നു പ്രകാശന ചടങ്ങ്. വേറിട്ട വായനാനുഭവം നല്കുന്ന നോവല്‍ ചരിത്ര പണ്ഡിതന് എം ജി ശശിഭൂഷന്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ജന്മഭൂമി മുന്‍ ചീഫ് എഡിറ്ററുമായ പി നാരായണന് നല്‍കിയാണ് പ്രകാശനം നിര്‍വഹിച്ചത്. തിരുവിതാംകൂറിന്റെ ചരിത്രം വിവരിക്കുന്ന നോവലില്‍ പലസ്ഥലങ്ങളില്‍ നൂറ്റാണ്ടു പിന്നിട്ട ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാല പശ്ചാത്തലമാകുന്നുണ്ട്. രാഷ്ട്രീയ ആക്ഷേപ ഹാസ്യം കൂടിയായ നോവലില്‍ ആര്‍എസ്എസ് പ്രചാരകനായിരുന്ന പി നാരായണനും കഥാപാത്രമായി വരുന്നുണ്ട്. കഥ തുടങ്ങുന്ന കാലത്ത് തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥി ജീവിതം അദ്ദേഹം നയിച്ചിരുന്നു.
സി വി രാമന്‍പിളളയുടെ ചരിത്രാഖ്യായികളുടെ തുടര്‍ച്ചയും ഒപ്പം നില്‍ക്കുന്നതുമാണ് ഈ നോവലെന്ന് ശശിഭൂഷന്‍ പറഞ്ഞു. ചരിത്രസംഭവങ്ങളേയും കല്പ്പിതകഥയേയും മനോഹരമായി കൂട്ടിയിണക്കി എഴുതിയിരിക്കുന്ന നോവലിലെ നായക കഥാപാത്രം ദളിതനാണ്. അതിനാല്‍ ദളിത് പക്ഷ നോവലിന്റെ ഗണത്തില്‍ ഉപേന്ദ്രന്റെ നോവലിനെ പെടുത്താം. ദളിത് ജീവിതവും ദളിത് സ്വത്വവും പ്രകാശിപ്പിക്കുന്ന മൂന്നു നോവലുകളാണ് മലയാളത്തില്‍ ഉണ്ടായിട്ടുള്ളത്. പുലയിത്തറ(പോള്‍ ചിറക്കരോട്), സംവത്സരങ്ങള്‍(എസ് സി ജയിംസ്) , മുക്കണി (എബനിസര്‍ ഡേവിഡ്) എന്നിവയായിരുന്നു സമീപകാലത്തെ ദളിത് ക്രിസ്ത്യന്‍ നോവലുകള്‍. മൂന്നും ദളിതര്‍ എഴുതിയത്. എന്നാല്‍ ‘ചമേല്, ഒരു മനുഷ്യ ബോണ്‍സായി’ ദളിതനല്ലാത്ത ഒരാള്‍ എഴുതുന്ന ദളിത് പക്ഷ നോവലാണ്. അതുകൊണ്ടു തന്നെ അതിന്റെ ആഖ്യാനത്തിലും അവതരണത്തിലും വ്യത്യസ്ഥത കാണാനാകും. ശശിഭൂഷന്‍ പറഞ്ഞു.
പഴയകാല തിരുവിതാംകൂറിന്റെ ചരിത്രം കോറിയിടുന്ന നോവലിലെ വിവരണങ്ങള്‍ ദൃശ്യ സമാനമാണെന്ന് പി നാരായണന് പറഞ്ഞു. എഴുത്തുകാരന് കണ്ടതും കേട്ടതും അനുഭവിച്ചതുമായ കാര്യങ്ങള്‍ ഭാവനയുടെ നിറക്കൂട്ടുകള്‍ ചാലിച്ച് ആവിഷ്ക്കരിച്ചിരിക്കുന്നു. സാമൂഹ്യ ആക്ഷേപഹാസ്യമായും കാണാവുന്ന നോവല്‍ ഒരുകാലഘട്ടത്തിലെ കേരളത്തിന്റെ രാഷ്ട്രീയ അന്തരീക്ഷം വായനക്കാരിലേയക്ക് പകരുന്നു. ചൂഷണം ചെയ്യപ്പെടുന്നവരുടെ മനുഷത്വപരമായ പ്രശ്നങ്ങള്‍ സൂക്ഷമതയോടെ അവതരിപ്പിക്കുന്നു. നാരായണന് പറഞ്ഞു.
അയ്യപ്പന്‍കുട്ടി എന്നയാള്‍ ചെറുപ്രായത്തില്‍ മതം മാറി ശാമുവല്‍ ആയി. പുലയ ക്രിസ്ത്യാനിയായതിനാല്‍ ചമേല് ആയി. അവന് അനുഭവിച്ച അവഗണനയും പ്രതിസന്ധിയും ചൂഷണവും പീഢനവും വേദനയും തേങ്ങലും എല്ലാമാണ് ‘ചമേല്, ഒരു മനുഷ്യ ബോണ്‍സായി’യുടെ ഇതിവൃത്തമന്ന് നോവലിസ്റ്റ് പി ഉപേന്ദ്രന് പറഞ്ഞു.
ശ്രീചിത്തിര തിരുനാള്‍ ഗ്രന്ഥശാല പ്രസിഡന്റ് മുന്‍ ചീഫ് സെക്രട്ടറി ആര്. രാമചന്ദ്രന് നായര്‍ അധ്യക്ഷം വഹിച്ചു. തിരുവിതാംകൂറിന്റേത് എന്നു പറഞ്ഞ് പ്രചരിക്കുന്ന പല ചരിത്രങ്ങളും പച്ചക്കള്ളമാണെന്നും രാജാവിന്റെ താല്പര്യപ്രകാരം എഴുതപ്പെട്ടവയാണെന്നും അദ്ദേഹം പറഞ്ഞു. പി ശ്രീകുമാര്‍, എസ് രാധാകൃഷ്ണന് നായര്‍, റാം മോഹന്‍, ഓമനാ ഉപേന്ദ്രന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: