ചില സ്വപ്‌നങ്ങള്‍ സാക്ഷാത്കരിക്കാന്‍ സമയമെടുക്കും. എങ്കിലും കാത്തിരിക്കും. ആ മുഹൂര്‍ത്തം വന്നുചേരുക തന്നെ ചെയ്യുമെന്ന ശുഭപ്രതീക്ഷയോടെ… ശ്രീരാമക്ഷേത്രം യാഥാര്‍ത്ഥ്യമാവുന്നു. എന്റെ മാത്രമല്ല, അനേകകോടി ഭാരതീയരുടെ കാത്തിരിപ്പ് സഫലമാകുന്നു. ചരിത്രം പോലും ഈ മുഹൂര്‍ത്തത്തെ വൈകാരികതയോടെ വരവേല്ക്കും. 2020ല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അയോദ്ധ്യയിലെ ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തില്‍ ഭൂമിപൂജ നടത്തി ശിലപാകുന്നതിന് മുമ്പ് ലാല്‍കൃഷ്ണ അദ്വാനി മാധ്യമങ്ങളോട് പറഞ്ഞതാണിത്…
മണ്ഡല്‍ കമ്മിഷന്‍ റിപ്പോര്‍ട്ടിലൂടെ രാജ്യത്തെ ജാതീയമായി പല കഷ്ണമാക്കി മാറ്റിനിര്‍ത്തിയ കലാപങ്ങളുടെ കാലത്താണ് എല്‍.കെ. അദ്വാനി രാമരഥയാത്രയുമായി ഐതിഹാസികമായ സമരമുഖത്തേക്ക് കടന്നുവരുന്നത്. ബിഹാര്‍, ഉത്തര്‍പ്രദേശ്, മധ്യപ്രദേശ് തുടങ്ങി ഹിന്ദിഹൃദയഭൂമിയാകെ അക്കാലം സംഘര്‍ഷഭരിതമായിരുന്നു. രാജ്യത്തെ ഹിന്ദുസമാജത്തെ ജാതിയുടെ പേരില്‍ രാഷ്‌ട്രീയക്കാര്‍ പല തട്ടിലാക്കിയിരുന്നു. വിദ്യാര്‍ത്ഥികളടക്കമുള്ളവര്‍ അക്രമത്തിലേക്ക് വഴി തിരിഞ്ഞു. ദല്‍ഹി യൂണിവേഴ്സിറ്റിക്ക് കീഴിലെ ദേശബന്ധു കോളജ് വിദ്യാര്‍ത്ഥി രാജീവ് ഗോസ്വാമി തീ കൊളുത്തി ആത്മാഹുതി ചെയ്തു. സമരരംഗത്തേക്ക് എത്തിയ എല്‍.കെ. അദ്വാനിയെ വിദ്യാര്‍ത്ഥികള്‍ തടഞ്ഞു. ഭിന്നിച്ചുപോയ ഹിന്ദുസമൂഹത്തെ ഒരുമിപ്പിക്കാന്‍ ഒരേയൊരു മന്ത്രമേ മുന്നിലുണ്ടായിരുന്നുള്ളൂ… ജയ് ശ്രീറാം… സ്വാതന്ത്ര്യസമരകാലത്ത് മഹാത്മാഗാന്ധിയിലൂടെ രാജ്യം ഏറ്റെടുത്ത ആ രാമമന്ത്രം നാല് പതിറ്റാണ്ടിന് ശേഷം വീണ്ടും മുഴങ്ങി. 1990 സപ്തംബര്‍ 25ന് ഗുജറാത്തിലെ സോമനാഥ ക്ഷേത്രത്തില്‍ നിന്ന് ബിജെപി അദ്ധ്യക്ഷന്‍ ലാല്‍കൃഷ്ണ അദ്വാനി രഥയാത്ര ആരംഭിച്ചു.
രാമജന്മഭൂമി വിമോചനത്തിനായി വിശ്വഹിന്ദുപരിഷത്തും ഹിന്ദുസംഘടനകളും പ്രഖ്യാപിച്ചതിന്റെ അന്തരീക്ഷത്തില്‍ രാജ്യമെമ്പാടും രാമതരംഗം അലയടിക്കുകയായിരുന്നു. രാഷ്‌ട്രീയത്തിലെ കലുഷതകളെ വിശുദ്ധീകരിക്കുക എന്ന ദൗത്യവും എല്‍.കെ. അദ്വാനി ഏറ്റെടുത്തു. സോമനാഥില്‍ നിന്ന് അയോദ്ധ്യയിലേക്ക് പതിനാറ് സംസ്ഥാനങ്ങളിലൂടെ പതിനായിരം കിലോമീറ്റര്‍ രഥയാത്ര… ലക്ഷക്കണക്കിനാളുകള്‍ ഓരോ സ്വീകരണയോഗങ്ങളിലും ഇരമ്പിയെത്തി. അടല്‍ജിയുടെ, ജോഷിയുടെ, ഉമാഭാരതിയുടെ, വിനയ് കടിയാറിന്റെ, കല്യാണ്‍സിങ്ങിന്റെ വാഗ്ധോരണികളില്‍ ജനങ്ങള്‍ കടല് പോലെ ഇരമ്പിയാര്‍ത്തു. പ്രമോദ് മഹാജനും നരേന്ദ്ര മോദിയും പിഴവില്ലാതെ രഥയാത്രയെ മുന്നോട്ടുനയിച്ചു. എല്‍.കെ. അദ്വാനിയുടെ വാക്കുകള്‍ക്ക് ലോകം കാതോര്‍ത്തു.
മണ്ഡല്‍ റിപ്പോര്‍ട്ട് സൃഷ്ടിച്ച ജാതിഭിന്നതകള്‍ക്ക് അതീതമായി രാമമന്ത്രം ജനങ്ങളെയാകെ ഒന്നിപ്പിച്ചു. മണ്ഡലിനെതിരെ കമണ്ഡല്‍ രാഷ്‌ട്രീയവുമായി അദ്വാനിയെന്ന് മാധ്യമങ്ങള്‍ തലക്കെട്ടിട്ടു. രാമരഥയാത്രയിലേക്കൊഴുകിയെത്തിയ ജനസാഗരം കണ്ട് ഭയന്നുപോയ അധര്‍മ്മശക്തികള്‍ അവസാനത്തെ ചെറുത്തുനില്പിനൊരുങ്ങി. കര്‍സേവ തടയും, അദ്വാനിയെ അറസ്റ്റ് ചെയ്യും തുടങ്ങിയ ഭീഷണികളുമായി അവര്‍ രംഗത്തിറങ്ങി. കര്‍സേവ നടക്കും, ക്ഷേത്രം അവിടെത്തന്നെ നിര്‍മ്മിക്കും, അത് ആര്‍ക്ക് തടയാനാകും എന്ന അദ്വാനിയുടെ ഗര്‍ജനം ജനകോടികളില്‍ ആവേശം നിറച്ചു. ജനമനസുകളില്‍ ഉരുക്കുമനുഷ്യനായി മാറിയ അദ്വാനിയെ അറസ്റ്റ് ചെയ്ത് പേരെടുക്കാന്‍ യുപി മുഖ്യമന്ത്രി മുലായം സിങ് യാദവും ബിഹാര്‍ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവും തമ്മില്‍ മത്സരമെന്ന് വാര്‍ത്തകള്‍ വന്നു. ഒടുവില്‍ ഒക്ടോബര്‍ 22ന് രാത്രി സമഷ്ടിപ്പൂരില്‍ വച്ച് ബിഹാര്‍ സര്‍ക്കാര്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്തു. ആ രാത്രി തന്നെ വിമാനത്തില്‍ ഇപ്പോഴത്തെ ഝാര്‍ഖണ്ഡിലെ ദുംക ഗസ്റ്റ് ഹൗസിലേക്ക് മാറ്റി. അടുത്ത ദിനം രാജ്യം സ്തംഭിച്ചു. പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. അവര്‍ക്ക് ജാതിയുണ്ടായിരുന്നില്ല. എല്ലാവരും ജയ് ശ്രീറാം എന്ന മുദ്രാവാക്യം മുഴക്കി…
ദേശീയരാഷ്‌ട്രീയരംഗത്തെയാകെ രാമപാതയില്‍ നടത്തുകയായിരുന്നു അദ്വാനി. ആ വഴിയില്‍ അദ്ദേഹം തേര് തെളിച്ചു. 1992ലെ കര്‍സേവയില്‍ പങ്കെടുക്കാന്‍ അദ്ദേഹം അയോദ്ധ്യയിലെത്തി. തര്‍ക്കമന്ദിരം നീങ്ങുന്നതിന് അദ്വാനി സാക്ഷിയായി. എല്ലാം രാമന്റെ ഇച്ഛയെന്ന് അദ്വാനി പിന്നീട് അതേപ്പറ്റി പ്രസംഗിച്ചു.
പിന്നിട്ട കാലം ഭാരതം ആ വഴിക്ക് മാത്രം സഞ്ചരിച്ചു. രാമനെയും രാമക്ഷേത്രത്തെയും എതിര്‍ത്തവര്‍ അപ്രസക്തരായി… ഒരു നിയോഗമാണ് പൂര്‍ത്തിയാകുന്നത്. ഗോരക്ഷാപീഠാധീശന്‍ മഹന്ത് അവൈദ്യനാഥ് സ്വപ്‌നം കണ്ടത് പിന്മുറക്കാരന്‍ യോഗി ആദിത്യനാഥ് സാക്ഷാത്കരിക്കുന്നു. രാമരഥസാരഥി എല്‍.കെ. അദ്വാനി ലക്ഷ്യമിട്ടത് നരേന്ദമോദി പൂര്‍ത്തീകരിക്കുന്നു…
പദയാത്ര രഥയാത്രയായി
ഐതിഹാസികമായ രാമരഥയാത്രയുടെ ആസൂത്രണത്തിന് പിന്നില്‍ പ്രമോദ് മഹാജനും നരേന്ദ്ര മോദിയുമായിരുന്നു. പദയാത്ര നടത്താനായിരുന്നു എല്‍.കെ. അദ്വാനിയുടെ ആശയം. രാമരഥം എന്ന ആശയം മുന്നോട്ടുവച്ചത് മോദിയാണ്. പണ്ഡിറ്റ് ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനമായ സപ്തംബര്‍ 25നോ ഗാന്ധിജയന്തിയായ ഒക്ടോബര്‍ രണ്ടിനോ തുടങ്ങണമെന്ന് മഹാജന്‍ നിര്‍ദേശിച്ചു. അദ്വാനി സപ്തംബര്‍ 25 എന്ന തീയതി തെരഞ്ഞെടുത്തു. നരേന്ദ്ര മോദിയുടെ സഹായത്തോടെ മഹാജന്‍ കൃത്യമായി രഥയാത്ര ആസൂത്രണം ചെയ്തു, നടപ്പാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: