ധര്‍മപുരി: മതസ്പര്‍ദ്ധ വളര്‍ത്തിയെന്ന കുറ്റചുമത്തി ബിജെപി തമിഴ്നാട് സംസ്ഥാന അധ്യക്ഷന്‍ കെ അണ്ണാമലൈക്കെതിരെ തമിഴ്നാട്ടിലെ ധര്‍മപുരി പോലീസ് കേസെടുത്തു. ജനുവരി എട്ടിന് പാപ്പിറെഡ്ഡിപ്പട്ടിക്കടുത്ത് ബൊമ്മിടി പ്രദേശത്ത് ബിജെപി അധ്യക്ഷന്‍ നടത്തിയ ‘എന്‍ മണ്ണ് എന്‍ മക്കള്‍’ റാലിക്കിടെ പള്ളിയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നുണ്ടായ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്.
പള്ളിയില്‍ പ്രവേശിക്കാന്‍ എത്തിയ അണ്ണാമലൈയെ ഒരു കൂട്ടം ക്രിസ്ത്യന്‍ യുവാക്കള്‍ എതിര്‍ത്തുവെന്നും ഇവര്‍ തമ്മില്‍ വാക്കേറ്റമുണ്ടായതായും ധര്‍മപുരി പോലീസ് പറഞ്ഞു. അണ്ണാമലൈ തന്റെ റാലിക്കിടെ പാപ്പിറെഡ്ഡിപ്പട്ടിയിലെ സെന്റ് ലൂര്‍ദ് പള്ളിയിലെ മേരിയുടെ പ്രതിമയില്‍ മാല ചാര്‍ത്താന്‍ എത്തിയതായിരുന്നു.
എന്നാല്‍ മണിപ്പൂര്‍ വിഷയം ചൂണ്ടിക്കാട്ടി ഒരു കൂട്ടം യുവാക്കള്‍ അദ്ദേഹത്തിന്റെ പള്ളി പ്രവേശനത്തെ എതിര്‍ക്കുകയും അണ്ണാമലൈക്കെതിരെ മുദ്രാവാക്യം വിളിക്കുകയും ചെയ്തുവെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. പ്രതിഷേധം ഉയര്‍ത്തിയ യുവാക്കളോട് അണ്ണാമലൈ മണിപ്പൂര്‍ വിഷയം വിശദീകരിച്ചു നല്കിയെങ്ങിലും ഇവര്‍ രൂക്ഷമായ തര്‍ക്കം ഉണ്ടാകുകയായിരുന്നു.
നിങ്ങള്‍ ഡിഎംകെയെ പോലെ സംസാരിക്കരുത്. ഇതൊരു പൊതു ഇടമാണ്. എന്നെ തടയാന്‍ നിങ്ങള്‍ക്ക് എന്ത് അവകാശമാണുള്ളത്്? ഞാന്‍ പതിനായിരത്തോളം ആളുകളെ അണിനിരത്തി ധര്‍ണ നടത്തിയാല്‍ നിങ്ങള്‍ എന്ത് ചെയ്യുമെന്നും അണ്ണാമലൈ പറയുന്നത് വൈറലായ വീഡിയോയില്‍ കേള്‍ക്കാന്‍ സാധിക്കും. പിന്നീട് പോലീസ് ഇടപെട്ട് അണ്ണാമലൈക്ക് പ്രതിമയില്‍ മാല ചാര്‍ത്താന്‍ സാധിച്ചു.
കാര്‍ത്തിക് എന്ന വ്യക്തി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ധര്‍മ്മപുരി ജില്ലയിലെ ബൊമ്മിഡി പോലീസ് സ്റ്റേഷനില്‍ 153 (എ), 504, 505 (2) വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ സംഭവം ആസൂത്രിതമാണെന്നും അണ്ണാമലൈയുടെ പള്ളി പ്രവേശനത്തെ എതിര്‍ത്ത സംഘം ഭരണകക്ഷിയായ ഡിഎംകെയുടേ ആളുകളാണെന്നുമെന്ന് ബിജെപി സംസ്ഥാന ഘടകം പറഞ്ഞു. അണ്ണാമലയ്ക്കെതിരായ ഡിഎംകെ സര്‍ക്കാരിന്റെ നിയമനടപടിയില്‍ പാര്‍ട്ടി അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: