ന്യൂദല്‍ഹി : സിപിഎം പാര്‍ട്ടിക്കുള്ളില്‍ തന്റെ സ്വതന്ത്ര വ്യക്തിത്വത്തെ അംഗീകരിക്കാതെ വിവേചനം നേരിട്ടതായി സിപിഎം പോളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട്. 1975 മുതല്‍ 1985 വരെയുള്ള അനുഭവങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ആന്‍ എജുക്കേഷന്‍ ഫോര്‍ റിത എന്ന പേരില്‍ പുറത്തിറക്കിയ പുസ്തകത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. അടിയന്തിരാവസ്ഥക്കാലത്ത് വൃന്ദയ്‌ക്ക് പാര്‍ട്ടി നല്‍കിയ വിളിപ്പേരാണ് റിത.
പാര്‍ട്ടിയില്‍ പ്രകാശ് കാരാട്ടിന്റെ ഭാര്യയെന്ന നിലയില്‍ മാറ്റിനിര്‍ത്തപ്പെട്ടിട്ടുണ്ട്. ദേശീയ തലത്തില്‍ തന്റെ സ്വതന്ത്ര വ്യക്തിത്വം അംഗീകരിക്കാതെ പ്രകാശ് കാരാട്ടിന്റെ ഭാര്യമാത്രമായി അവഗണിച്ചു. പാര്‍ട്ടിയിലെ രാഷ്‌ട്രീയമായ ഭിന്നതകളുടെ സന്ദര്‍ഭങ്ങളില്‍ ഈ സമീപനം കൂടുതലായിരുന്നു. ബീയിങ് എ വുമണ്‍ ഇന്‍ ദി പാര്‍ട്ടി എന്ന അധ്യായത്തിലാണ് ഇക്കാര്യം പറയുന്നത്.
1982- 1985 കാലയളില്‍ പ്രകാശ് കാരാട്ടായിരുന്നു പാര്‍ട്ടി ദല്‍ഹി ഘടകം സെക്രട്ടറി. ഇക്കാലത്ത് തന്റെ പ്രവര്‍ത്തനങ്ങളും അഭിപ്രായങ്ങളും പ്രകാശുമായി ബന്ധപ്പെടുത്തിയിരുന്നില്ല. അഭിപ്രായം പങ്കുവെക്കുന്നതിനുള്ള സ്വാതന്ത്ര്യമുണ്ടായിരുന്നില്ല. അതിനുശേഷമുള്ള അവസ്ഥാന നേരേ മറിച്ചായിരുന്നു. ദല്‍ഹിക്കുപുറത്തു ദേശീയതലത്തില്‍ പാര്‍ട്ടിയിലും മറ്റു സംഘടനകളിലും ഞാന്‍ കൂടുതല്‍ ചുമതലകള്‍ ഏറ്റെടുത്തെങ്കിലും സ്വതന്ത്ര പരിഗണന നല്‍കാതെ പ്രകാശിന്റെ ഭാര്യ എന്നതുമായി കൂട്ടിക്കുഴച്ചു. രാഷ്‌ട്രീയ ഭിന്നതകളുടെ സമയത്ത് ഈ നടപടികള്‍ പലതവണയുണ്ടായി. സ്ത്രീകള്‍ക്ക് പാര്‍ട്ടിക്കുള്ളില്‍ അവഗണന നേരിടുന്നുണ്ടെന്ന് പലരും പരാതി ഉന്നയിക്കുന്ന കാലത്താണ് പാര്‍ട്ടിയുടെ ആദ്യ വനിതാ പോളിറ്റ് ബ്യൂറോ അംഗത്തിന്റെ ഈ വെളിപ്പെടുത്തല്‍.
മാധ്യമങ്ങളുടെ ദുഷ്ടലാക്കോടെയുള്ള പ്രചാരണം തനിക്കെതിരെ ഉണ്ടായെന്നും വൃന്ദ് വിമര്‍ശിച്ചു. ആണവകരാറിനെതിരെ കോണ്‍ഗ്രസിനുള്ള പിന്തുണ പ്രഖ്യാപിച്ചതാരെന്നതിന് പതി പത്‌നി ഓര്‍ വോ (ഭര്‍ത്താവും ഭാര്യയും സുഹൃത്തും) എന്ന് ചില പത്രങ്ങള്‍ തലക്കെട്ട് നല്‍കിയതുമായി ബന്ധപ്പെട്ടാണ് ഈ പരാമര്‍ശം. അന്ന് പാര്‍ട്ടി പിബിയില്‍ ഇവര്‍ക്ക് പിന്തുണ നല്‍കിയത് കേരളത്തില്‍ നിന്നുള്ള പിബി അംഗമായ എസ് രാമചന്ദ്രന്‍ പിള്ളയായിരുന്നു. ഈ നിലയില്‍ പാര്‍ട്ടി നേതാക്കളുടെ ഇടയില്‍ നിന്നും തനിക്കെതിരെ നീക്കം നടന്നിട്ടുണ്ട്.
പാര്‍ട്ടി കമ്മിറ്റികളില്‍ സ്ത്രീകളെ തഴയുന്നുവെന്ന് ആരോപിച്ച് നേരത്തെ കൊല്‍ക്കത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്ന് വൃന്ദ ഇറങ്ങിപ്പോവുകയും അത് വിവാദമാവുകയും ചെയ്തിരുന്നു. സംഭവത്തില്‍ വൃന്ദക്കെതിരെ പാര്‍ട്ടി നടപടിയുമെടുത്തിരുന്നു. പിന്നീട് വൃന്ദയുടെ ആവശ്യം പരിഗണിക്കുകയും സ്ത്രീകളെ പാര്‍ട്ടിയുടെ ഉന്നത സ്ഥാനങ്ങളിലേക്ക് കൂടുതലായി തെരഞ്ഞെടുക്കുകയും ചെയ്തു. ബംഗാല്‍ ഘടകം വൃന്ദയ്‌ക്കും ഭര്‍ത്താവ് പ്രകാശ് കാരാട്ടിനും എതിരാണ്. അതിനു പിന്നാലെയാണ് ദല്‍ഹി ഘടകത്തില്‍ നിന്നും മുമ്പ് ലഭിച്ച വിവേചനങ്ങള്‍ക്കെതിരെ വൃന്ദ എഴുതിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: