ചാലക്കുടി : രാഹുല്‍ മാങ്കൂട്ടത്തില്‍ കൊലക്കേസ് പ്രതിയോ, ഒളിവില്‍ പോയ പ്രതിയോ അല്ല എന്നിട്ടാണ് പുലര്‍ച്ചെ വീട്ടിലെത്തി ബലപ്രയോഗത്തിലൂടെ പോലീസ് അറസ്റ്റ് ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കേസില്‍ ജാമ്യം എടുക്കാനൊന്നും താന്‍ മുതിരുന്നില്ല. സഹപ്രവര്‍ത്തകരെപ്പോലെ ജയിലില്‍ പോകാന്‍ തയ്യാറാണെന്നുമാണ് രാഹുല്‍ പറഞ്ഞത്്. അങ്ങിനെയുള്ള ഒരു വ്യക്തിയേയാണ് പോലീസ് ഇത്തരത്തില്‍ അറസ്റ്റ് ചെയ്ത് തിരുവനന്തപുരത്തേയ്ക്ക് കൊണ്ടുപോയത്.
സെക്രട്ടറിയേറ്റ് മാര്‍ച്ച് കേസിലെ ഒന്നാം പ്രതിയാണ് വി.ഡി. സതീശന്. ഡിജിപി ഓഫിസ് മാര്‍ച്ചില്‍ പങ്കെടുക്കുകയും ജയിലിലായ സഹപ്രവര്‍ത്തകരെ സന്ദര്‍ശിക്കുകയും ജയില്‍ മോചിതരായവര്‍ക്ക് സ്വീകരണം നല്‍കുകയും ജനകീയ വിചാരണ സദസുകളില്‍ പങ്കെടുക്കുകയും ചെയ്ത വ്യക്തിയാണ് രാഹുല്‍. അറസ്റ്റിലൂടെ യൂത്ത് കോണ്‍ഗ്രസിനെയും യുഡിഎഫിനെയും ഭയപ്പെടുത്താമെന്ന് പിണറായി വിജയന് കരുതേണ്ട.
ജാമ്യം എടുക്കില്ലെന്നും സഹപ്രവര്‍ത്തകരെ പോലെ ജയിലില്‍ പോകാന്‍ തയാറാണെന്ന് പറഞ്ഞ ആളാണ് രാഹുല്‍ മാങ്കൂട്ടത്തില്‍. തലയില്‍ അടിയേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരത്തെ ആശുപത്രിയില്‍ നാലഞ്ച് ദിവസം ചികിത്സയിലായിരുന്നു. തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തില്‍ കഴിഞ്ഞിരുന്ന ആളെയാണ് പോലീസ് അറസ്റ്റു ചെയ്തത് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത്.
മുഖ്യമന്ത്രി ആരെയാണ് ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നത്. കോടതി നിര്‍ദേശിച്ചതിനെ തുടര്‍ന്ന് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത ഗണ്മാന്മാര് ഇപ്പോഴും മുഖ്യമന്ത്രിയുടെ ഇടതും വലതും നടക്കുകയാണ്. മൊഴി നല്കാന് ആവശ്യപ്പെട്ടിട്ടും ഹാജരാകാത്ത അവരെ അറസ്റ്റു ചെയ്യില്ല. ചാലക്കുടിയില്‍ പോലീസ് ജീപ്പ് തകര്‍ത്ത ആളെ രക്ഷിച്ച് കൂട്ടിക്കൊണ്ടു പോയ സിപിഎം ഏരിയ സെക്രട്ടറിയെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ചാലക്കുടി എസ്ഐയെ പേപ്പട്ടിയെ പോലെ റോഡിലിട്ട് തല്ലിക്കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ എസ്എഫ്ഐ നേതാവിനെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ഇതൊക്കെ ഇരട്ട നീതിയാണ്. തോന്ന്യാസം കാട്ടിയ എസ്എഫ്ഐ- ഡിവൈഎഫ്ഐ നേതാക്കളെ പാല്‍ക്കുപ്പിയുമായാണ് കൂട്ടിക്കൊണ്ടു പോയത്.
യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനെ വീട്ടില്‍ക്കയറി അറസ്റ്റു ചെയ്തതിന് തക്കതായി തിരിച്ചടി സര്‍ക്കരിന് ഉണ്ടാകും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ മുഖ്യമന്ത്രിയെ പോലും നോക്കുകുത്തിയാക്കിയുള്ള ഉപജാപക സംഘമാണ് ഇതിനൊക്കെ പിന്നില്‍. അവര്‍ കാല് നൂറ്റാണ്ട് മുമ്പ്് ജീവിക്കേണ്ട ആളുകളാണ്. ഇതിനെതിരെ ജനാധിപത്യ കേരളം ശക്തമായി പ്രതികരിക്കും. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനെ വീട്ടില്‍ കയറി അറസ്റ്റു ചെയ്താല്‍ കേരളത്തിലെ യൂത്ത് കോണ്‍ഗ്രസുകാരെല്ലാം ഭയപ്പെടുമെന്നാണ് കരുതുന്നത്. ഒരു കാലത്തും ഇല്ലാത്ത തരത്തില്‍ അധികാരത്തിന്റെ അഹങ്കാരവും ധാര്‍ഷ്ട്യവുമാണ് കാണിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: