കൊല്ലം: കണ്ണും കാതും ചെവിയുമുണ്ടായിട്ടും കാണേണ്ടതിനെ കാണാനും കേള്‍ക്കേണ്ടതിനെ കേള്‍ക്കാത്തവര്‍ക്കും മുമ്പില്‍ ഒരക്ഷരം മിണ്ടാതെ, ചുണ്ടനക്കാതെ കലോത്സവ നഗരിയെ വിസ്മയിപ്പിച്ചുകൊണ്ടാണ് ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിന്റെ മൂകാഭിനയം ശ്രദ്ധേയമായത്.
62-ാമത് സംസ്ഥാന കലോത്സവ വേദിയില്‍ നിശബ്ദതയുടെ പുതിയ ഭാവതലങ്ങള്‍ സമ്മാനിച്ച് മൂകാഭിനയവേദി സമ്പുഷ്ടമാവുകയായിരുന്നു. സമകാലിക സംഭവങ്ങളെ പ്രമേയമാക്കി എത്തിയ സ്കൂളുകള്‍ മികച്ച നിലവാരം പുലര്‍ത്തി. കഥകളിയുടെ വര്‍ണ്ണ ചാരുതകളെ ‘ഉടുത്ത്കെട്ട്’ എന്ന രീതിയില്‍ സന്നിവേശിപ്പിച്ച പ്രമേയം വ്യത്യസ്തത പുലര്‍ത്തി.
കേരളം ഏറെ ചര്‍ച്ച ചെയ്ത ആലുവയിലെ അഞ്ചുവയസുകാരിയുടെ കൊലപാതകം കൂടുതല്‍ ടീമുകള്‍ മൂകാഭിനയ വേദിയില്‍ വിഷയമാക്കി. സ്ത്രീ സമൂഹം സമൂഹത്തില്‍ നേരിടുന്ന ജീവിത ദുരിതങ്ങളെ ചില സ്കൂളുകള്‍ മികച്ച രീതിയില്‍ അവതരിപ്പിച്ചു. മനസ്സിനെ നീറ്റുന്നതും സന്തോഷിപ്പിക്കുന്നതും ചിന്തിപ്പിക്കുന്നതുമായ കാര്യങ്ങള്‍ ആംഗ്യഭാഷയിലൂടെ, ശരീര ചലനങ്ങളിലൂടെ പ്രേക്ഷകരിലേക്ക് കുട്ടികള്‍ പകര്‍ത്തിയപ്പോള്‍ ഓരോന്നിനും നിലയ്ക്കാത്ത കൈയടിയാണുയര്‍ന്നത്.
വാളയാര്‍, ബെന്യാമിന്റെ ആടുജീവിതം, ആമസോണ്‍ മഴക്കാടുകളില്‍ അകപ്പെട്ട കുട്ടികളുടെ അവസ്ഥയുമെല്ലാം പ്രേമേയമായി എത്തിയപ്പോള്‍ വലിയ പിന്തുണയാണ് വേദികളില്‍ നിന്നും ഉണ്ടായത്. അപ്പീല്‍ ഉള്‍പ്പെടെ 22 പേരാണ് മത്സരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: