കൊച്ചി: ഗായകന്‍ യേശുദാസ് ഭാരതത്തിന്റെ മാത്രമല്ല, ലോകത്തിന്റെ തന്നെ സ്വത്താണെന്ന് നടന്‍ കമല്‍ഹസന്‍. യേശുദാസിന്റെ ആദ്യ തമിഴ് ഗാനമായ ‘നാനും ബൊമ്മൈ നീയും ബൊമ്മൈ’ മുതലുള്ള സമ്പന്നമായ ഓര്‍മകള്‍ അദ്ദേഹത്തെപ്പറ്റി എനിക്കുണ്ട്.- കമല്‍ പറഞ്ഞു. യേശുദാസിന്റെ ശതാഭിഷേക ദിനമായ ഇന്നലെ കൊച്ചി അസീസിയ കണ്‍വന്‍ഷന്‍ സെന്ററില്‍ നടന്ന ആഘോഷത്തില്‍ ഓണ്‍ലൈനായി പങ്കെടുക്കുകയായിരുന്നു കമല്‍ ഹാസന്‍.
തരംഗിണി, യേശുദാസ് അക്കാദമി, മലയാള പിന്നണി ഗായകരുടെ കൂട്ടായ്മയായ സമം എന്നിവരുടെ നേതൃത്വത്തില്‍ നടന്ന ആഘോഷത്തില്‍ യുഎസിലെ വസതിയില്‍നിന്ന് യേശുദാസും ഭാര്യ പ്രഭയും ഇളയമകന്‍ വിശാലും കുടുംബവും മുഴുവന്‍ സമയവും ഓണ്‍ലൈനായി പങ്കെടുത്തു. കൊച്ചിയിലെ പരിപാടികള്‍ക്ക് മകനും ഗായകനുമായ വിജയ് യേശുദാസ് നേതൃത്വം നല്കി.
ദാസേട്ടന്റെ ആയുരാരോഗ്യത്തിനായി ദൈവം എന്ത് ചോദിച്ചാലും താന്‍ നല്കാന്‍ തയാറാണെന്നു കെ.എസ്. ചിത്ര പറഞ്ഞു. എല്ലാ ദൈവങ്ങളും അനുഗ്രഹിച്ച് ഭൂമിയിലേക്ക് അയച്ച ഗായകനാണ് യേശുദാസെന്നായിരുന്നു സംഗീതസംവിധായകന്‍ ശരത്തിന്റെ ആശംസ. യേശുദാസിന്റെ സ്വാധീനത്തിലാണ് താന്‍ പാട്ടിലേക്ക് എത്തിയതെന്നു ഗായിക ശ്വേത മോഹന്‍ അനുസ്മരിച്ചു. ദാസേട്ടനെ ആശംസിക്കാനുള്ള അര്‍ഹത തനിക്കില്ലെന്നും ഇവിടെവരെ എത്തിച്ചതിനു നന്ദി മാത്രമേ പറയാനുള്ളൂവെന്നുമായിരുന്നു സംഗീതസംവിധായകന്‍ ടി.എസ്. രാധകൃഷ്ണന്റെ വാക്കുകള്‍.
തന്റെ സിനിമയ്‌ക്കുവേണ്ടി ഒരുപാടു പാട്ടുകള്‍ പാടിത്തന്നുവെന്നതല്ല, താന്‍ എഴുതിയ പാട്ടുകള്‍ പാടി എന്നതാണ് ഏറ്റവും വലിയ സന്തോഷമെന്നു സത്യന്‍ അന്തിക്കാട് പറഞ്ഞു. സല്ലാപം എന്ന സിനിമയിലൂടെ തനിക്ക് ജൂനിയര്‍ യേശുദാസ് എന്ന കഥാപാത്രമായി അഭിനയിക്കാന്‍ സാധിച്ചതിലെ സന്തോഷമാണു നടന്‍ ദിലീപ് പങ്കുവച്ചത്.
”സാധാരണ വില്ലന്മാര്‍ക്കു പാട്ടു ലഭിക്കാറില്ല. എന്നാല്‍ വില്ലന്‍ വേഷത്തിലാണ് എനിക്ക് അനന്തഭദ്രത്തിലെ ദാസേട്ടന്റെ ‘തിര നുരയും…’ എന്ന ഉജ്വലമായ ഗാനം പാടി അഭിനയിക്കാന്‍ കഴിഞ്ഞത്.”- മനോജ് കെ. ജയന്‍ പറഞ്ഞു.
ദാസേട്ടന് ഗുരുദക്ഷിണവച്ച് കൊണ്ടാണ് താന്‍ സംഗീതത്തിലേക്ക് ഇറങ്ങിയതെന്ന ഓര്‍മ വൈക്കം വിജയലക്ഷ്മി പങ്കുവച്ചു. സംഗീതത്തിലൂടെ എല്ലാവരും സ്‌നേഹവും സഹോദര്യവും നിലനിര്‍ത്തണമെന്ന് കെ. ജെ. യേശുദാസ് മറുപടി പ്രസംഗത്തില്‍ പറഞ്ഞു. കേരളത്തിലെത്താന്‍ മനസ് തുടിക്കുകയാണെന്നും അടുത്ത വരവില്‍ പഴയ സഹപ്രവര്‍ത്തകരുമായി ഒത്തുകൂടുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വിജയ് യേശുദാസ് പിറന്നാള്‍ കേക്ക് മുറിച്ച് യേശുദാസിന്റെ സഹപാഠിയും സംഗീതജ്ഞനുമായ ഡോ. ചേര്‍ത്തല ഗോവിന്‍കുട്ടിക്കു നല്കി. യേശുദാസ് പാടിയ ഒട്ടേറെ ചലച്ചിത്ര ഗാനങ്ങളുടെ പല്ലവി ചടങ്ങില്‍ വിവിധ പിന്നണി ഗായകര്‍ ആലപിച്ചു. ചലച്ചിത്ര ലോകത്തെ ഒട്ടേറെ പ്രമുഖര്‍ നേരിട്ടും ഓണ്‍ലൈനായും പങ്കെടുത്തു. പിറന്നാള്‍ സദ്യയുമുണ്ടായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: