തിരുവനന്തപുരം: ജല്‍ജീവന്‍ മിഷന്റെ നടത്തിപ്പില്‍ സംസ്ഥാനത്തിന് ഗുരുതര പിഴവെന്ന് കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ് (ബിഎംഎസ്) സംസ്ഥാന പ്രസിഡന്റ് എം.പി. ചന്ദ്രശേഖരന്‍. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് കേരള വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘ് സംസ്ഥാന കമ്മിറ്റി ജല അതോറിറ്റി കേന്ദ്ര കാര്യാലയത്തിന് മുന്‍പില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
നിലവിലെ കുടിവെള്ള സ്രോതസ്സ് മെച്ചപ്പെടുത്തി കുടിവെളള ലഭ്യത ഉറപ്പു വരുത്താതെ 24 ലക്ഷം പുതിയ കണക്ഷനുകള്‍ നല്‍കിയതോടെ പൊതുജനങ്ങള്‍ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണെന്ന് എം.പി. ചന്ദ്രശേഖരന്‍ പറഞ്ഞു. പദ്ധതി തുടങ്ങിയ ശേഷം ലക്ഷക്കണക്കിന് ഉപഭോക്താക്കള്‍ വാട്ടര്‍ കണക്ഷനുകള്‍ ഉപേക്ഷിച്ചു. പദ്ധതിയുടെ നടത്തിപ്പില്‍ മുപ്പതാം സ്ഥാനത്താണ് കേരളം. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നേരിട്ട് ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഡിഎ അനുവദിക്കുക, ലീവ് സറണ്ടര്‍ പുന:സ്ഥാപിക്കുക, രാഷ്‌ട്രീയ പ്രേരിതമായ സ്ഥലം മാറ്റങ്ങള്‍ അവസാനിപ്പിക്കുക, അര്‍ഹമായ പ്രൊമോഷന്‍ നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു ധര്‍ണ. സംസ്ഥാന വര്‍ക്കിങ് പ്രസിഡന്റ് വി.ടി. രാജീവ് അധ്യക്ഷനായി. ബിഎംഎസ് തിരുവനന്തപുരം ജില്ലാ സെക്രട്ടറി ഇ.വി. ആനന്ദ്, ജില്ലാ വൈസ് പ്രസിഡന്റ് കെ. ജയകുമാര്‍, യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പി. പ്രദീപ്, കെ. മണികണ്ഠന്‍, കെ.പി. മധുസൂധനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: