തിരുവനന്തപുരം: മധ്യപ്രദേശിലും കര്‍ണാടകയിലും മറ്റ് സംസ്ഥാനങ്ങളിലും അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനം വിപുലമായി ആഘോഷിക്കുന്ന കോണ്‍ഗ്രസ് കേരളത്തിലും നിലപാട് വ്യക്തമാക്കണമെന്ന് ബിജെപി
സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്. ജനുവരി 22ന് കര്‍ണാടകയില്‍ കോണ്‍ഗ്രസ് വിജയദിവസമായാണ് കൊണ്ടാടുന്നത്. എന്നാല്‍ കേരളത്തിലെ നേതാക്കള്‍ മിണ്ടാത്തതെന്താണെന്നും തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ചോദിച്ചു.
കേരളത്തിലെ കോണ്‍ഗ്രസിന് ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് എന്ത് പ്രത്യേകതയാണുള്ളത്? അവരുടെ ഉന്നത നേതാവ് രാഹുല്‍ ഗാന്ധി കേരളത്തില്‍ നിന്നുള്ള എംപിയാണ്. സംഘടനാ സെക്രട്ടറി കെ.സി. വേണുഗോപാലും മലയാളിയാണ്. എന്നിട്ടും എന്തുകൊണ്ടാണ് കേരളത്തില്‍ ഹിന്ദുക്കളുടെ വികാരം കോണ്‍ഗ്രസ് അവഗണിക്കുന്നത്. കെ.സി. വേണുഗോപാല്‍ എന്താണ് മിണ്ടാത്തത്. മുസ്ലിംലീഗിനെയാണോ പിഎഫ്ഐയെയാണോ അതോ സമസ്തയെ ആണോ കോണ്‍ഗ്രസ് പേടിക്കുന്നത്.
നിലപാട് വ്യക്തമാക്കാന്‍ കെ.സി. വേണുഗോപാലും കെ. സുധാകരനും വി.ഡി സതീശനും തയാറാവണം. കേരളത്തിലെ കോണ്‍ഗ്രസിനെ ആരാണ് നിയന്ത്രിക്കുന്നതെന്നറിയാന്‍ ഈ നാട്ടിലെ ഭൂരിപക്ഷ വിശ്വാസികള്‍ക്ക് താത്പര്യമുണ്ട്. വോട്ട്ബാങ്കിനെ കോണ്‍ഗ്രസിന് ഭയമാണ്. മുസ്ലിംലീഗ് പോലും എതിരല്ലെന്ന് പറഞ്ഞിട്ടും കോണ്‍ഗ്രസ് എന്തിനാണ് പ്രതിഷ്ഠാ ചടങ്ങിന് പോകുന്നതിനെ ഭയക്കുന്നത്. ബിജെപി വിശ്വാസി സമൂഹത്തോടൊപ്പം ഉറച്ചുനില്‍ക്കും. എല്ലാ ക്ഷേത്രപരിസരത്തും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും രാമജ്യോതി തെളിക്കുകയും ചെയ്യുമെന്നും സുരേന്ദ്രന് പറഞ്ഞു.
പ്രതാപന് പോപ്പുലര്‍ ഫ്രണ്ടിന്റെ സ്വന്തക്കാരന്
ടി.എന്‍. പ്രതാപന് പിഎഫ്ഐയുടെ അടുത്തയാളാണെന്ന ആരോപണത്തില്‍ ഉറച്ചു നില്ക്കുന്നു. നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് പ്രതാപന്റെ കൂടെയുള്ളത്. അദ്ദേഹത്തിന്റെ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്നയാള്‍ പിഎഫ്ഐക്കാരനാണ്. ജാമിയ മില്ലിയ ഗൂഢാലോചന കേസില്‍ അയാളെ പോലീസ് ചോദ്യം ചെയ്തിരുന്നു. ദില്ലി കലാപത്തില്‍ അയാള്‍ക്ക് പങ്കുണ്ടെന്ന സംശയമുണ്ട്. അത്തരമൊരാളാണ് പ്രതാപന് വേണ്ടി നരേറ്റീവുകള്‍ സൃഷ്ടിക്കുന്നത്.
ചാവക്കാട്ടെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ പുന്ന നൗഷാദിനെ കൊല ചെയ്ത പിഎഫ്ഐ പ്രവര്‍ത്തകരെ പ്രതാപനാണ് സംരക്ഷിക്കുന്നത്. പ്രതാപനെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പരസ്യമായി പോപ്പുലര്‍ ഫ്രണ്ട് ബന്ധം ആരോപിച്ചതാണ്. നൗഷാദിന്റെ കൊലപാതകം കഴിഞ്ഞ് ഒരുമാസം കഴിയും മുമ്പ് പോപ്പുലര്‍ ഫ്രണ്ട് നേതാക്കളില്‍ നിന്നും തേജസ് വാരികയുടെ വരിക്കാരനായവനാണ് പ്രതാപനെന്നും സുരേന്ദ്രന് പറഞ്ഞു.
കേസുകള്‍ അട്ടിമറിക്കുന്നത് യുഡിഎഫും എല്‍ഡിഎഫും
പിണറായി വിജയന് കൊട്ടാരം വിദൂഷകരെ കൊണ്ട് വാഴ്ത്തുപാട്ട് പാടിച്ച് രസിക്കുകയാണ്. കേരളം സമ്പൂര്‍ണ തകര്‍ച്ചയിലാകുമ്പോള്‍ മുഖ്യമന്ത്രിയെ ചിലര്‍ സൂര്യനെന്ന് വിളിക്കുകയാണ്. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിന് പങ്കുണ്ടെന്ന് എല്ലാവര്ക്കും അറിയാം. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയിലിലാണ്. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തന്നെയാണ് അതും തെളിയിച്ചത്. കേസ് അവസാനിച്ചിട്ടില്ല. അന്വേഷണം പുരോഗമിക്കുകയാണ്. പരസ്പര സഹകരണം യുഡിഎഫ് എല്‍ഡിഎഫ് കേസുകളിലാണ് നടക്കുന്നത്. കേരളത്തിലെ എല്ലാ കേസുകളും ഇരുകൂട്ടരും അഡ്ജസ്റ്റ് ചെയ്യുകയാണ്.
വി.ഡി. സതീശന്റെ പുനര്‍ജനി കേസ് അട്ടിമറിച്ചത് ആരാണ്? യൂത്ത് കോണ്‍ഗ്രസിന്റെ വ്യാജ തിരിച്ചറിയല്‍ രേഖ കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി പരാതി നല്‍കിയിട്ടും എന്തുകൊണ്ടാണ് അത് അന്വേഷിക്കാത്തത്? പ്രധാനമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുത്തവര്‍ക്കെതിരെ സിപിഎമ്മും മതമൗലികവാദികളും സൈബര്‍ ആക്രമണം നടത്തുകയാണെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി. വാര്‍ത്താസമ്മേളനത്തില്‍ ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി.ശിവന്‍കുട്ടി, യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര്. പ്രഫുല്‍കൃഷ്ണന്‍ എന്നിവരും സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: