മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ സിംഗിള്‍സില്‍ 18 കാരന് മുന്നില്‍ വിയര്‍പ്പൊഴുക്കി വിഷമിച്ച് ഒന്നാം സിഡ് താരം നോവാക് ദ്യോക്കോവിച്ച്. ടെന്നിസ് ഗ്രാന്‍ഡ് സ്ലാം ടൂര്ണമെന്റിലേക്ക് ആദ്യമായി യോഗ്യത നേടിയ ക്രൊയേഷ്യയില്‍ നിന്നുള്ള ഡിനോ പ്രിസ്മിച് ആണ് നിലവിലെ ചാമ്പ്യന്‍ കൂടിയായ സെര്‍ബിയന്‍ താരത്തിന് കടുത്ത വെല്ലുവിളിയുയര്‍ത്തി കീഴടങ്ങിയത്.
കരിയറില്‍ ആദ്യമായാണ് ദ്യോക്കോവിച്ചിന് ഗ്രാന്‍ഡ് സ്ലാം ടൂര്‍ണമെന്റിലെ ഒന്നാം റൗണ്ട് മത്സരത്തില്‍ ഇത്രയും ദൈര്‍ഘ്യമേറിയ മത്സരം കളിക്കേണ്ടിവന്നത്. നാല് സെറ്റ് നീണ്ട മത്സരം തീരാന്‍ നാല് മണിക്കൂറും ഒരു മിനിറ്റും വേണ്ടിവന്നു. സ്കോര്‍: 6-2, 6-7(5-7), 6-3, 6-4.
ദ്യോക്കോവിച്ചിന് മുന്നില്‍ കീഴടങ്ങും മുമ്പ് ആറ് മാച്ച് പോയിന്റുകള്‍ നേടാന്‍ ഡിനോ പ്രിസ്മിച്ചിന് സാധിച്ചു. ടൈബ്രേക്കറിലേക്ക് നീണ്ട രണ്ടാം സെറ്റ് മത്സരത്തില്‍ ദ്യോക്കോവിനെ തോല്‍പ്പിക്കാനും താരത്തിന് സാധിച്ചു. ഇന്ന് വെളുപ്പിന് ഓസ്ട്രേലിയന്‍ താരങ്ങളായ അലെക്സേയ് പോപ്രിനും മാര്‍ക് പോള്മാന്സും ഏറ്റുമുട്ടി വിജയിക്കുന്നവരെ ദ്യോക്കോവിച്ച് രണ്ടാം റൗണ്ടില്‍ നേരിടും. ദ്യോക്കോവിച്ചിനെ വിറപ്പിച്ച പ്രിസ്മിച്ച് 155-ാം നമ്പര്‍ പുരുഷ താരമാണ്.
വനിതാ സിംഗിള്‍സ് മത്സരത്തില്‍ ആദ്യറൗണ്ട് അനായാസം കടന്ന് നിലവിലെ ചാമ്പ്യന്‍താരം അരൈന സബലെങ്ക രണ്ടാം റൗണ്ടിലെത്തി. ജര്‍മനിയുടെ എല്ലാ സെയ്ഡെലിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയാണ് ബെലാറൂസിയന്‍ താരം തുടക്കം ഗംഭീരമാക്കിയത്. ആധിപത്യത്തോടെയായിരുന്നു സബലെങ്കയുടെ വിജയം. സ്കോര്‍: 6-0, 6-1. ബുധനാഴ്ച നടക്കുന്ന രണ്ടാം റൗണ്ട് മത്സരത്തില്‍ 16കാരിയായ ചെക്ക് താരം ബ്രെന്‍ഡ ഫ്രുഹ്വിര്‍ട്ടോവ ആണ് താരത്തിന്റെ എതിരാളി. ഇന്നലെ നടന്ന പോരാട്ടത്തില്‍ റൊമേനിയക്കാരി അനാ ബോഗ്ദാനെ തോല്‍പ്പിച്ചാണ് ഫ്റുഹ്വിര്ട്ടോവ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്.
സ്കോര്‍: 2-6, 6-4, 6-3
സീഡില്ലാ താരമായി ഇറങ്ങിയ കരോലിന് വോസ്നിയാക്കിയ്ക്ക് രണ്ടാം റൗണ്ടിലേക്ക് വാക്കോവര്‍ ലഭിച്ചു. ആദ്യ റൗണ്ടില്‍ മാഗ്ദ ലിനെറ്റെയ്ക്കെതിരെ സ്കോര്‍: 6-2, 2-0ന് ആധിപത്യം പുലര്‍ത്തി നില്‍ക്കെയാണ് കളി നിര്‍ത്തേണ്ടിവന്നത്. ലിനെറ്റെ പിന്മാറുകയായിരുന്നു.
മറ്റ് മത്സരങ്ങളില്‍ സീഡഡ് താരങ്ങളായ മരിയ സക്കാരി, ലെയ്ല ഫെര്‍ണാണ്ടസ്, ബാര്‍ബോറ ക്രെയ്സിക്കോവ എന്നിവര്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. വനിതാ സിംഗിള്‍സില്‍ 13-ാം സിഡ് താരമായി ഇറങ്ങിയ ലിയുഡ്മില സാംസോനോവയെ അമേരിക്കയുടെ സീഡില്ലാ താരം അമാന്‍ഡാ അനിസിമോവ നേരിട്ടുള്ള സെറ്റുകള്‍ക്ക് കീഴടക്കിയതാണ് ഇന്നലത്തെ മറ്റൊരു സംഭവം.
പുരുഷ സിംഗിള്ഗില് ഇന്നലെ അത്ഭുതങ്ങളൊന്നും സംഭവിച്ചില്ല. സീഡഡ് താരങ്ങളായ ജാന്നിക് സിന്നര്‍, ആന്ദ്രേ റുബ്ലേവ്, ഫ്രാന്‍സെസ് തിയാഫോ, ടയ്ലര്‍ ഫ്രിട്സ്, സെബാസ്റ്റ്യന്‍ ബയേസ്, ഫ്രാന്‍സിസ്കോ സെറുന്ഡോളോ എന്നിവര്‍ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. ഇന്ന് നടക്കുന്ന ഒന്നാം റൗണ്ട് മത്സരത്തില്‍ കാര്‍ലോസ് അല്‍കാരസ്, ഭാരതത്തിന്റെ സുമിത്ത് നാഗല്‍ അടക്കമുള്ളവര്‍ പോരാട്ടത്തിനിറങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: