മറക്കാമോ ലോകം ആ മുഹൂര്‍ത്തം.. അയോദ്ധ്യയിലെ അപമാനഗോപുരത്തിന് മുകളില്‍, പായല്‍ പിടിച്ച ആ താഴികക്കുടത്തിന് മീതേ ശരത് കോഠാരി എന്ന ഇരുപതുകാരന്‍ കാവിപതാക പാറിച്ച മുഹൂര്‍ത്തം… അരികില്‍ ഇരുകൈകളുമുയര്‍ത്തി അവന്റെ ജ്യേഷ്ഠന്‍ രാം കോഠാരി വന്ദേമാതരം എന്ന് ഉദ്‌ഘോഷിച്ച മുഹൂര്‍ത്തം… ലോകമെമ്പാടുമുള്ള രാമഭക്തര്‍ ആഹ്ലാദത്തിലമര്‍ന്നു. ക്ഷേത്രങ്ങളില്‍ ശംഖ് മുഴങ്ങി… പ്രതീകാത്മക കര്‍സേവ വിജയിച്ചു. ഇതിഹാസത്തിന് മകുടം ചാര്‍ത്തിയ ആ വിജയമുഹൂര്‍ത്തത്തോളം അനശ്വരമായി മറ്റെന്തുണ്ട്? സ്വാതന്ത്ര്യപോരാട്ടങ്ങളുടെ ചരിത്രത്തിലെ ധീരമായ അധ്യായങ്ങളിലൊന്നാണ് കൊല്‍ക്കത്തയിലെ ബാരാബസാറില്‍ നിന്നെത്തിയ കോഠാരി സഹോദരന്മാര്‍ അന്ന് എഴുതിച്ചേര്‍ത്തത്…
ചരിത്രം പിന്നെയും ബാക്കിനില്ക്കുന്നുണ്ടായിരുന്നു. പ്രതീകാത്മക കര്‍സേവയ്‌ക്ക് ശേഷം നവംബര്‍ രണ്ടിന് രാമസേവകര്‍ അയോദ്ധ്യയിലേക്ക് നാമജപയാത്ര നടത്തി. അന്ന് കാര്‍ത്തിക പൂര്‍ണിമയായിരുന്നു. അശോക് സിംഘല്‍ജി നല്കിയ നിര്‍ദേശം രാമവിജയമന്ത്രം ചൊല്ലണം, പോലീസ് തടയും, തടയുന്നിടത്ത് ഇരുന്ന് അഖണ്ഡനാമജപം നടത്തണം എന്നായിരുന്നു. രാമും ശരതും അന്ന് നായകപരിവേഷത്തിലായിരുന്നു. പഴുതടച്ച് തയാറാക്കിയ കാവല്‍ക്കോട്ടകള്‍ തകര്‍ത്തെറിഞ്ഞ ആ യുവവിപ്ലവകാരികളെ പ്രത്യേകം ലക്ഷ്യമിട്ടാണ് പക്ഷേ മുലായംസിങ് യാദവിന്റെ പോലീസ് തോക്കുകള്‍ നിറച്ചത്. അവര്‍ ആ വീരന്മാര്‍ക്ക് നേരെ തുരുതുരാ നിറയൊഴിച്ചു.
ജാലിയന്‍വാലയിലെ കൂട്ടക്കുരുതിക്ക് സമാനമായിരുന്നു അതെന്ന് രാമിനും ശരതിനുമൊപ്പം കര്‍സേവയ്‌ക്ക് എത്തിയ രാജേഷ് അഗര്‍വാള്‍ ചൂണ്ടിക്കാട്ടുന്നു. കര്‍സേവകര്‍ ചിതറിയോടിയില്ല. നിലവിളികളുയര്‍ന്നില്ല. വെടിയൊച്ചകള്‍ക്ക് മീതെ മുഴങ്ങിക്കേട്ടതത്രയും ജയ്ശ്രീറാം, ഭാരത് മാതാ കിജയ് വിളികളായിരുന്നു. ഹനുമാന്‍ ഗഡിക്ഷേത്രത്തിന് സമീപമുള്ള ഉയര്‍ന്ന കെട്ടിടത്തില്‍ നിന്ന് ഫോട്ടോഗ്രാഫര്‍ മഹേന്ദ്ര തിവാരി ആ ദൃശ്യങ്ങള്‍ ഒപ്പിയെടുത്തു. ദാരുണമായിരുന്നു ഓരോന്നും… ജനാധിപത്യത്തിന്റെ കൊലക്കളമായി അയോദ്ധ്യാനഗരം മാറി… ഒന്നിന് പിന്നാലെ ഒന്നായി കര്‍സേവകര്‍ മരിച്ചുവീണു. കോഠാരി സഹോദരന്മാരുടെ ചോരപ്പാടുകളില്‍ നിന്നാണ് രാമജന്മഭൂമി പ്രക്ഷോഭം പിന്നിട്ട കാലമത്രയും ജ്വലിച്ചുയര്‍ന്നത്.
ഹിരാലാല്‍ കോഠാരിയുടെ മക്കള്‍.. ബദ്രിദാസ് കോഠാരിയുടെ ചെറുമക്കള്‍.. കൊല്‍ക്കൊത്ത ബാരാബസാറിലെ ആ വീട്ടില്‍ 1990ലെ ദീപാവലിക്ക് മറ്റൊരു ആഘോഷമുണ്ടായിരുന്നു. രാമിന്റെയും ശരതിന്റെയും ഇളയ പെങ്ങള്‍ പൂര്‍ണിമയ്‌ക്ക് അന്നായിരുന്നു വിവാഹനിശ്ചയം. ഡിസംബറിലാണ് കല്യാണം നിശ്ചയിച്ചത്. ദീപാവലിക്കൊരുക്കിയ മധുരപലഹാരങ്ങള്‍ അലുമിനിയം കാനില്‍ നിറച്ച് അയോദ്ധ്യായാത്രയ്‌ക്കൊരുങ്ങിയ രാമിനും ശരതിനും അച്ഛന്‍ ഹിരാലാലും അമ്മ സുമിത്രാദേവിയും നല്കി. കുങ്കുമം തൊട്ട് യാത്രയാക്കി. എല്ലാ ദിവസവും ഒരു കത്ത് എഴുതണം എന്നായിരുന്നു ആകെയുള്ള ഉപാധി… ഒരു വീട്ടില്‍ നിന്ന് രണ്ടുപേര്‍ പോകേണ്ട എന്നായിരുന്നു നിര്‍ദേശം. എന്നാല്‍ ഞങ്ങള്‍ രാമലക്ഷ്മണന്മാരാണ് എന്ന് പറഞ്ഞായിരുന്നു അവരുടെ യാത്ര.
അവര്‍ രണ്ട് പേരും വലിയ ആവേശത്തിലായിരുന്നു. രാമും ശരതും കൈയില്‍ കരുതിയിരുന്ന കാവി റിബണില്‍ ജയ്ശ്രീറാം എന്ന് എഴുതിയിരുന്നു. അതിന്റെ പിന്നില്‍ മരണക്കോടി എന്നര്‍ത്ഥം വരുന്ന കഫാന്‍ എന്നും കുറിച്ചിരുന്നു. രണ്ടായാലും രാമന് വേണ്ടി എന്നായിരുന്നു ചോദ്യങ്ങള്‍ക്ക് രണ്ടുപേരുടെയും മറുപടി… അവര്‍ രാമന് വേണ്ടി ജയിച്ചു… രാമന് വേണ്ടി മരണം വരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: