ന്യൂദല്‍ഹി : അയോധ്യയിലെ ശ്രീരാമക്ഷേത്രത്തില്‍ ഈ മാസം 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി രാജ്യമെമ്പാടുമായി 1,200 ദര്‍ഗകളിലും മുസ്ലീം പള്ളികളിലും ദീപങ്ങള്‍ (മണ്‍വിളക്കുകള്‍) തെളിക്കുമെന്ന് ബിജെപി ന്യൂനപക്ഷ വിഭാഗം അറിയിച്ചു.
ഈ മാസം 12 മുതല്‍ 22 വരെയാണ് ദീപോത്സവം എന്ന് പേരിട്ടിരിക്കുന്ന പരിപാടി.
‘രാജ്യത്തുടനീളമുള്ള 1,200 ചെറുതും വലുതുമായ മുസ്ലീം പള്ളികളിലും ദര്‍ഗകളിലും ദീപം തെളിക്കും. ദീപം തെളിക്കേണ്ട പളളികള്‍ നിശ്ചയിച്ചു കഴിഞ്ഞു-ബിജെപി ന്യൂനപക്ഷ വിഭാഗം കണ്‍വീനര്‍ യാസര്‍ ജിലാനി പറഞ്ഞു. ദല്‍ഹിയില്‍ 36 ദര്‍ഗകളിലും പള്ളികളിലുമാണ് ദീപം തെളിക്കുക. ദല്‍ഹി ജുമാ മസ്ജിദിലും നിസാമുദ്ദീന്‍ ദര്‍ഗയിലും ദീപം തെളിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഡിസംബര്‍ 30 ന്, അയോധ്യ സന്ദര്‍ശിച്ചപ്പോള്‍ ക്ഷേത്ര പ്രതിഷ്ഠാ ദിനത്തില്‍ ആളുകളോട് അവരുടെ വീടുകളില്‍ ദീപങ്ങള്‍ തെളിക്കാന്‍ ആവശ്യപ്പെട്ടിരുന്നു. ജനുവരി 14 മുതല്‍ 22 വരെ രാജ്യത്തുടനീളമുള്ള തീര്‍ത്ഥാടന കേന്ദ്രങ്ങളിലും ക്ഷേത്രങ്ങളിലും ശുചീകരണ യജ്ഞങ്ങള്‍ നടത്താനും അദ്ദേഹം ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
വിവിധ മതങ്ങള്‍, സംസ്കാരങ്ങള്‍, വംശങ്ങള്‍ എന്നിവയില്‍ നിന്നുള്ള വ്യക്തികളെ ഒരുമിച്ച് കൊണ്ടുവന്ന് രാജ്യത്ത് സാമുദായിക സൗഹാര്‍ദ്ദം ശക്തിപ്പെടുത്തുന്നതിനാണ് ലക്ഷ്യമിടുന്നതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
എല്ലാ സംസ്ഥാനങ്ങളിലെയും ബി.ജെ.പിയുടെ ന്യൂനപക്ഷ വിഭാഗത്തിന്റെ സംസ്ഥാന അധ്യക്ഷന്മാര്ക്ക് ‘ദീപോത്സവം’ സംഘടിപ്പിക്കാനും സാഹോദര്യത്തിന്റെ സന്ദേശം പ്രചരിപ്പിക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിപുലമായ ചടങ്ങിന്റെ ഭാഗമാകുക എന്നത് മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും ജിലാനി പറഞ്ഞു.
മറ്റ് മതങ്ങളെ ബഹുമാനിക്കണമെന്ന് ഇസ്ലാം പറയുന്നുണ്ടെന്ന് ജിലാനി അടിവരയിട്ടു.നൂറ്റാണ്ടിലെ ഏറ്റവും വലിയ ചടങ്ങാണ് ശ്രീരാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ്. രാജ്യം മുഴുവന്‍ രാമക്ഷേത്ര നിര്‍മ്മാണം ആഘോഷിക്കുകയാണ്. വ്യത്യസ്തമായ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഞങ്ങളും ഞങ്ങളാല്‍ കഴിയുന്നത് ചെയ്യുന്നു- യാസര്‍ ജിലാനി പറഞ്ഞു. .
പ്രതികരിക്കാൻ ഇവിടെ എഴുതുക: