അല്‍ റയാന്‍: ഏഷ്യന്‍ കപ്പില്‍ ഭാരതം ഇന്ന് ആദ്യ മത്സരത്തിന്. ഗ്രൂപ്പ് ബിയില്‍ ഓസ്‌ട്രേലിയയുമായാണ് മത്സരം. വൈകീട്ട് അഞ്ചിന് അല്‍ റയാനിലെ അഹ്മദ് ബിന്‍ അലി സ്‌റ്റേഡിയം ആണ് വേദി.
ദിവസങ്ങള്‍ക്ക് മുമ്പ് ഭാരത നായകന്‍ സുനില്‍ ഛേത്രി പറഞ്ഞത് ഗ്രൂപ്പ് ഘട്ടത്തിലെ വമ്പന്‍മാരെ വിറപ്പിക്കാന്‍ ശേഷിയുള്ള ടീം ആണ് ഭാരതം എന്നാണ്. അത്രമാത്രം കരുത്തരാണ് ലീഗ് റൗണ്ടില്‍ ഭാരതം ഉള്‍പ്പെട്ട ഗ്രൂപ്പ് ബിയില്‍ ഉള്ളത്. അവിടെ വലിയ പ്രതീക്ഷകള്‍ വച്ചുപുലര്‍ത്തുന്നത് ദിവാ സ്വപ്‌നം മാത്രം പക്ഷെ വലിയൊരു വേദിയില്‍ വമ്പന്‍മാരുമായി പോരടിക്കാനുള്ള അവസരം പരമാവധി മുതലാക്കാനാണ് വലിയ അവകാശവാദങ്ങളില്ലാതെ ഇഗോര്‍ സ്റ്റിമാച്ചിന്റെ പട 2022 ലോകകപ്പിലൂടെ പ്രസിദ്ധിയാര്‍ജ്ജിച്ച അല്‍ റയാനിലെ ഫുട്‌ബോള്‍ വേദിയില്‍ ഇന്നിറങ്ങുന്നത്.
ഫിഫ റാങ്കിങ്ങില്‍ 25-ാം സ്ഥാനത്താണ് ഓസ്‌ട്രേലിയ. ഖത്തര്‍ ലോകകപ്പ് പ്രീക്വാര്‍ട്ടറില്‍ ഇതേ വേദിയില്‍ അര്‍ജന്റീനയെ നന്നായി വിഷമിപ്പിച്ച ടീം ആണ് ഓസ്‌ട്രേലിയ. ഫൈനല്‍ വിസില്‍ മുഴങ്ങും വരെ ജീവശ്വാസം അടക്കിപ്പിടിച്ചാണ് അന്ന് സ്‌കലോനിക്ക് കീഴിലുള്ള മെസ്സിപ്പട 2-1ന് ജയിച്ചു കയറിയത്. അത്രത്തോളം കരുത്തരായ ടീമിനെതിരെ പരമാവധി മികച്ച പ്രകടനം പുറത്തെടുക്കുക, അതുമാത്രമേ ഛേത്രിപ്പടയ്‌ക്ക് ചെയ്യാനുള്ളൂ.
രണ്ടാമത്തെ മത്സരം 18ന് ഉസ്‌ബെക്കിസ്ഥാനെതിരെയാണ്. അന്നും ഭാരതത്തിന് വലിയ കൊട്ടിഘോഷങ്ങള്‍ക്ക് സ്ഥാനമില്ല. കാരണം ഫിഫ റാങ്കിങ്ങില്‍ അവര്‍ 68-ാം സ്ഥാനത്താണ്. ഭാരതം 102-ാം റാങ്കിലാണുള്ളത്. 23ന് നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന പോരാട്ടത്തിലാണ് ഭാരതത്തിന് ജയപ്രതീക്ഷയെങ്കിലും ഉള്ളത്. 2007ലും 2009ലും ഭാരതത്തിന് സിറിയയെ തോല്‍പ്പിക്കാന്‍ സാധിച്ചിട്ടുണ്ട്.
നോക്കൗട്ട് ഘട്ടത്തിലേക്ക് എത്താന്‍ സാധിച്ചാല്‍ കപ്പിനോളം പോന്ന പെരുമയായിരിക്കും. ഇതിന് മുമ്പ് 2011ലും 2019ലും എഎഫ്‌സി ഏഷ്യന്‍ കപ്പില്‍ അവസരം ലഭിച്ചപ്പോള്‍ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു. വസ്തുതകള്‍ക്കപ്പുറം അത്ഭുതത്തിന് ഭാരത ടീമിന് സാധ്യമോയെന്ന് കണ്ടറിയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: