തൃശ്ശൂര്‍: തൃശ്ശൂര്‍ നഗരത്തിലെ എരിഞ്ഞേരി അങ്ങാടിയിലെ പ്രാരാബ്ധങ്ങളേറെയുള്ള തട്ടില്‍ കുടുംബത്തില്‍നിന്ന് പുരോഹിത വൃത്തിയിലേക്ക് എത്തിയ മാര്‍ റാഫേല്‍ തട്ടിലിന് സിറോ മലബാര്‍ സഭയെ നയിക്കാനുള്ള നിയോഗം.
തൊട്ടതെല്ലാം പൊന്നാക്കിയ ചരിത്രമാണ് ഇത്രയും വിപുലമായ ചുമതല എല്പിക്കാന് മാര്‍ റാഫേല്‍ തട്ടിലിനെത്തന്നെ സഭ തെരഞ്ഞെടുക്കാന്‍ കാരണം. മൂന്നര വര്‍ഷമായി ഇന്ത്യയിലെ അപ്പസ്തോലിക് വിസിറ്റേറ്ററായും ഷംസാബാദ് ബിഷപ്പായും ചുമതല നോക്കി വരികയായിരുന്നു മാര്‍ റാഫേല്‍ തട്ടില്‍.
തൃശൂര്‍ രൂപതയുടെ സഹായ മെത്രാനായിരിക്കെ മികച്ച മേജര്‍ സെമിനാരി രൂപകല്പന ചെയ്തു നടപ്പാക്കാന്‍ നേതൃത്വം നല്കിയ മാര്‍ തട്ടില്‍ മികച്ച വാഗ്മിയാണ്. ആവേശം കൊള്ളിക്കുന്ന പ്രസംഗം.
തൃശൂര്‍ പുത്തന്‍ പള്ളി ബസിലിക്ക ഇടവകാംഗമാണ്. ബസിലിക്കയ്ക്കു പിറകില്‍ മാര്‍തോമ ഗേള്‍സ് ഹൈസ്കുളിനു മുന്നിലാണ് മാര്‍ തട്ടിലിന്റെ വീട്. തട്ടില്‍ തോമ ഔസേഫിന്റേയും ഏനാമാവ് കാഞ്ഞിരത്തിങ്കല്‍ ദേവസിയുടെ മകള്‍ ത്രേസ്യയുടേയും പത്താമത്തെ മകന്. 1956 ഏപ്രില്‍ 21 നാണു ജനനം.
റാഫേലിനു രണ്ടര വയസുള്ളപ്പോള്‍ പിതാവു മരിച്ചു. അമ്മയ്ക്കൊപ്പം മൂത്ത സഹോദരന് ലാസറാണ് തന്നേയും സഹോദരങ്ങളേയും വളര്‍ത്തിയതെന്ന് മാര്‍ റാഫേല്‍ തട്ടില്‍ പറയാറുണ്ട്. 1980 ഡിസംബര്‍ 21 നു മാര്‍ ജോസഫ് കുണ്ടുകുളത്തില്‍നിന്ന് പൗരോഹിത്യം സ്വീകരിച്ചു. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്സ്റ്റിറ്റിയൂട്ടില്നിന്ന് ‘പ്രീസ്റ്റ്ലി ഫോര്മേഷന് ഇന്‍ ദ സീറോ മലബാര്‍ ചര്‍ച്ച്’ എന്ന വിഷയത്തില്‍ ഡോക്ടറേറ്റ് നേടി. ഇംഗ്ലീഷിനു പുറമേ, ജര്‍മന്‍, ഇറ്റാലിയന്‍, ലാറ്റിന്‍ എന്നീ ഭാഷകളും അറിയാം.
തൃശ്ശൂര്‍ രൂപതാ വൈസ് ചാന്‍സലര്‍, മൈനര്‍ സെമിനാരി വൈസ് റെക്ടര്‍, ഡിബിസിഎല്‍സി ഡയറക്ടര്‍ തുടങ്ങിയ നിലകളില്‍ സേവനമനുഷ്ഠിച്ചു. 1996 ലും 98 ലും ചാന്‍സലറായി. വിശുദ്ധ എവുപ്രാസ്യാമ്മയുടേയും വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയുടേയും നാമകരണ കോടതികളില്‍ സുപ്രധാന ചുമതലകള്‍ വഹിച്ചു. മാര്‍ കുണ്ടുകുളം, മാര്‍ ജേക്കബ് തൂങ്കുഴി എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായാണ് 2010 ല്‍ തൃശൂര്‍ അതിരൂപതയുടെ സഹായ മെത്രാനായത്. 2003 ല്‍ ജോണ്‍ പോള്‍ രണ്ടാമന് മാര്‍പാപ്പയില്‍നിന്ന് ‘പേപ്പല്‍ ചേംബര്‍ലൈന്‍’ ബഹുമതി ലഭിച്ചിട്ടുണ്ട്. തൃശ്ശൂര്‍ അതിരൂപതയുടെ സഹായമെത്രാനായി 2010 ഏപ്രില്‍ പത്തിന് അഭിഷിക്തനായ മാര്‍ റാഫേല്‍ തട്ടിലിനെ 2014 ജനുവരി 11 ന് മാര്‍പാപ്പ ഇന്ത്യയിലെ അപ്പസ്തോലിക് വിസിറ്റേറ്ററായി നിയമിച്ചു. 2018ല്‍ ഷംഷാബാദ് ബിഷപ്പായി നിയമിതനായി. ഈ ചുമതലയില്‍ നിന്നാണ് ഇപ്പോള്‍ സീറോ മലബാര്‍ സഭയെ നയിക്കാനുള്ള നിയോഗം ലഭിച്ചിരിക്കുന്നത്.
മേജര്‍ ആര്‍ച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട മാര്‍ റാഫേല്‍ തട്ടിലിനെ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി.എന്‍.ഈശ്വരന് ആശംസകള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: