കൊല്‍ക്കത്ത: ബംഗാളില്‍ മൂന്ന് സംന്യാസിമാരെ ആക്രമിച്ച സംഭവത്തില്‍ വ്യാപക പ്രതിഷേധം ഉയരുന്നു. വെള്ളിയാഴ്ചയാണ് സംഭവം. ഉത്തര്‍പ്രദേശില്‍ നിന്നുള്ള സംന്യാസിമാര്‍ മകരസംക്രാന്തി ഉത്സവത്തിന്റെ ഭാഗമായി ഗംഗാസാഗറിലേക്ക് പോകുമ്പോഴാണ് മര്‍ദ്ദനമേറ്റത്. ബംഗാളിലെ പുരുലിയ ജില്ലയിലാണ് സംഭവം. കാര്‍ നിര്‍ത്തി രണ്ട് കുട്ടികളോട് വഴി ചോദിച്ചപ്പോഴായിരുന്നു ആക്രമണമുണ്ടായത്. കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരാണെന്ന് ആരോപിച്ചാണ് തൃണമൂല്‍ അക്രമികള്‍ സംന്യാസിമാരെ മര്‍ദ്ദിച്ചത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറും തകര്‍ത്തു. മര്‍ദ്ദനത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.
അക്രമവുമായി ബന്ധപ്പെട്ട് 12 തൃണമൂലുകാരെ പോലീസ് അറസ്റ്റ് ചെയ്തു. സംന്യാസിമാര്‍ക്ക് നേരെയുണ്ടായ തൃണമൂലുകാരുടെ ആക്രമണത്തില്‍ ബിജെപി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവം ഞെട്ടിക്കുന്നതാണെന്നും ബംഗാളില്‍ ഹിന്ദുവായി ജീവിക്കുന്നത് കുറ്റകരമായി മാറിയതായി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ പറഞ്ഞു.
മമതയുടെ തണലില്‍ തൃണമൂല്‍ കോണ്‍ഗ്രസുകാരാണ് സംന്യാസിമാരെ ക്രൂരമായി ആക്രമിച്ചത്. കടുത്ത പീഡനമാണ് ഇവര്‍ക്ക് നേരിടേണ്ടി വന്നത്. മമത ബാനര്‍ജിയുടെ ഭരണത്തില്‍ ഷാജഹാന് ഷെയ്ഖിനെപ്പോലുള്ള ഭീകരര്‍ക്ക് സംരക്ഷണം ലഭിക്കുകയും സാധുക്കള്‍ കൊല്ലപ്പെടുകയും ചെയ്യുന്നതായി അമിത് മാളവ്യ എക്സില്‍ കുറിച്ചു. സംന്യാസിമാരെ ആക്രമിച്ചതില്‍ ബിജെപി ബംഗാള്‍ അധ്യക്ഷന്‍ സുകന്ത മജുംദാര്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. സംഭവം രാഷ്ട്രീയ പ്രേരിതമാണെന്ന് പുരുലിയ ബിജെപി എംപി ജ്യോതിര്‍മയ് സിങ് മഹാതോ പറഞ്ഞു.
ആക്രമണത്തെ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ അപലപിച്ചു. ക്രമസമാധാനനില പരിപാലിക്കുന്നതില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. അഴിമതിയും കമ്മിഷനും അക്രമവും മാത്രമാണ് നടക്കുന്നത്. കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്രബോസ് വിമാനത്താവളത്തില്‍ വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: