തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും നടത്തുന്ന വന്‍ അഴിമതികള്‍ സിപിഎമ്മില്‍ അസ്വസ്ഥത പടര്‍ത്തുന്നു. അടിക്കടി പുറത്തുവരുന്ന അഴിമതികളില്‍ അണികള്‍ക്ക് അരിശം. മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ എക്‌സാലോജിക്ക് കമ്പനി 1.72 കോടി രൂപ മാസപ്പടി വാങ്ങിയെന്ന ആരോപണം അന്വേഷിക്കാന്‍ കേന്ദ്ര ഏജന്‍സികള്‍ എത്തുമെന്നായതോടെ മുഖ്യമന്ത്രിക്കും കുടുംബത്തിനും ചങ്കിടിപ്പ് കൂടി.
സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത്, ബിരിയാണി ചെമ്പ്, പിന്നാലെ കരിമണല്‍ മാസപ്പടി കൂടി വന്നതോടെ എന്തിനും ഏതിനും പിന്തുണ നല്കുന്ന സിപിഎം നേതാക്കള്‍ പ്രതികരിക്കാനില്ലെന്ന് പറഞ്ഞ് തടിതപ്പുന്നു. എകെജി സെന്ററില്‍ സിപിഎം സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ വന്ന നേതാക്കളില്‍ പലരും മാധ്യമങ്ങള്‍ക്ക് മുന്നില്‍പ്പെടാതെ പണിപ്പെട്ട് ഒഴിഞ്ഞുമാറി.
എം.ടി. വാസുദേവന്‍നായരുടെ വിവാദ പ്രസ്താവന വന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ മോദിയെക്കുറിച്ചായിരിക്കും അദ്ദേഹം പറഞ്ഞതെന്ന് പ്രതികരിച്ച എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ ഈ വിഷയത്തില്‍ എനിക്കൊന്നും അറിഞ്ഞുകൂടെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. കരിമണല്‍ കമ്പനിയില്‍ നിന്നും പിണറായി വിജയന്‍ കാശ് വാങ്ങിയെന്ന ആരോപണം ഉയര്‍ന്നപ്പോള്‍ എന്തെങ്കിലും തെളിവുണ്ടോയെന്ന് ചോദിച്ച സിപിഎം കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലനാകട്ടെ ഇന്നലെ മിണ്ടാട്ടമില്ലായിരുന്നു. ഇതൊക്കെ കുറെ കണ്ടതല്ലേയെന്ന് ഒഴുക്കന്‍മട്ടില്‍ മറുപടി നല്കി മുഖ്യമന്ത്രിയുടെ മരുമകനും മന്ത്രിയുമായ മുഹമ്മദ് റിയാസും തടിയൂരി.
ഇല്ലാത്ത സേവനത്തിന് മാസപ്പടി വാങ്ങിയെന്ന ആരോപണം നിയമസഭയില്‍ ഉയര്‍ന്നപ്പോള്‍ ക്ഷുഭിതനായാണ് മുഖ്യമന്ത്രി പിണറായി മറുപടി പറഞ്ഞത്. എല്ലാം നിയമപരമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പലപ്പോഴും പ്രതിപക്ഷ എംഎല്‍എമാരുമായി കൊമ്പുകോര്‍ക്കുകയും ചെയ്തു.
അന്ന് മുഖ്യമന്ത്രിയുടെ മറുപടിയെ നിയമസഭയ്‌ക്ക് അകത്തും പുറത്തും കൈയടിച്ച് പ്രോത്സാഹിപ്പിക്കുകയും, അങ്ങനെയെങ്കില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കട്ടെയെന്ന് വെല്ലുവിളിക്കുകയും ചെയ്ത സിപിഎം നേതാക്കള്‍ക്ക് ഇപ്പോള്‍ മിണ്ടാട്ടമില്ല.
പാര്‍ട്ടിക്കും സര്‍ക്കാരിനും അടിക്കടി പൊല്ലാപ്പ് വരുത്തിവയ്‌ക്കുന്ന മുഖ്യമന്ത്രിയെയും കുടുംബത്തെയും സംരക്ഷിച്ചിട്ട് കാര്യമില്ലെന്നും കരുതുന്നു.
അന്വേഷണം പൂര്‍ത്തിയാക്കി കമ്പനി കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ മുഖ്യമന്ത്രിക്ക് സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നേക്കാം. എക്‌സാലോജിക്ക് കമ്പനിയുടെ എല്ലാ ഇടപാടും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും. അന്വേഷണം മുറുകുന്നതോടെ വിണാ വിജയന്റെ ഭര്‍ത്താവ് മന്ത്രി മുഹമ്മദ് റിയാസും രാജിവയ്‌ക്കേണ്ടി വരും.
ഇതോടെ പ്രതിരോധത്തിലാകുന്നത് സിപിഎമ്മും. ഒരു കുടുംബത്തിനു വേണ്ടി പാര്‍ട്ടിയെ ബലികഴിക്കുന്നുവെന്ന ആരോപണം മുഖ്യമന്ത്രിക്ക് നേരെ സിപിഎമ്മില്‍ നിന്നും ഉയരുന്നുണ്ട്.
കരിമണല്‍ കമ്പനിക്കും വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്‌ഐഡിസിക്കും ബന്ധമുള്ളതിനാല്‍ അന്വേഷണം മന്ത്രി പി. രാജീവിനും കുരുക്കായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: