ദിശ തെറ്റി യാത്ര ചെയ്ത ഭാരതീയ ജീവിതത്തെ തനിമയിലേക്കും സ്വാഭിമാനത്തിലേക്കും വഴി തിരിച്ചുവിടുകയായിരുന്നു കര്‍സേവകര്‍. രാഷ്ട്രക്ഷേത്രത്തിന്റെ നിര്‍മാണമാണ് രാമജന്മഭൂമിയില്‍ നടക്കേണ്ടത് എന്ന് അവര്‍ക്ക് അറിയുമായിരുന്നു. എന്നാല്‍ രാഷ്ട്രവിരുദ്ധര്‍ പ്രബലരായിരുന്നു. അവര്‍ക്കായിരുന്നു അധികാരം. കര്‍സേവകര്‍ ഉത്തര്‍പ്രദേശിലേക്ക് കടക്കില്ലെന്ന് അവര്‍ വെല്ലുവിളിച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് വന്ന കര്‍സേവകരെ തടയാന്‍ തീവണ്ടികള്‍ കൂട്ടത്തോടെ റദ്ദാക്കി. സോമനാഥില്‍ നിന്ന് ജനകോടികളുടെ ആശീര്‍വാദത്തോടെ എല്‍.കെ. അദ്വാനി ആരംഭിച്ച രഥയാത്ര ബിഹാറിലെ സമഷ്ടിപ്പൂരില്‍ തടഞ്ഞു.
അദ്ദേഹത്തെ ജയിലിലടച്ചു. അയോദ്ധ്യയിലെ തര്‍ക്കമന്ദിരത്തിന് ചുറ്റും കൂറ്റന്‍ ബാരിക്കേഡുകള്‍ തീര്‍ത്തു. നഗരത്തിലുടനീളം സിആര്‍പിഎഫ് ഭടന്മാരെ വിന്യസിച്ചു. ബുള്ളറ്റ് നിറച്ച തോക്കുകളുമായി പോലീസുകാരെ അണിനിരത്തി. അയോദ്ധ്യയിലേക്ക് യാത്ര പുറപ്പെട്ട ട്രെയിനുകള്‍ ഝാന്‍സിയിലും ബുലന്ദ്ഷഹറിലും തടഞ്ഞു. സംശയം തോന്നിയവരെയെല്ലാം അറസ്റ്റ് ചെയ്തു. വഴിയാത്രക്കാരെ പോലും വെറുതെ വിട്ടില്ല. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മുലായം സിങ് യാദവ് രാമഭക്തരെ വെല്ലുവിളിച്ചു. ഒരു കിളി പോലും അയോദ്ധ്യക്ക് മുകളില്‍ പറക്കില്ലെന്ന് വീമ്പ് പറഞ്ഞു. കര്‍സേവ തടയാന്‍ പഴുതടച്ച സൈനികവിന്യാസം ഉറപ്പാക്കി….
എന്നിട്ടും 1990ലെ കര്‍സേവ ദിവസം നൂറുകണക്കിന് രാമഭക്തര്‍ ശ്രീരാമജന്മഭൂമി ലക്ഷ്യമാക്കി മുന്നേറി. ബാരിക്കേഡുകള്‍ അവര്‍ക്ക് മറി കടക്കാനാകുമായിരുന്നില്ല. പ്രതീകാത്മക കര്‍സേവയായിരുന്നു നിശ്ചയിച്ചിരുന്ന ലക്ഷ്യം. മുന്നോട്ട് പോകാനുള്ള എല്ലാ വഴികളും അടഞ്ഞിരുന്നു. എല്ലാവരുടെയും ചുണ്ടില്‍ രാമവിജയമന്ത്രം മാത്രം. ഈ ബാരിക്കേഡുകള്‍ തകര്‍ത്ത്, പോലീസ് വിന്യാസം മറികടന്ന് എങ്ങനെ മുന്നോട്ട് എന്ന ആശങ്ക… അതിനും മീതെ രാമന് എന്ന ശക്തിയിലുള്ള വിശ്വാസം…
അതിനിടെയാണ് പൊടുന്നനെ ആരവങ്ങള്‍ ഉച്ചത്തിലായത്… ജനക്കൂട്ടത്തിലേക്ക്, പോലീസ് വിന്യാസത്തിനിടയിലൂടെ, ബാരിക്കേഡുകള്‍ ലക്ഷ്യമാക്കി ഒരു ട്രക്ക് പാഞ്ഞുവന്നു. അത് പോലീസ് വാഹനമായിരുന്നതിനാല്‍ സൈനികര്‍ വഴിമാറി.. ട്രക്ക് നിമിഷനേരം കൊണ്ട് ബാരിക്കേഡുകള്‍ തകര്‍ത്തു… കര്‍സേവകര്‍ ജയ്ശ്രീറാം വിളികളുമായി രാമജന്മഭൂമിയിലേക്ക് കുതിച്ചു… പിന്നെ നടന്നതെല്ലാം ചരിത്രം…
അടുത്ത ദിവസത്തെ വാര്‍ത്തകളില്‍ ആ ട്രക്ക് നിറഞ്ഞു. എങ്ങനെ ആര് അത് ചെയ്തുവെന്ന് ആര്‍ക്കും അറിയുമായിരുന്നില്ല. ആ ട്രക്ക് ഓടിച്ചിരുന്നത് ഒരു കാവി വേഷധാരിയായിരുന്നുവെന്ന് മാത്രം ഉറപ്പിച്ചു. അതിന് ശേഷമോ അതിന് മുമ്പോ അങ്ങനെയൊരാളെ ആരും കണ്ടില്ല. രാമകാര്യം വിജയിപ്പിച്ച ആ കാവിവേഷധാരി സ്വയം ബജരംഗബലി ഹനൂമാനായിരുന്നുവെന്ന് കുറേപ്പേര് പറഞ്ഞു. ധീരരായ കര്‍സേവകരിലൊരാള്‍ എന്ന മറ്റ് ചിലര്‍… ഇതിഹാസം രചിച്ച ആ പോരാട്ടത്തില്‍ പേര് വരാത്ത അനേകായിരം ധര്‍മ്മഭടന്മാരുടെ ചരിത്രത്തില്‍ അങ്ങനെയുമൊരു അദ്ധ്യായം..
പ്രതികരിക്കാൻ ഇവിടെ എഴുതുക: