കൊച്ചി: മൂന്നാറിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ ഉന്നതതല സമിതിക്ക് രൂപം നല്‍കണമെന്ന് ഹൈക്കോടതി. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ നേതൃത്വത്തില്‍ ലാന്‍ഡ് റവന്യു കമ്മീഷണറും ദുരന്ത നിവാരണ കമ്മീഷണറും അംഗങ്ങളായ ഉന്നതതല സമിതി രൂപീകരിക്കാനാണ് നിര്‍ദ്ദേശം.
മൂന്നാര്‍ ഒഴിപ്പിക്കല്‍ കാര്യത്തില്‍ ആത്മാര്‍ഥതയില്ലെന്ന് ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പന് എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് വിമര്‍ശിച്ചു. മൂന്നാര്‍ മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് വണ്‍ എര്‍ത്ത് വണ്‍ ലൈഫ് അടക്കമുള്ള സംഘടനകള്‍ നല്കിയ ഹര്‍ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
കൈയേറ്റം ഒഴിപ്പിക്കലടക്കമുള്ള നടപടികളുടെ മേല്‍നോട്ടത്തിനായി കോടതിയില്‍ നല്കിയ ഉറപ്പുകള്‍ സര്‍ക്കാര്‍ പാലിക്കുന്നില്ലെന്ന് അമിക്കസ് ക്യൂറി കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. പലപ്പോഴായി പുറപ്പെടുവിച്ച ഇടക്കാല ഉത്തരവുകള്‍ നടപ്പാക്കുന്നതില്‍ പോലും വീഴ്ചയുണ്ടായതായി കോടതി കുറ്റപ്പെടുത്തി. ഇടുക്കിയിലെ ഭൂമി കൈയേറ്റവും വ്യാജ രേഖയും സംബന്ധിച്ച് ഉന്നത ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ട് കാലങ്ങള്‍ കഴിഞ്ഞിട്ടും നടപടിയുണ്ടാകുന്നില്ല. ആവശ്യമായ ഉദ്യോഗസ്ഥരെ പോലും ഇതിനായി നിയോഗിച്ചിട്ടില്ല. ഇപ്പോഴും സര്‍ക്കാര്‍ സമയം ചോദിക്കുകയാണ്. 1964 ല്‍ ഭൂപതിവ് ചട്ടം കൊണ്ടുവന്നപ്പോള്‍ ഉദ്ദേശ്യം പൊതുതാല്പര്യമായിരുന്നു. എന്നാല്‍, 1971ല്‍ കൊണ്ടുവന്ന ഭേദഗതിയിലൂടെ കൈയേറ്റക്കാര്‍ക്കും ഭൂമി പതിച്ചു നല്കുന്ന സാഹചര്യമുണ്ടായെന്നും കോടതി വിമര്‍ശിച്ചു.
മൂന്നാര്‍ കൈയേറ്റമൊഴിപ്പിക്കല്‍ സ്പെഷ്യല്‍ റവന്യു ഓഫീസിലെ തഹസില്‍ദാര്‍ക്ക് വാഹനവും ആവശ്യത്തിന് ജീവനക്കാരേയും അനുവദിക്കാനും കോടതി നിര്‍ദേശിച്ചു. ചട്ട ഭേദഗതിയുടെ നിയമസാധുത പരിശോധിക്കുമെന്ന് കോടതി വ്യക്തമാക്കി. ചീഫ് സെക്രട്ടറിക്ക് നോട്ടീസ് നല്‍കാനും അഡ്വക്കേറ്റ് ജനറല്‍ ഹാജരാകണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: