തിരുവനന്തപുരം: അന്താരാഷ്ട്ര കായിക ഉച്ചകോടി (ഐഎസ്എസ്കെ 2024) ജനുവരി 23 മുതല്‍ 26 വരെ തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്പോര്‍ട്സ് ഹബ്ബില്‍ നടക്കും. കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ ടൂര്‍ ഡി കേരള സൈക്ലത്തോണും റോഡ് ഷോയുമാണ് പ്രധാന പരിപാടി. 12ന് കാസര്‍കോട് നിന്നാരംഭിച്ച് 23ന് തിരുവനന്തപുരത്ത് റോഡ് ഷോ എത്തിച്ചേരും. ഒരൊറ്റ ലക്ഷ്യത്തിലേക്ക് കേരളം ഒരുമിച്ച് എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന കെ വാക്ക് എന്ന മെഗാ വാക്കത്തോണ്‍ 22 നാണ്. കേരളത്തിന്റെ തനത് കായികരൂപങ്ങളെ ആസ്പദമാക്കി ഹൈബ്രിഡ് ക്യാമ്പയിനും സംഘടിപ്പിക്കുന്നുണ്ടെന്ന് കായിക മന്ത്രി വി. അബ്ദുറഹിമാന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന് 23ന് കായിക ഉച്ചകോടി ഉദ്ഘാടനം ചെയ്യും. 1000 ല്‍ അധികം പദ്ധതി നിര്‍ദേശങ്ങള്‍ കായിക ഉച്ചകോടി സെമിനാറില്‍ അവതരിപ്പിക്കും. കായിക മികവിന്റെ പാരമ്യത്തിലേക്ക് കേരളത്തെ എത്തിക്കുക, കായിക സമ്പദ്ഘടന വികസിപ്പിക്കുക എന്നതാണ് പുതിയ കായികനയത്തിന്റെ പ്രധാനലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. 13 വിഷയങ്ങളിലായി 105 ദേശീയ, അന്തര്‍ദേശീയ വിദഗ്ധര്‍ പങ്കെടുക്കുന്ന സമ്മേളനങ്ങളും ഉച്ചകോടിയുടെ ഭാഗമായി നടക്കും.
സംസ്ഥാനത്ത് സര്‍ക്കാര്‍ സ്വകാര്യ മേഖലകളിലായി 10,000 തൊഴില്‍ അവസരങ്ങള്‍ ഉണ്ടെന്ന് മന്ത്രി പറഞ്ഞു. 465 തദ്ദേശ സ്ഥാപനങ്ങളില്‍ മാത്രമാണ് ഗ്രൗണ്ടുകള്‍ പണിയാനുള്ളതെന്ന് മന്ത്രി പറഞ്ഞു. മഞ്ചേരി സ്റ്റേഡിയം നിര്‍മാണത്തിനുള്ള നടപടിക്രമങ്ങള്‍ ആയിക്കഴിഞ്ഞു. പാലക്കാടും കോട്ടയത്തും രണ്ട് സ്റ്റേഡിയങ്ങള്‍ കൂടി പണിയും. മേനംകുളത്ത് മൂന്ന് സ്റ്റേഡിയം വന്‍കിട കമ്പനികളുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ച് സ്റ്റേഡിയങ്ങള്‍ നവീകരിക്കും. അന്താരാഷ്ട്ര കായിക ഉച്ചകോടിയിലൂടെ 500 കോടിയുടെ നിക്ഷേപങ്ങള്‍ എങ്കിലും ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി മന്ത്രി അബ്ദുറഹിമാന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: