മുംബൈ: ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ പാലമായ അടല്‍ ബ്രിഡ്ജ് മോദി വെള്ളിയാഴ്ച ഉദ്ഘാടനം ചെയ്യുകയാണ്. ഇതോടെ മുംബൈയിലെ വ്യവസായവും ബിസിനസും കുതിയ്ക്കും. മുംബൈ സ്വദേശികളുടെ യാത്രാക്ലേശത്തിന് വലിയ ആശ്വാസവുമാകും.
അടല്‍ സേതു എന്ന് പേരിട്ടിട്ടുള്ള മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്ക് എന്ന് കൂടി വിളിക്കപ്പെടുന്ന ഈ പാലം മുംബൈയെയും മുംബൈയുടെ പ്രധാന വ്യവസായകേന്ദ്രമായ നവി മുംബൈയെയും ബന്ധിപ്പിക്കുന്നു. എപ്പോഴും ട്രാഫിക്കിനാല്‍ ശ്വാസം മുട്ടി കിതയ്ക്കുന്ന മുംബൈയ്ക്ക് പരിഹാരമാവുന്നതോടൊപ്പം ചരക്ക് നീക്കവും ബിസിനസ് കൊടുക്കല്‍ വാങ്ങലുകളും മെച്ചപ്പെടും.
അടല്‍ സേതു യാഥാര്‍ത്ഥ്യമാകുന്നതോടെ പഴയ ദ്വീപ് നഗരമായ മുംബൈയില്‍ നിന്നും നവി മുംബൈയിലേക്ക് പഴയ രണ്ട് മണിക്കൂര്‍ വേണ്ട. വെറും 20 മിനിറ്റ് മതി. 22 കിലോമീറ്റര്‍ നീളമുള്ള ഈ പാലത്തിന്റെ 16.5 കിലോമീറ്റര്‍ കടലിലേക്ക് തള്ളിയാണുള്ളത്. മുംബൈയില്‍ ഉയരുന്ന പുതിയ അടിസ്ഥാനസൗകര്യ വികസനങ്ങളുടെ കേന്ദ്രബിന്ദുവായി അടല്‍ സേതു മാറും.
വ്യവസായി ആനന്ദ് മഹീന്ദ്ര എക്സ് എന്ന സമൂഹമാധ്യമത്തില്‍ പങ്കുവെച്ച അടല്‍ സേതുവിന്റെ മനോഹര ചിത്രങ്ങള്‍:
Shri Atal Bihari Vajpayee Trans Harbour Link. No need to add more words than that to these incredible pics by @ompsyram pic.twitter.com/GxPwerV8rO
— anand mahindra (@anandmahindra) January 11, 2024
2,36 കോടി പേര് ജീവിക്കുന്ന ഇന്ത്യയുടെ സാമ്പത്തിക സിരാകേന്ദ്രമായ മുംബൈ മെട്രോ പ്രദേശത്ത് ഈ അടല്‍ പാലത്തെ ബന്ധപ്പെടുത്തി 1000 കോടി ഡോളറിന്റെ അടിസ്ഥാനസൗകര്യവികസനപദ്ധതി 2024 അവസാനിക്കുന്നതോടെ പുതുതായി ഉയരുമെന്ന് ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസ് പറയുന്നു. പിന്നീടുള്ള മൂന്ന് മുതല്‍ ആറ് വര്‍ഷത്തിനുള്ളില്‍ മറ്റൊരു 6000 കോടി ഡോളറിന്റെ അടിസ്ഥാന സൗകര്യ വികസനപദ്ധതികള്‍ അടല്‍ പാലവുമായി ബന്ധപ്പെടുത്തി ഉയരും. ഇതോടെ മുംബൈയുടെ ഗതാഗത വേഗത പതിന്മടങ്ങ് വര്‍ധിക്കും.
കാര്‍ ഉപയോഗിക്കുന്നവരുടെ എണ്ണം ഇരട്ടിയായപ്പോഴും മുംബൈയുടെ റോഡിന്റെ നീളം കൂടിയില്ല. ഒരു കിലോമീറ്ററില്‍ 2000 പേര് എന്ന കണക്കിലാണ് ഗതാഗതത്തിരക്ക്. ദല് ഹി നഗരത്തില്‍ 29000 കിലോമീറ്റര്‍ റോഡുള്ളപ്പോള്‍ മുംബൈ നഗരത്തിന്റെ റോഡ് ദൈര്‍ഘ്യം വെറും 2000 കിലോമീറ്റര്‍ മാത്രം. ഈ ഘട്ടത്തില്‍ അടല്‍ സേതു ഒരു അനുഗ്രഹമാവും.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: