ന്യൂദല്‍ഹി: കേന്ദ്രഭവന, നഗരകാര്യ മന്ത്രാലയത്തിന്റെ സ്വച്ഛ് സര്‍വേക്ഷന്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളായി മധ്യപ്രദേശിലെ ഇന്‍ഡോറിനേയും ഗുജറാത്തിലെ സൂറത്തും തെരഞ്ഞെടുക്കപ്പെട്ടു.
ഇത് ഏഴാം തവണയാണ് ഇന്‍ഡോര്‍ ഏറ്റവും വൃത്തിയുള്ള നഗരമെന്ന ബഹുമതി നേടുന്നത്. 2020 മുതല്‍ രണ്ടാം സ്ഥാനത്തായിരുന്നു സൂറത്ത്. ഇത്തവണ രണ്ടാംസ്ഥാനമില്ല. കഴിഞ്ഞ വര്‍ഷം മൂന്നാംസ്ഥാനത്തായിരുന്ന നവി മുംബൈ സ്ഥാനം നിലനിര്‍ത്തി. ദല്‍ഹി ഭാരതമണ്ഡപത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ രാഷ്‌ട്രപതി ദ്രൗപദി മുര്‍മു പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു.
കേരളത്തില്‍ നിന്ന് ആലപ്പുഴ, വര്‍ക്കല നഗരസഭകള്‍ പുരസ്‌കാരം സ്വന്തമാക്കി. ഒരു ലക്ഷത്തിന് മുകളില്‍ ജന സംഖ്യയുള്ള വിഭാഗത്തില്‍ ആലപ്പുഴയും ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള വിഭാഗത്തില്‍ വര്‍ക്കലയുമാണ് പുരസ്‌കാരം നേടിയത്. ആലപ്പുഴ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ. ജയമ്മ, വര്‍ക്കല നഗരസഭ ചെയര്‍മാന്‍ കെ.എം. ലാജി എന്നിവര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.
ഒരു ലക്ഷത്തില്‍ താഴെ ജനസംഖ്യയുള്ള നഗരങ്ങളില്‍ ഏറ്റവും വൃത്തിയുള്ള നഗരത്തിനുള്ള പുരസ്‌കാരം മഹാരാഷ്‌ട്രയിലെ സാസ്വാദിന് ലഭിച്ചു. ഛത്തീസ്ഗഡിലെ പടാന്‍, മഹാരാഷ്‌ട്രയിലെ ലോനാവ്‌ല എന്നിവ രണ്ടും മൂന്നും സ്ഥാനം നേടി. വാരാണസിയും പ്രയാഗ്‌രാജും ഏറ്റവും വൃത്തിയുള്ള ഗംഗാ പട്ടണങ്ങളായി. ഏറ്റവും വൃത്തിയുള്ള കന്റോണ്‍മെന്റ് പട്ടണത്തിനുള്ള പുരസ്‌കാരം മധ്യപ്രദേശിലെ എംഎച്ച്ഒഡബ്ല്യു കന്റോണ്‍മെന്റ് ബോര്‍ഡിന് ലഭിച്ചു.
മികച്ച സംസ്ഥാനങ്ങള്‍ എന്ന വിഭാഗത്തില്‍, മഹാരാഷ്‌ട്രയും മധ്യപ്രദേശും ഛത്തീസ്ഗഡും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. മികച്ച സഫായിമിത്ര സുരക്ഷിത് ഷെഹറിനുള്ള പുരസ്‌കാരം ചണ്ഡീഗഡ് നേടി. ചടങ്ങില്‍ ആകെ 110 പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. കേന്ദ്ര ഭവന, നഗരകാര്യ മന്ത്രി ഹര്‍ദീപ് സിങ് പുരി, സെക്രട്ടറി മനോജ് ജോഷി തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക