ന്യൂദല്‍ഹി: മാലദ്വീപ് പ്രസിഡന്റിന്റെ സന്ദര്‍ശനത്തിന് അനുമതി നല്കുന്ന കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ തീരുമാനം എടുത്തേക്കില്ല. നിലവിലെ സംഭവങ്ങളുമായി ബന്ധപ്പെട്ട് മാലദ്വീപ് സ്വീകരിക്കുന്ന തുടര്‍നടപടികളെ അടിസ്ഥാനമാക്കിയായിരിക്കും ഭാരതത്തിന്റെ തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പരാമര്‍ശത്തില്‍ പ്രതിഷേധം ശക്തമായതോടെ ഭാരതവുമായുള്ള ചര്‍ച്ചയ്ക്ക് മാലദ്വീപ് വിദേശകാര്യമന്ത്രി താല്പര്യം അറിയിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തിലും വിദേശകാര്യമന്ത്രാലയം തീരുമാനം എടുത്തിട്ടില്ല. മന്ത്രിമാരുടെ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് മാലദ്വീപിലെ ടൂറിസം സംരംഭകരുടെ സംഘടനകള്‍ കത്തയച്ചു. മാലദ്വീപിലേക്കുള്ള യാത്രകള്‍ റദ്ദാക്കിയ തീരുമാനം പിന്‍വലിക്കണമെന്നും ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകള്‍ ഭാരതത്തിലെ കമ്പനികള്‍ക്കയച്ച കത്തില്‍ പറയുന്നു. ഭാരതത്തെ പിന്തുണച്ച നേതാക്കളെ അധിക്ഷേപിച്ച മാലദ്വീപ് മാര്‍ക്കറ്റിങ് ആന്‍ഡ് പബ്ലിക് റിലേഷന്‍സ് കോര്പ്പറേഷന് എംഡി ഫാത് മത് തൗഫീഖ് ട്വിറ്റര്‍ അക്കൗണ്ട് ഡിലീറ്റ് ചെയ്തു. ചൈനീസ് സന്ദര്‍ശനം തുടരുന്ന മാലദ്വീപ് പ്രസിഡന്റ് മൊഹമ്മദ് മുയിസു ഇന്നലെ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങുമായി കൂടിക്കാഴ്ച നടത്തി. ഇരുരാജ്യങ്ങളും തമ്മില്‍ 20 കരാറുകളില്‍ ഒപ്പുവച്ചതായും വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഭാരതത്തില്‍ നിന്നുള്ള വിനോദസഞ്ചാരികള്‍ യാത്രകള്‍ ഒഴിവാക്കിയതോടെ കൂടുതല്‍ വിനോദ സഞ്ചാരികളെ മാലദ്വീപിലേക്ക് അയക്കാന്‍ നേരത്തെ മുയിസു ചൈനയോട് അഭ്യര്‍ത്ഥിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: