പാലക്കാട്/ കൊച്ചി : യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. ശനിയാഴ്ച പാലക്കാട്, എറണാകുളം എന്നീ ജില്ലകളിലാണ് യൂത്ത്കോണ്‍ഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചത്.
പാലക്കാട് എസ്പി ഓഫീസിലേക്കാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തിയത്. സംഘടിച്ചെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിന് നേരെ കല്ലെറിഞ്ഞു. ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിച്ചതോടെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. അതിനുശേഷവും പിരിഞ്ഞുപോകാതെ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ച യൂത്ത് കോണ്‍ഗ്രസ്സുകാരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയായിരുന്നു.
വെള്ളിയാഴ്ച യൂത്ത് കോണ്‍ഗ്രസ് നടത്തിയ ക്ലിഫ് ഹൗസ് മാര്‍ച്ചിലും സംഘര്‍ഷമുണ്ടായിരുന്നു. സെക്രട്ടറിയേറ്റ് മാര്‍ച്ചിനിടെ നടന്ന അക്രമ സംഭവങ്ങളുമായി ബന്ധപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂ്ട്ടത്തിലിനെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ചാണ് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നടത്തുന്നത്.
സംഭവത്തില്‍ യുഡിഎഫ് യുവജന സംഘടനകളുടെ കൂട്ടായ്മയായ യുഡിവൈഎഫ് 11 മുതല്‍ 15 വരെ സംസ്ഥാനത്ത് പ്രതിഷേധങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 15ന് യുഡിവൈഎഫ് യോഗം ചേര്‍ന്ന് തുടര്‍ സമരപരിപാടികള്‍ ആസൂത്രണം ചെയ്യും. കഴിഞ്ഞ ദിവസം കണ്ണൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ വനിതാ പ്രവര്‍ത്തകയ്ക്കുനേരെ നടന്ന പോലീസ് അതിക്രമം ചര്‍ച്ചയായിട്ടുണ്ട്. യൂത്ത് കോണ്‍ഗ്രസ് അഴീക്കോട് ബ്ലോക്ക് സെക്രട്ടറി റിയാ നാരാണന്റെ വസ്ത്രം വലിച്ചുകീറുകയും മുടിയില്‍ ബൂട്ടിട്ട് ചവിട്ടിയെന്നുമാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: