പാലക്കാട്: ഇല്ലായ്മകളുടെയും അവഹേളനങ്ങളുടെയും ഇന്നലെകളില്‍ നിന്ന് മെയ്ക്കരുത്തിന്റെ ആയോധന കലയിലൂടെ നേട്ടങ്ങളുടെ ഉന്നതങ്ങളിലേക്ക് പറന്നുയരുകയാണ് ആതിര എന്ന 23 കാരി. പെണ്‍കുട്ടികള്‍ അധികമാരും കടന്നുചെല്ലാത്ത മേഖലയായ കളരിപ്പയറ്റില്‍ ശ്രദ്ധേയയായ ആതിരയ്ക്ക് ജീവിക്കാനുള്ള ഉള്‍ക്കരുത്തു കൂടിയാണ് കളരി. ഇപ്പോള്‍ അഭിനയവും. ചെറുപ്പത്തില്‍ തന്നെ അച്ഛനെ നഷ്ട പ്പെട്ട ഈ പെണ്‍കുട്ടിക്ക് പിന്നീട് ഏക ആശ്രയം അമ്മ വസന്തയായിരുന്നു. വീടുകളില്‍ ജോലി ചെയ്തും മറ്റും കിട്ടുന്ന വരുമാനം കൊണ്ടാണ് മകളെ പഠിപ്പിക്കാനുള്ള വക കണ്ടെത്തിയത്.
ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആതിര കളരി അഭ്യസിച്ച് തുടങ്ങിയത്. പാലക്കാട് ചന്ദ്രനഗര്‍ കൈരളി കളരി സംഘത്തിലെ ശെല്വന് ഗുരുക്കളായിരുന്നു ഗുരു.
കൈപ്പോര്, കത്തി, ഉറുമി തുടങ്ങിയ ആയോധനമുറകളിലെല്ലാം മികച്ച പരിശീലനമാണ് ആതിരയ്ക്കു കിട്ടിയത്. ആയാസ പരിശീലന മുറകള്‍ അനായാസേന ചെയ്യുന്നതിലാണ് ആതിരയുടെ മിടുക്ക്. ഇപ്പോള്‍ ജില്ലയ്ക്ക് പുറമേ സംസ്ഥാന, അന്തര്‍ സംസ്ഥാന തലത്തിലും നിരവധി നേട്ടങ്ങള്‍ സ്വന്തമാക്കി കഴിഞ്ഞു. 2017 ല്‍ സംസ്ഥാന തലത്തില്‍ വാളും പ രിചയിലും അതേവര്‍ഷം കൈപ്പയറ്റില്‍ ദേശീയതല മത്സരത്തിലും ആതിര പങ്കെടുത്തു.
ധാരാളം ശിഷ്യസമ്പത്തുള്ള ശെല്വന് ഗുരുക്കള്‍ക്ക് കളരി അടവുകളിലും പരിശീലന മികവിലും ഏറെ പ്രതീക്ഷയുള്ള ശിഷ്യ കൂടിയായിരുന്നു ആതിര. നിരവധി പരിഹാസങ്ങളും വെല്ലുവിളികളും നേരിട്ട തനിക്ക് പ്രതിസന്ധിയില്‍ തളരാതിരിക്കാനുള്ള മനക്കരുത്തിന്റെ പ്രതീകം കൂടിയാണ് കളരിയെന്ന് ആതിര പറയുന്നു.
ഐടിഐ കഴിഞ്ഞ ശേഷം ഇപ്പോള്‍ പാലക്കാട് ഗവ. വിക്ടോറിയ കോളേജിലെ രണ്ടാം വര്‍ഷ മലയാള ബിരുദ വിദ്യാര്‍ത്ഥിനിയാണ് ഈ മിടുക്കി. രാവിലെയും വൈകുന്നേരങ്ങളിലും കുട്ടികള്‍ക്ക് കളരി പരിശീലനവും നടത്തുന്നുണ്ട്. നിരവധി റിയാലിറ്റി പരിപാടികളില്‍ കളരി അഭ്യാസം നടത്തി പ്രേക്ഷകാംഗീകാരവും ഇതിനോടകം ഈ പെണ്‍കുട്ടി നേടിയിട്ടുണ്ട്.
സിനിമാഭിനയവും ആതിരയുടെ സ്വപ്നമായിരുന്നു. ഷാജോണ്‍ സംവിധാനം ചെയ്ത ‘ഗാര്ഡിയന് എയ്ഞ്ചല്‍’ എന്ന മലയാള ചലച്ചിത്രത്തില്‍ അഭിനയിച്ചു. ‘തെരിഞ്ച കാതലിങ്ക’ സൂര്യ നായകനായ കന് ഗ്വ എന്ന തമിഴ് ചിത്രത്തിലും സഹനായികയുടെ വേഷമിട്ട് അഭിനയത്തിലും മികവ് തെളിയിച്ചിട്ടുണ്ട്. ഏറ്റവും വലിയ റിയാലിറ്റി ഷോ ആയ ബിഗ് ബോസില്‍ എത്തണമെന്നാണ് കളരിയിലെ പെണ്‍പുലിയും അങ്കത്തട്ടിലെ ഉണ്ണി യാര്ച്ചയുമായ ആതിരയുടെ മോഹം. ചന്ദ്രനഗറിനടുത്തുള്ള ചെമ്പോടാണ് താമസം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: