ന്യൂദല്‍ഹി: ബാബറി മസ്ജിദ് പണിതു നല്‍കാമെന്ന് വാക്കുകൊടുത്ത പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അനുരാഗ് താക്കൂര്‍ ആരോപി
ച്ചു.
രാമക്ഷേത്ര ഉദ്ഘാടനം ബഹിഷ്‌ക്കരിച്ച കോണ്‍ഗ്രസ് നടപടിയെ അപലപിച്ച അനുരാഗ് താക്കൂര്‍, വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജനം കോണ്‍ഗ്രസിനെ ബഹിഷ്‌ക്കരിക്കുമെന്നും മുന്നറിയിപ്പ് നല്‍കി. കോണ്‍ഗ്രസിന് അവരുടെ സ്വഭാവം മാറ്റാനാവില്ല. ശ്രീരാമന്‍ സങ്കല്‍പ്പം മാത്രമാണെന്ന് പറഞ്ഞ പാര്‍ട്ടിയാണവരുടേത്. രാമക്ഷേത്രം രാമജന്മഭൂമിയില്‍ പണിയാതിരിക്കാന്‍ സുപ്രീംകോടതിയില്‍ സ്വന്തം നേതാക്കളായ അഭിഭാഷകരെ നിരത്തിയ പാര്‍ട്ടിയും കോണ്‍ഗ്രസാണ്, താക്കൂര്‍ ആരോപിച്ചു.
ഭഗവാന്‍ ശ്രീരാമന്‍ ഈ നാടിന്റെ അസ്തിത്വമാണെന്നും പ്രാണപ്രതിഷ്ഠ ബഹിഷ്‌ക്കരിക്കുന്നതിലൂടെ രാജ്യത്തിന്റെ അസ്തിത്വത്തെയാണ് കോണ്‍ഗ്രസ് ബഹിഷ്‌ക്കരിച്ചതെന്നും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ ശിവരാജ്സിങ് ചൗഹാന്‍ പറഞ്ഞു.
അയോധ്യയിലെ ചടങ്ങുകള്‍ക്ക് പോയില്ലെങ്കില്‍ അവര്‍ അതില്‍ പശ്ചാത്തപിക്കേണ്ടിവരുമെന്ന് കേന്ദ്രമന്ത്രി ഹര്‍ദീപ്സിങ് പുരി പറഞ്ഞു. തുടക്കം മുതല്‍ കോണ്‍ഗ്രസിന്റെ മാനസികാവസ്ഥ രാമനെതിരാണെന്ന് ബിജെപി എംപി മനോജ് തിവാരി കുറ്റപ്പെടുത്തി. രാമന്‍ ബിജെപിക്കാരുടേതോ ആര്‍എസ്എസുകാരുടേതോ അല്ല. ഈ രാജ്യത്തെ കോടാനുകോടി ജനങ്ങളുടേതാണ് രാമന്‍. അയോധ്യയിലെ രാമക്ഷേത്രത്തില്‍ രാമനില്ല എന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഇതൊക്കെ അവരുടെ പ്രശ്നങ്ങളാണ്, തിവാരി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: