ഗംഗാ, യമുന തുടങ്ങിയ പുണ്യനദികളുടെ സംഗമ സ്ഥാനമാണ് പ്രയാഗുകള്‍. അങ്ങനെയുള്ള പ്രയാഗുകളിലൊന്നാണ് അയോദ്ധ്യ. ചാക്രികവും നൈരന്തര്യവുമുള്ള ഭരണ വ്യവസ്ഥയുടെ പാരമ്പര്യമാണ് അയോദ്ധ്യയ്ക്കുള്ളത്. അത് കേവലം ഇന്ത്യ എന്ന് ഇന്ന് പേരിട്ടു വിളിക്കുന്ന ഒരു പ്രദേശത്തിന്റെ മാത്രമായ ഭരണ കേന്ദ്രമല്ല. ലോകത്തിന്റെ ഭരണകേന്ദ്രം എന്ന നിലയിലാണ് രാമായണത്തില്‍ കാണുന്നത്. ദശരഥന് ലോകം ഭരിച്ചത് അയോദ്ധ്യ കേന്ദ്രമാക്കിയാണ് എന്നാണ് ആദികാവ്യമായ രാമായണത്തിലുള്ളത്. ഈ ഭൂമിയെ രക്ഷിച്ചുകൊണ്ട് പതിനോരായിരം സംവത്സരം ശ്രീരാമചന്ദ്രന് ഭരിച്ചു എന്നെഴുതി ശുഭമായി വാല്മീകി രാമായണം അവസാനിപ്പിക്കുന്നതും അതുകൊണ്ടാണ്. പതിനോരായിരം എന്നത് പാരമ്പര്യത്തുടര്‍ച്ചയാവാം.
പരമ്പരാഗതമായ ഒട്ടനവധി ഓര്‍മകളാണ് അയോദ്ധ്യയുമായി ബന്ധപ്പെട്ടുള്ളത്. ഭാരതത്തിന്റെ തെക്കുഭാഗത്ത് ദക്ഷിണാപഥ ചക്രവര്‍ത്തിമാരും വടക്കുഭാഗത്ത് ഉത്തരാപഥ ചക്രവര്‍ത്തിമാരുമാണ് ഭരിച്ചിരുന്നത്. അങ്ങനെയിരിക്കേ മുടിചൂടാമന്നനായ ഹര്‍ഷവര്‍ദ്ധനനെ യുദ്ധത്തില്‍ തോല്പിച്ച് ചാലൂക്യ സമ്രാട്ട് പുലകേശി ഉത്തരാപഥത്തിന്റെ കൂടി ഭരണാധികാരിയായി മാറി. അങ്ങനെയാണ് ചോള സാമ്രാജ്യത്തിന്റെ പാരമ്പര്യവും അയോദ്ധ്യയ്ക്കുണ്ടായത്. രാഷ്ട്രയശസിന്റെയും വ്യവസ്ഥയുടെയും സൂചകമാണ് ശ്രീരാമന്. നൂറ്റാണ്ടുകളോളം ചാക്രികമായി നിലകൊണ്ട ഈയൊരു രാഷ്ട്രവ്യവസ്ഥയുടെ യശസായി നിലനിന്നിരുന്ന ക്ഷേത്രത്തെ ഉന്മൂലനം ചെയ്യുക മാത്രമല്ല നടന്നത്. വിമതവും വിജാതീയവുമായ ഭരണവ്യവസ്ഥകള്‍ വന്നപ്പോഴൊക്കെ ആക്രമിക്കപ്പെടുന്ന ബിംബമായി രാമന് മാറുകയും ചെയ്തു. രാമചരിതം പറയുന്ന രാമായണത്തില്‍ത്തന്നെ വിപരീതാക്ഷരങ്ങള്‍ ഉണ്ടായി. വിപരീത രാമായണം എഴുതുക എന്ന ചൊല്ലുതന്നെ പ്രസിദ്ധമാണല്ലോ. രാമായണത്തിന് പാഠാന്തരങ്ങള്‍ ഉണ്ടായി. ചിലതില്‍ ശ്രീരാമനെ ഒന്നുമറിയാത്ത മന്ദന്‍, ഗര്‍ഭിണിയായ ഭാര്യയെ ഉപേക്ഷിച്ചവന് എന്നു വരെയുള്ള വര്‍ണനകള്‍ കടന്നു കയറി.
രാമന് ഇത്ര വ്യാപ്തിയുണ്ടോയെന്ന്, രാമന് ജനിച്ചോയെന്ന്, രാമായണം എഴുതപ്പെട്ടോ എന്നൊക്കെ സംശയം തുടങ്ങി അനേകായിരം രാഷ്ട്രീയവത്കരിക്കപ്പെട്ട വിഷയങ്ങളാല്‍ തദ്ദേശീയ ജനതയുടെ പാരമ്പര്യക്കണ്ണി മുറിക്കുകയായിരുന്നു ലക്ഷ്യം. രാമസ്ഥാനം മസ്ജിദായപ്പോള്‍ പ്രാണന് നഷ്ടപ്പെട്ട തദ്ദേശീയരുടെ വികാരം ദീര്‍ഘകാലം വ്രണപ്പെട്ടു. ആ വേദനയെന്ന വികാരമാണ് കര്‍സേവയിലൂടെ ഭാരതം തുടച്ചു മാറ്റിയത്. അഞ്ച് നൂറ്റാണ്ട് മുമ്പുവരെ അയോദ്ധ്യയിലൊരു ക്ഷേത്രമുണ്ടായിരുന്നു എന്ന് രാജലിഖിതങ്ങളിലുണ്ട്. ഭാരതീയ അധികാര വ്യവസ്ഥയുടേയും പരമ്പരകളുടേയും തുടര്‍ച്ചയായ സംക്രമണങ്ങളുടേയും ഉദയാസ്തമനങ്ങളുടേയും പ്രതീകമാണ് അയോദ്ധ്യ. അങ്ങനെ വരുമ്പോള്‍ പുതുതായ ഒരു വിഗ്രഹത്തിന്റെ പ്രാണപ്രതിഷ്ഠയല്ല, ദേശീയ ജീവിതത്തിന്റെ പ്രാണപ്രതിഷ്ഠയാണ് അയോദ്ധ്യയില്‍ നടക്കാന്‍ പോകുന്നത്.
ഭാരതീയ ജീവിതത്തിന്റെയും സംസ്കൃതിയുടേയും പ്രതീകമായ രാമന് അതിനൊരു നിമിത്തമായി മാറുന്നുവെന്നേയുള്ളൂ. എവിടെയൊക്കെ രാജഭരണം നടന്നിരുന്നുവോ അവിടെയൊക്കെ ആദര്‍ശ വ്യക്തിത്വങ്ങളുണ്ടായിരുന്നു. രാജാവിന്റെ മാതൃക എന്ന നിലയില്‍ എവിടേയും ശോഭിച്ചത് രാമനാണ്. കേരളത്തില്‍ വരെ രാമവര്‍മമാരുണ്ടായതങ്ങനെയാണ്. ആര്‍വി എന്നായിരുന്നു കൊച്ചിയിലെ രാജാക്കന്മാര് ഒപ്പുപോലുമിട്ടിരുന്നത്. ഇതേ രാമന്റെ പരമ്പര തന്നെയാണ് ഇന്തോനേഷ്യയിലും ജക്കാര്‍ത്തയിലും ഫിലിപ്പീന്‍സിലും ജാവയിലുമൊക്കെ കാണാനാകുന്നത്. ഈയൊരു ആദര്‍ശമാണ് പ്രാണപ്രതിഷ്ഠയിലൂടെ നാം വീണ്ടെടുക്കുന്നത്. ചലനം തന്നെയാണ് പ്രാണന് എന്നതുകൊണ്ട് നമ്മുടെ ദേശീയ ജീവിതത്തില്‍ ചലനമുണ്ടാക്കുക എന്നുതന്നെയാണ് ഇതുകൊണ്ട് നാം അര്‍ത്ഥമാക്കുന്നത്. സംസ്കൃതിയുടെ പരിച്ഛേദമായി ശ്രീരാമ ക്ഷേത്രം മാറട്ടെ എന്നാണ് ഓരോ ഭാരതീയന്റേയും പ്രാര്‍ത്ഥന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: