ന്യൂദല്‍ഹി: അയോദ്ധ്യയിലെ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് സാക്ഷിയാവാന്‍ ശ്രീരാമജന്മഭൂമി പ്രക്ഷോഭ നായകന്മാരായ എല്‍.കെ അദ്വാനിയും മുരളീ മനോഹര്‍ ജോഷിയും എത്തും.
പ്രായാധിക്യത്താല്‍ ദല്‍ഹിയിലെ വീട്ടില്‍ വിശ്രമത്തിലാണെങ്കിലും രാമജന്മഭൂമിയില്‍ രാംലല്ല പ്രവേശിക്കുന്നത് ദര്‍ശിക്കണമെന്ന ആഗ്രഹം അദ്വാനി പ്രകടിപ്പിച്ചു. അദ്ദേഹത്തെ ദല്‍ഹിയില്‍ നിന്ന് അയോദ്ധ്യയില്‍ എത്തിക്കുന്നതിന് പ്രത്യേക സംവിധാനങ്ങള്‍ ഒരുക്കുമെന്ന് വിശ്വഹിന്ദു പരിഷത്ത് അധ്യക്ഷന്‍ അഡ്വ. അലോക് കുമാര്‍ പറഞ്ഞു.
മുട്ട് ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന മുരളീ മനോഹര്‍ ജോഷിയും 22ന് മുമ്പായി അയോധ്യയിലെത്തുമെന്ന് അറിയിച്ചു. ആരോഗ്യത്തിന് എന്തുതന്നെ സംഭവിച്ചാലും പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ കാണാനെത്തുമെന്നായിരുന്നു മുരളീ മനോഹര്‍ ജോഷിയുടെ പ്രതികരണം.
96 വയസ് പിന്നിട്ട അദ്വാനി ഏറെ അവശനാണ്. മുരളീ മനോഹര്‍ ജോഷിയും 90 വയസ്സ് പിന്നിട്ടു. എന്നാല്‍ അയോദ്ധ്യാ പ്രക്ഷോഭത്തിന്റെ നെടുനായകത്വം വഹിച്ച ഇരുവരും പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ കാണണമെന്ന ആഗ്രഹം വ്യക്തമാക്കിയതോടെയാണ് സന്ദര്‍ശന ക്രമീകരണങ്ങള്‍ ആരംഭിച്ചത്.
രാമജന്മഭൂമിക്കായി രഥയാത്രകളുമായി വലിയ മുന്നേറ്റം നടത്തിയ അദ്വാനിയും പ്രക്ഷോഭ ഘട്ടത്തിലെ നിര്‍ണായക കാലത്ത് ബിജെപി ദേശീയ അധ്യക്ഷനായിരുന്ന മുരളീ മനോഹര്‍ ജോഷിയും രാജ്യത്തെ കോടിക്കണക്കിന് രാമഭക്തരുടെ ആവേശമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: