ഹൈസ്കൂള്‍ അധ്യാപകനില്‍ നിന്നും സര്‍വകലാശാലാ അധ്യാപകനിലേയ്ക്കും, അവിടുന്നു മഹാത്മാഗാന്ധി സര്‍വകലാശാലയുടെ വൈസ്ചാന്‍സലര്‍ പദവിയിലേയ്ക്കുമുള്ള ഡോ. സുകുമാരന്‍ നായരുടെ സ്ഥാനമാറ്റം അദ്ദേഹത്തിന്റെ പ്രതിഭയ്ക്കും പ്രവര്‍ത്തന മികവിനുമുള്ള അംഗീകാരമായി വേണം കാണാന്‍. കൈവച്ച മേഖലകളിലെല്ലാം സ്വന്തം കയ്യൊപ്പ് ചാര്‍ത്താന്‍ ഡോ. സുകുമാരന്‍ നായര്‍ക്ക് സാധിച്ചു. വിദ്യാഭ്യാസ മേഖലയിലെ സവിശേഷ വൈദഗ്ധ്യവും സ്വന്തം വ്യക്തിപ്രഭാവവും സുകുമാരന്‍നായര്‍ സാറിനെ എന്നും വ്യത്യസ്തനാക്കി.
കോഴിക്കോട് സര്‍വകലാശാലയിലെ ബിരുദാനന്തര ബിരുദ പഠനകാലത്താണ് അധ്യാപകനായ സുകുമാരന്‍ നായര്‍ സാറിനെ ആദ്യമായി പരിചയപ്പെടുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ പ്രതാപകാലമായിരുന്നു അത്. പ്രൊഫ. എസ്.ഗുപ്തന് നായര്‍, പൊഫ.സുകുമാര്‍ അഴീക്കോട്, പ്രൊഫ.സി.എ.ഷെപ്പേര്‍ഡ്, പ്രൊഫ. മാലിക് മുഹമ്മദ്, പ്രൊഫസര്‍മാരായ എം.ജി.എസ നാരായണന്, കെ.കെ.എന്‍.കുറുപ്പ്, കെ.ജി.അടിയോടി, ബി.കെ .നായര്‍, ഡോ. സി.എന്‍.പുരുഷോത്തമന് നായര്‍, എ.സുകുമാരന്‍ നായര്‍, ആര്.സുകുമാരന്‍ നായര്‍ എന്നിവര്‍ വിവിധ വകുപ്പുകളുടെ പ്രസിദ്ധരായ പ്രഫസര്‍മാരായിരുന്നു.
എണ്‍പതുകളുടെ അവസാനം സര്‍വകലാശാല കോമേഴ്സ് വകുപ്പില്‍ അധ്യാപകനായി വന്നതുമുതലാണ് ഡോ. സുകുമാരന്‍ നായരുമായുള്ള എന്റെ പരിചയം പൂര്‍വാധികം ശക്തമായത്. എന്റെ പ്രിയ പ്രൊഫസര്‍ ഡോ സി.എന്‍.പുരുഷോത്തമന് നായരുമായുള്ള സുകുമാരന്‍ നായരുടെ അടുത്ത സൗഹൃദം ഞങ്ങളുടെ ബന്ധത്തെ ഒന്നു കൂടി ബലപ്പെടുത്തി. അക്കാദമിക ചര്‍ച്ചകളിലും, സാസ്കാരിക സദസുകളിലുമുള്ള ഒത്തുചേരല്‍ അത് കുടുംബ ബന്ധമായി ശക്തി പ്രാപിച്ചു. സര്‍വകലാശാലയിലെ സംഘ പ്രവര്‍ത്തനത്തിന് ഈ ബന്ധം ഏറെ സഹായിച്ചു. ബൗദ്ധിക മേഖലയിലെ ഒട്ടനവധി ചര്‍ച്ചകളില്‍ നിറ സാന്നിധ്യമായിരുന്നു സുകുമാരന്‍ നായര്‍ സാര്‍.
കേരളത്തിലെ വിദ്യാഭ്യാസ രംഗത്ത് ശ്രദ്ധേയമായ പരിഷ്കാരങ്ങള്‍ കൊണ്ടു വന്ന മികച്ച വിദ്യാഭ്യാസ വിചക്ഷണനായാണ് ഡോ. സുകുമാരന്‍ നായര്‍ പരക്കെ അറിയപ്പെട്ടത്. കടുത്ത എതിര്‍പ്പുകള്‍ക്കിടയിലും ഉറച്ച തീരുമാനമെടുക്കാനുള്ള അദ്ദേഹത്തിന്റെ കഴിവ് എക്കാലത്തും ഓര്‍മ്മിക്കപ്പെടുന്നതാണ്. ഉന്നത വിദ്യാഭ്യാസ മേഖലയിലെ ഗുണനിലവാരമുയര്‍ത്തുക എന്നതായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. പ്രിഡിഗ്രി ബോര്‍ഡ് ആദ്യമായി കൊണ്ടുവരാന്‍ കാരണമായ വിദ്യാഭ്യാസ കമ്മീഷന്റെ അധ്യക്ഷനെന്ന നിലയിലാണ് നായര്‍ സാര്‍ ഏറെ അറിയപ്പെട്ടത്. എതിര്‍പ്പുകള്‍ക്കിടയിലും അത് നടപ്പിലാക്കിയെടുക്കാന്‍ അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നു. കുറഞ്ഞ ചെലവില്‍ ഉന്നത വിദ്യാഭാസം സാധാരണക്കാര്‍ക്ക് ലഭ്യമാക്കാനാണ് സുകുമാരന്‍ നായര്‍ സാര്‍ ശ്രമിച്ചത്. അതിലദ്ദേഹം വിജയിക്കുകയും ചെയ്തു.
ഗണിത ശാസ്ത്രത്തിലും, സാമൂഹ്യശാസ്ത്രത്തിലും, പൊളിറ്റിക്കല്‍ സയന്‍സിനുമൊപ്പം എജുക്കേഷണല്‍ സൈക്കോളജിയില്‍ ദേശീയ തലത്തില്‍ അംഗീകാരം നേടിയ അധ്യാപകനും, ഗവേഷകനുമായിരുന്നു ഡോ. സുകുമാരന്‍ നായര്‍. ഗണിതശാസ്ത്രത്തിനൊപ്പം വിദ്യാഭ്യാസ മനഃശ്ശാസ്ത്രവും ഇഷ്ടവിഷയമായി കൊണ്ടുനടന്നു ശാസ്ത്ര കുതുകിയായ സുകുമാരന്‍ നായര്‍. സംഗീത പാരമ്പര്യമുള്ള ഒരു കുടുംബ പശ്ചാത്തലം അദ്ദേഹത്തെ ഒരു വീണാ വാദകനാക്കി. സഹോദരന് ശ്രീ എ.രാമചന്ദ്രന് ചിത്രകാരനും സംഗീതജ്ഞനുമായിരുന്നു. സംഗീതവും സാഹിത്യവും സരസ്വതി ഉപാസനയ്ക്കുള്ള സാമഗ്രി തന്നെയാണല്ലോ. സഹധര്‍മ്മിണി കോമളം എസ് നായരും അധ്യാപികയായിരുന്നു. അച്ഛന്റെ പാരമ്പര്യം നിലനിര്‍ത്താനെന്ന വണ്ണം നാലു മക്കളും മികച്ച അധ്യാപകരായി മാറി. ശിവശങ്കര്‍, രവിശങ്കര്‍, അച്യത് ശങ്കര്‍, ഉദയശങ്കര്‍ എന്നിവര്‍, സ്വദേശത്തും വിദേശത്തുമായി വിവിധ സര്‍വകലാശാലകളില്‍ വ്യത്യസ്ത വിഷയങ്ങളില്‍ പ്രൊഫസര്‍മാരാണ്. ബയോ ഇന്‍ഫോര്‍മാറ്റിക്സ് എന്ന ശാസ്ത്ര വിഷയത്തില്‍ കേരള സര്‍വകലാശാലയില്‍ വൈദഗ്ധ്യം തെളിയിച്ച മകന് അച്യുത്ശങ്കര്‍ കേരളത്തിലെ അറിയപ്പെടുന്ന സംഗീത ഗവേഷകനാണ്. നൂതനമായ സംഗീത സാധ്യതകളുടെ അന്വേഷണത്തിലാണ് സുകുമാരന്‍ നായര്‍ സാറിന്റെ പാരമ്പര്യം പിന്തുടരുന്ന അച്യുത്ശങ്കര്‍ എസ് നായര്‍. ആംഗലേയ ലിപിയില്‍ കര്ണാടസംഗീതം ആലപിക്കുക എന്നതാണ് പുത്തന്‍ പരീക്ഷണം.
ഭാരതീയ വിചാര കേന്ദ്രത്തിന്റെ ആരംഭകാലം മുതല്‍ക്കെ ഡോ. സുകുമാരന്‍ നായര്‍ അതിന്റെ ഭാഗമായിരുന്നു. അക്കാദമിക രംഗത്തെ അദ്ദേഹത്തിന്റെ പ്രാവിണ്യം വിചാര കേന്ദ്രത്തിന്റെ കരുത്തായിരുന്നു. സ്വര്‍ഗ്ഗീയ പരമേശ്വര്‍ജിയുടെ ആത്മസുഹൃത്തെന്ന നിലയില്‍ ഭാരതീയ വിചാരകേന്ദത്തിലെ പഠന ഗവേഷണ പ്രവര്‍ത്തനത്തിലെ സജീവ സാന്നിധ്യമായി തുടര്‍ന്നു ഡോ. എ സുകുമാരന്‍ നായര്‍. ഭാരതീയ പഠന ഗവേഷണത്തിലെ പുത്തന്‍ രീതികളെക്കുറിച്ചും അതിലുണ്ടാകേണ്ട കാലാനുസൃതമായ മാറ്റത്തെ കുറിച്ചും അദ്ദേഹം കൂടുതലായി ചിന്തിക്കുമായിരുന്നു. വിദ്യാഭ്യാസ രംഗത്തെ പരിഷ്ക്കാരങ്ങളുടെയും പുത്തന്‍ ആശയങ്ങളുടെയും പൊന്നുതമ്പുരാന് എന്ന നിലയില്‍ അദ്ദേഹം എന്നും ഓര്‍മ്മിക്കപ്പെടും എന്ന കാര്യത്തില്‍ സംശയമില്ല. അധ്യാപക ജീവിതത്തിലും പൊതു പ്രവര്‍ത്തനത്തിലും അദ്ദേഹം കാണിച്ചു തന്ന മാതൃക കേരളീയ സമൂഹത്തിന് എന്നും വിലപ്പെട്ടതായിരിക്കും. അദ്ദേഹത്തിന്റെ ദേഹവിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. ആത്മാവിന്റെ നിത്യ ശാന്തിക്കായി പ്രാര്‍ത്ഥിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: