കൊച്ചി: കാന്‍സറിനോട് മല്ലിടുമ്പോഴും ഭാരം ഉയര്‍ത്തി മെഡല്‍ നേടുന്നത് തുടര്‍ന്ന് വേണു മാധവന്‍ . കൊച്ചിയില്‍ നടക്കുന്ന മാസ്റ്റേഴ്സ് ഗെയിമില്‍ പവര്‍ലിഫ്റ്റിംഗില്‍ 74 കിലോ വിഭാഗത്തില്‍ സ്വര്‍ണ്ണം നേടിയിരിക്കുകയാണ് ഈ കൊല്ലംകാരന്‍. തിരുവനന്തപുരം റീജണല്‍ ക്യാന്‍സര്‍ സെന്ററിര്‍ ചികിത്സയിലിരിക്കെയാണ് വേണു ചാമ്പ്യന്‍ഷിപ്പുകളില്‍ പങ്കെടുക്കുന്നത്. കൊല്ലം മരുത്തടി സ്വദേശിയായ വേണുമാധവന്‍ ചെറുപ്പത്തില്‍ ശാരീരിക ക്ഷമത കൂട്ടാനുള്ള പരിശ്രമത്തിന്റെ ഭാഗമായിട്ടാണ് പവര്‍ലിഫ്റ്റിംഗ് പരീശീലനം തുടങ്ങിയത്. പക്ഷെ മത്സരവേദിയിലേക്ക് എത്താന്‍ വൈകി.
എട്ട് വര്‍ഷം മുന്‍പ് മത്സരത്തിനായി പരിശീലനം നടത്തുന്നതിനിടെ പരിക്കേറ്റ് ആശുപത്രിയിലായി. ഇവിടെ നടത്തിയ പരിശോധനയ്‌ക്കിടയില്‍ രക്താര്‍ബുദം മൂന്നാംഘട്ടത്തിലെത്തിയതായി കണ്ടെത്തി. ചികിത്സയുടെ നാളുകള്‍. ജീവിതത്തിലേക്ക് തിരിച്ചുവരവ് ഇല്ലന്നു പറഞ്ഞവരാണ് ഏറെയും. അര്‍ബുദത്തെ മനക്കരുത്തുകൊണ്ടും ആത്മവിശ്വാസംകൊണ്ടും വേണു നേരിടുന്നതാണ് പിന്നീട് കണ്ടത്. ജീവിതത്തിലേക്ക് മാത്രമല്ല പവര്‍ലിഫ്റ്റിലേക്കും മടങ്ങിയെത്തി. ചെന്നൈ ജില്ലാ പവര്‍ലിഫ്റ്റിംഗ് 83 കിലോ വിഭാഗത്തില്‍ രണ്ടാം സ്ഥാനത്തെത്തി തിരിച്ചുവരവ് അടയാളപ്പെടുത്തി. തുടര്‍ന്ന് തിരുവനന്തപുരത്തെ മത്സരത്തില്‍ ഒന്നാം സ്ഥാനവും ദേശീയ മത്സരത്തില്‍ വെങ്കലവും നേടി.
രാജ്യത്തിന്റെ വിവധ ഭാഗങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ ആവേശത്തോടെ പങ്കെടുക്കും, മെഡല്‍ കിട്ടിയാലും ഇല്ലങ്കിലും. ചെറുതും വലുതുമായി നിരവധി മെഡലുകളും ലഭിച്ചിട്ടുണ്ട്. പലപ്പോഴും മെഡലുമായി നേരേ പോകുന്നത് കീമോയ്‌ക്കായി ആശുപത്രിയിലേക്കായിരുന്നു.
കഴിഞ്ഞ ദിവസം ഇന്ത്യന്‍ പവര്‍ലിഫ്റ്റിംഗ് ഫെഡറേഷന്‍ മുംബയില്‍ നടത്തിയ നാഷണല്‍ പവര്‍ ലിഫ്റ്റിങ് ചാമ്പ്യന്‍ ഷിപ്പിലും വേണു മെഡല്‍ നേടി. 74 കിലോ വിഭാഗത്തില്‍ വെങ്കലം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: