അയോദ്ധ്യാനഗരത്തിന്റെ നാലതിരുകള്‍ക്കുള്ളില്‍ ഒരു ഈച്ച പോലും കടക്കില്ലെന്ന വമ്പുമായാണ് മുലായംസിങ് യാദവ് നയിക്കുന്ന ഉത്തര്‍പ്രദേശ് പോലീസും കേന്ദ്ര അര്‍ദ്ധസൈനികവിഭാഗവും കര്‍സേവകര്‍ക്കെതിരെ ഇരുമ്പുവേലികള്‍ തീര്‍ത്തത്. എന്നാല്‍ രാമസേവകര്‍ക്ക് അതൊരു ദിവസത്തെ ലക്ഷ്യമായിരുന്നില്ല. കര്‍സേവ നടത്തി മടങ്ങുക എന്നല്ല അയോദ്ധ്യയില്‍, രാമന്റെ മണ്ണില്‍ തങ്ങുക എന്നതായിരുന്നു ലക്ഷ്യം. അതുകൊണ്ടുതന്നെ ദീര്‍ഘനാള്‍ അവിടെ തങ്ങുന്നതിനുവേണ്ട തയാറെടുപ്പുകളോടെയാണ് എല്ലാവരും എത്തിയിരുന്നത്. ഞാന്‍ അടങ്ങുന്ന സംഘത്തെ ആഗ്രയിലെത്തിയപ്പോള്‍ ട്രെയിന്‍ തടഞ്ഞ് അറസ്റ്റുചെയ്തു. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ സഹോദരനെ കാണാനാണ് വന്നതെന്ന് സ്റ്റേഷന് ഓഫീസറെ ധരിപ്പിച്ചാണ് ഞാനും മറ്റ് രണ്ടുപേരും പുറത്തിറങ്ങിയത്. നടന്നും വാഹനങ്ങള്‍ മാറിമാറി കയറിയും വാരാണസിയിലെത്തി. അവിടെനിന്നും ബസില്‍ ജാവ്ന്പൂരില് എത്തിയപ്പോള്‍ പോലിസ് തടഞ്ഞു. ഞങ്ങളെ മൂന്ന് പേരെയും സ്റ്റേഷനില്‍ കൊണ്ടുപോയി. അന്ന് രാത്രിയോടെ തിരികെ വാരാണസിയില്‍ എത്തിച്ചു. അവിടെ പ്രത്യേകം തയാറാക്കിയ ജയില്‍ മുറികളില്‍ പാര്‍പ്പിച്ചു.
പിറ്റേദിവസം രാത്രി ഞങ്ങള്‍ ജയില്‍ചാടി. വീണ്ടും അയോദ്ധ്യയിലേക്ക്. ഏറെ ബുദ്ധിമുട്ടുള്ളതായിരുന്നു യാത്ര. വഴിയില്‍ വച്ച് പരിചയപ്പെട്ട നൗഷാദ് എന്ന മലയാളി ഞങ്ങളെ സുരക്ഷിതമായി അയോദ്ധ്യയ്ക്ക് അല്പമകലെയുള്ള ഒരു കര്‍ഷക ഗ്രാമത്തിലെത്തിച്ചു. അന്ന് രാത്രി അവിടെ തങ്ങി. അടുത്ത ദിവസം ഗ്രാമപ്രമുഖന്റെ നിര്‍ദ്ദേശപ്രകാരം ഒരു ട്രാക്ടറില്‍ അയോദ്ധ്യക്കരികിലെത്തിച്ചു. അവിടെനിന്ന് നാട്ടുകാരുടെ സഹായത്തോടെ ഊടുവഴികളിലൂടെ രാമജന്മഭൂമിയില്‍. വാല്മീകി രാമായണ് മന്ദിര്‍, ജാനകി മന്ദിര്‍ എന്നീ ആശ്രമങ്ങളിലാണ് കര്‍സേവകര്‍ താമസിച്ചിരുന്നത്. ഒരുമാസം മുമ്പ് തന്നെ അയോദ്ധ്യയിലെത്തി മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്ന വി.കെ. വിശ്വനാഥ (വിശ്വം പാപ്പ)നെയും എ. ഗോപാലകൃഷ്ണനെയും കെ. രാജശേഖരനെയും അവിടെ കണ്ടുമുട്ടി. മറ്റൊരു ആശ്രമത്തില്‍ ഉണ്ടായിരുന്ന വിശ്വഹിന്ദു പരിഷത് അന്താരാഷ്ട്ര വര്‍ക്കിങ് പ്രസിഡന്റ് അശോക് സിംഘല്‍, വിനയ്കടിയാര്, മുന്‍ യുപി ഡിജിപിശേഷാദ്രി തുടങ്ങിയവരെയും കണ്ടു.
ഒക്ടോബര്‍ 30ന് ഞങ്ങള്‍ അയോദ്ധ്യയിലേക്ക്.. പോലീസ് കണ്ണീര് വാതകവും ലാത്തിയും പ്രയോഗിച്ചു. വെടിവയ്പ്പിന് സാധ്യതയുണ്ടായിരുന്നതിനാല്‍ ഇരുന്ന് നിരങ്ങിയാണ് മുന്നോട്ടുപോയത്. ശ്രീരാമമന്ത്രവുമായി കര്‍സേവകര്‍ അചഞ്ചലരായി മുന്നോട്ട് നീങ്ങി. ഉച്ചയോടുകൂടി തര്‍ക്ക മന്ദിരത്തിനടുത്തെത്തി. അതിനിടയ്ക്ക് തര്‍ക്കമന്ദിരത്തിനു മുകളില്‍ രാമഭക്തര്‍ കാവിപതാക പാറിച്ച് കര്‍സേവ പൂര്‍ത്തിയാക്കിയിരുന്നു. വെടിവയ്പില്‍ നിരവധി കര്‍സേവകര്‍ മരണമടഞ്ഞു. ഒരു ദൗത്യമാണ് സാഹസികമായ യാത്രയിലൂടെ പൂര്‍ത്തിയായത്. രാമസേന തോല്‍ക്കില്ലെന്ന ആത്മവിശ്വാസമായിരുന്നു കൈമുതല്‍… ജീവിതത്തിലെ ഏറ്റവും സഫലമായ നാളുകളായിരുന്നു. രാമദൗത്യം പൂര്‍ത്തീകരിച്ച അനേകായിരം കര്‍സേവകരില്‍ ഒരാളായാണ് കേരളത്തിലേക്ക് മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: