പറവൂര്‍: അയോദ്ധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠ നടക്കുന്ന 22ന് വീടുകളില്‍ ടെലിവിഷന്‍ പ്രവര്‍ത്തിപ്പിക്കരുതെന്ന് അധ്യാപകര്‍ക്ക് സിപിഎം നിര്‍ദേശം. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.കെ. ബിജുവാണ് കേരള സ്കൂള്‍ ടീച്ചേഴ്സ് അസോസിയേഷന് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഈ നിര്‍ദേശം മുന്നോട്ടുവച്ചത്. വീട്ടിലെ കുട്ടികളെ ലൈവ് കാണാന്‍ അനുവദിക്കരുതെന്നും ബാബറി മസ്ജിദിന്റെ പഴയ ചിത്രങ്ങള്‍ കാണിച്ചു കൊടുക്കണമെന്നും പ്രതിനിധികളോട് ആവശ്യപ്പെട്ടു.
കാവി വല്‍ക്കരണത്തിനും കോര്‍പ്പറേറ്റുകള്‍ക്കും വേണ്ടിയാണ് ദേശീയ വിദ്യാഭ്യാസ നയമെന്നും കേരള ഗവര്‍ണര്‍ അതിന് കൂട്ടുനില്‍ക്കുകയാണെന്നും സംഘടനാ റിപ്പോര്‍ട്ട് കുറ്റപ്പെടുത്തി. കേന്ദ്ര ഫണ്ടില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാഭ്യാസ പരിശീലന കേന്ദ്രമായ സമഗ്ര ശിക്ഷാ കേരള പ്രോജക്ടിലെ ഉദ്യോഗസ്ഥര്‍ സമ്മേളനത്തില്‍ പങ്കെടുത്ത് പദ്ധതിയെ കുറ്റപ്പെടുത്തി സംസാരിച്ചു. ആലുവയിലെ സസ്പെന്‍ഷനിലായ അധ്യാപികയെ സമ്മേളനം പ്രശംസിച്ചതു വിവാദത്തിനു വഴിവച്ചു.
ഗവ. സ്കൂളില്‍ ഏഴോളം കുട്ടികളുടെ പേര് വ്യാജമായി എഴുതി ചേര്‍ത്തത് വിദ്യാഭ്യാസ വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണ് കെഎസ്ടിഎ ആലുവ സെക്രട്ടറി കൂടിയായ പത്താം ക്ലാസ് അധ്യാപിക സസ്പെന്‍ഷനിലായത്. രണ്ട് ദിവസത്തെ സമ്മേളനം ഇന്നലെ സമാപിച്ചു. ജില്ലയിലെ ഏക മന്ത്രിയായ പി. രാജീവിനെ ഒഴിവാക്കിയാണ് സമ്മേളനം നടന്നത്. സംഘടനയിലെ ഗ്രൂപ്പിസത്തിന്റെ ഭാഗമായാണ് മന്ത്രിയെ ഒഴിവാക്കിയതെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: