ഇടുക്കി: നിയമസഭ പാസ്സാക്കിയ ഭൂപതിവ് നിയമഭേദഗതി ബില്‍ ഒപ്പിടാത്ത ഗവര്‍ണറുടെ നടപടിയില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ്. ഇടുക്കി ജില്ലാ കമ്മിറ്റി ആഹ്വാനംചെയ്ത ജില്ലാ ഹര്‍ത്താല്‍ ആരംഭിച്ചു. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍. വ്യാപാരി വ്യവസായി ഏകോപനസമിതിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ഗവര്‍ണര്‍ ജില്ലയില്‍ എത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഹര്‍ത്താല്‍.
ഹര്‍ത്താലിനെത്തുടര്‍ന്ന് ജില്ലയില്‍ കടകളും കമ്പോളങ്ങളും അടഞ്ഞുകിടക്കുകയാണ്. ബസുകള്‍ ഓടുന്നില്ല. ഇരുചക്രവാഹനങ്ങളും ഓട്ടോറിക്ഷയും ഉള്‍പ്പെടെ റോഡിലിറങ്ങിയിട്ടുണ്ട്. അതേസമയം തൊടുപുഴയില്‍ ഗവര്‍ണര്‍ക്കെതിരെ പ്രതിഷേധവുമായി എസ്എഫ്‌ഐ രംഗത്തെത്തി. വേങ്ങലൂരില്‍ കറുത്ത ബാനര്‍ ഉയര്‍ത്തിയാണ് പ്രതിഷേധം. എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയുടെ പേരിലാണ് ബാനര്‍. ‘സംഘി ഖാന്‍ യു ആര്‍ നോട്ട് വെല്‍ക്കം ഹിയര്‍’ എന്ന് എഴുതിയ കറുത്ത ബാനറാണ് ഉയര്‍ത്തിയത്.
ഗവർണർക്കെതിരെ അസഭ്യ മുദ്രാവാക്യ വിളികളുമായി സിപി എം പ്രവർത്തകരും തൊടുപുഴ ടൗണിലിറങ്ങി. തൊടുപുഴയിലെ രണ്ട് ഏരിയാ കമ്മിറ്റികളുടെ നേതൃത്വത്തിലാണ് മാർച്ച് നടത്തിയത്. തെമ്മാടി, താന്തോന്നി തുടങ്ങിയ അധിക്ഷേപ മുദ്രാവാക്യങ്ങൾ വിളിച്ചായിരുന്നു പ്രതിഷേധം. ഗവർണർ പങ്കെടുക്കേണ്ട പരിപാടിക്കായി ഒരുക്കിയ വേദിയുടെ 500 മീറ്റർ അപ്പുറത്തുവച്ച് മാർച്ച് പോലീസ് തടഞ്ഞു. തുടർന്ന് ഇവിടെ കുത്തിയിരുന്ന് പ്രവർത്തകർ പ്രതിഷേധിച്ചു.
എസ്എഫ്‌ഐ കരിങ്കൊടി കാണിക്കുമെന്ന് പ്രഖ്യാപിച്ചതിനെത്തുടര്‍ന്ന് ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിക്ക് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇടുക്കിയിലെ ഹര്‍ത്താല്‍ പിന്‍വലിക്കണം എന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടിരന്നു. ഗവര്‍ണര്‍ക്ക് സുരക്ഷ ഒരുക്കുന്നതിനായി 450 പോലീസുകാരെയാണ് വിന്യസിച്ചിരിക്കുന്നത്.
വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ കാരുണ്യം പദ്ധതിയുടെ ഉദ്ഘാടനത്തിനാണ് ഗവർണർ തൊടുപുഴയിലെത്തുന്നത്. ഗവർണറുടെ നടപടി ഇടുക്കിയിലെ ജനങ്ങളെ വെല്ലുവിളിക്കുന്നതാണെന്ന് സിപിഎം ആരോപിക്കുന്നു. ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പരിപാടിയിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് വ്യാപാരി വ്യവസായി ഏകോപന സമിതിയും.
വേണ്ടിവന്നാല്‍ ഗവര്‍ണറുടെ പരിപാടിക്ക് സംരക്ഷണം നല്‍കുമെന്ന നിലപാടിലാണ് യുഡിഎഫ്. വ്യാപാരികളെ സിപിഐഎം ഭീഷണിപ്പെടുത്തുകയാണെന്ന് ആരോപിച്ചാണ് യുഡിഎഫ് ഹര്‍ത്താല്‍ ആഹ്വാനത്തെ തള്ളിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: