കേരളത്തില്‍ കുടുംബപ്രബോധന പ്രവര്‍ത്തനം ആരംഭിച്ചകാലത്തുള്ള ഒരു പ്രാര്‍ത്ഥനാ ശ്ലോകമുണ്ട്.
‘വന്ദേഹം മാതരം ദേവീം
പിതരം ച മഹേശ്വരം
വന്ദേ ഗണേശ്വരം സ്കന്ദം
കുടുംബം ച സുശോഭനം’
പാര്‍വതീ മാതാവും പരമശിവനും ഗണേശനും കാര്‍ത്തികേയനും അടങ്ങിയ മംഗളഭവനത്തെ വന്ദിക്കുന്നു എന്നതാണ് പ്രാര്‍ഥന. ഈ ദേവകുടുംബത്തിലെ സര്‍വരും പൂജനീയരാണ് എന്നതാണ് ഈ കുടുംബത്തിന്റെ സവിശേഷത. ഏവര്‍ക്കും ക്ഷേത്രവും പൂജയുമുണ്ട്. മറ്റൊരു കുടുംബത്തിലും ഇതു ദൃശ്യമല്ല. കൂടുമ്പോള്‍ ഇമ്പമാവുന്നതാവണം കുടുംബം എന്നാണ് പറയാറ്. പാമ്പും എലിയും മയിലും കാളയും സിംഹവും ചേര്‍ന്ന ഈ കുടുംബത്തില്‍ ഇമ്പമല്ല, ഭൂകമ്പമാണ് ഉണ്ടാകാവുന്നത്. എന്നാല്‍ ഈ പരസ്പരവിരുദ്ധ ഘടകങ്ങള്‍ക്ക് ഇടയില്‍ നിന്ന് സര്‍വാദരണീയരായ മക്കളെ വളര്‍ത്തിയെടുക്കുന്ന പാര്‍വതീമാതാവിന്റെ കൗശലം മഹനീയം തന്നെ!
പാര്വതീമാതാവ് ഇതെങ്ങനെ സാധിച്ചെടുത്തു എന്നത് കാണേണ്ടതുണ്ട്. പാര്വതീമാതാവ് ആദ്യം ശിവഭഗവാനെ സമീപിച്ചത് കാമദേവന്റെ പിന്‍ബലത്തോടെയാണ്. എന്നാല്‍ ഭോഗത്തിന്റെ പ്രതീകമായ സര്‍പ്പത്തെ കണ്ഠാഭരണമാക്കിയ യോഗേശ്വരനു മുന്നില്‍ കാമന് ഭസ്മമായി. ഇതു കണ്ട പാര്‍വതിയും ഭോഗബുദ്ധി വെടിഞ്ഞ് യോഗബുദ്ധി സ്വീകരിച്ചു. ആ രണ്ടു യോഗിമാരുടെ മക്കളാണ് ഗണേശനും മുരുകനും. എന്നു മാത്രമല്ല, മക്കള്‍ക്ക് ഉത്തമലക്ഷ്യവും മാര്‍ഗവും കാണിച്ചു കൊടുക്കുവാന്‍ മര്യാദാ പുരുഷോത്തമനും ധര്‍മ്മ മൂര്‍ത്തിയുമായ ശ്രീരാമന്റെ കഥ ഭഗവാനെക്കൊണ്ടു ദേവി പറയിപ്പിച്ചു. സര്‍വജ്ഞയായ ദേവിക്ക് രാമചരിതം അറിയാത്തതല്ല. എന്നാലും മക്കള്‍ക്ക് കേട്ടു വളരാന്‍ ഒരു സത്സംഗം വേണം എന്നു പാര്‍വതി തീര്‍ച്ചയാക്കി. അങ്ങനെയാണ് ‘ഇതി അധ്യാത്മ രാമായണേ, ഉമാമഹേശ്വര സംവാദേ’ രാമായണ കഥ കാണ്ഡങ്ങളിലൂടെ വികസിച്ചു വന്നതെന്ന് അധ്യാത്മരാമായണം കിളിപ്പാട്ടു വ്യക്തമാക്കുന്നു. അതായത് ശിവ കുടുംബത്തിന്റെ ഐശ്വര്യഹേതു സത്സംഗമാണെന്നും അതിനു ചുക്കാന്‍ പിടിച്ചത് പാര്‍വതീ മാതാവാണെന്നും കാണുന്നു.
മാതാപിതാക്കളുടെ ഇത്തരം തപസും മുന്‍കരുതലുമാണ് ഭാവിതലമുറയുടെ കെട്ടുറപ്പിന്നാധാരം എന്നു വ്യക്തമാകുന്നു. ഈ ശ്രദ്ധ ഇന്നും കുടുംബങ്ങളില്‍ ആവശ്യമാണ്. ഇന്ന് വീടുകളില്‍ കാണുന്ന ആഡംബരഭ്രമവും ഉപഭോഗവാസനയും അവയ്ക്കു വഴിമരുന്നിടുന്ന പരസ്യങ്ങളും മള്‍ട്ടിനാഷണല്‍ ഉത്പന്നങ്ങളും ആധുനിക ഹിരണ്യാക്ഷന്റേയും ഹിരണ്യകശിപുവിന്റേയും വകഭേദങ്ങളാണ്. ഉപഭോഗതൃഷ്ണ എന്ന വരബലവും ഇവര്‍ സ്വന്തമാക്കിയിട്ടുണ്ട്. അതിനാല്‍ കരുതലോടെയും ആത്മവിശ്വാസത്തോടെയും അവയെ അഭിമുഖീകരിക്കേണ്ടതുണ്ട്. ആധുനികത ഏതുകാലത്തും ഉള്ളതാണ്. ഇതു കുറേ നേട്ടവും കോട്ടവും സംഭാവന ചെയ്യുന്നുണ്ട്. വീടുകളില്‍ സ്ഥലം പിടിച്ചിട്ടുള്ള ‘തീന്മേശ’യും ടിവിയും ഫ്രിഡ്ജും മൊബൈലുകളും മോട്ടോര്‍ വാഹനങ്ങളും ഇന്ന് ഒഴിച്ചു കൂടാത്തതായിട്ടുണ്ട്. അവ ഒട്ടനവധി സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. എന്നാല്‍ അവ മനുഷ്യപ്രകൃതിയുടെ സഹജശേഷികളെ നഷ്ടപ്പെടുത്തുന്നു എന്ന സത്യവും തിരിച്ചറിയണം. ഇന്നു വീട്ടില്‍ വരുന്ന അതിഥികളെ സ്വീകരിക്കാന്‍ പുതുതലമുറ വിമുഖരാണ്. കാരണം ഗെയ്മുകളും കാര്‍ട്ടൂണുകളും ഫേസ്ബുക്കും വിട്ടു അതിഥിസത്ക്കാരത്തിന് അവര്‍ തയാറല്ല എന്നതാണ് സത്യം. വീട്ടിലെ വ്യക്തിബന്ധങ്ങള്‍ പോലും തകരുന്ന ചിത്രമാണ് നമുക്കു മുന്നിലുള്ളത്. അവയില്‍ നിന്ന് പ്രഹ്ലാദന്മാരെ രക്ഷിക്കാനാവശ്യമായ ‘നരസിംഹ’ രൂപമാണ് വീടുകളില്‍ നടക്കേണ്ട സത്സംഗം അഥവാ മംഗളസംവാദം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: