അമ്പലപ്പുഴ: ശരണമന്ത്ര മുഖരിതമായ അന്തരീക്ഷത്തില്‍ മാനത്ത് വട്ടുമിട്ടു പറന്ന ശ്രീകൃഷ്ണപ്പരുന്തിനെ സാക്ഷിയാക്കി അയ്യപ്പന്റെ മാതൃസ്ഥാനീയരായ അമ്പലപ്പുഴ ദേശക്കാരുടെ ശബരിമല തീര്‍ത്ഥാടനത്തിന് തുടക്കമായി.
എരുമേലി പേട്ടതുള്ളലിന് എഴുന്നള്ളിക്കുവാനുള്ള തങ്കത്തിടമ്പ് പ്രത്യേകം തയാറാക്കി അലങ്കരിച്ച രഥത്തില്‍ എഴുന്നള്ളിച്ചാണ് രഥയാത്ര ആരംഭിച്ചത്. രഥത്തിനു പിന്നാലെ ഇരുമുടിക്കെട്ടേന്തിയ സ്വാമിമാരും മാളികപ്പുറങ്ങളും നടന്നു നീങ്ങി. ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണങ്ങള്‍ക്ക് വിധേയമായി 250 പേരാണ് യാത്രയില്‍ പങ്കെടുക്കുന്നത്.
ഇന്നലെ രാവിലെ ക്ഷേത്രചുറ്റുവിളക്കുകള് തെളിയിച്ച് പ്രത്യേക വഴിപാടുകളും നടത്തി. പ്രഭാത ശീവേലിക്കുശേഷം കിഴക്കേ ഗോപുര നടയില്‍ മേല്‍ശാന്തി കണ്ണമംഗലം കേശവന് നമ്പൂതിരി തിടമ്പ് സമൂഹപ്പെരിയോന് എന്‍. ഗോപാലകൃഷ്ണപിള്ളക്ക് കൈമാറി. മുന്‍ സമൂഹപ്പെരിയോനും രക്ഷാധികാരിയുമായ കളത്തില്‍ ചന്ദ്രശേഖരന് നായര്‍ സംഘത്തെ യാത്രയാക്കി. ആചാരപരമായ ചടങ്ങുകള്‍ പൂര്‍ത്തിയാക്കി പത്തുനാള്‍ നീളുന്ന തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് 16ന് രാത്രി സംഘം മലയിറങ്ങും.
പന്ത്രണ്ടിനാണ് ചരിത്ര പ്രസിദ്ധമായ എരുമേലി പേട്ട തുള്ളല്‍. 14 ന് പമ്പ സദ്യ നടത്തി മല കയറുന്ന സംഘത്തെ മരക്കൂട്ടത്തില് സ്വീകരിച്ച് വരി നില്‍ക്കാതെ പടികയറുന്നതിനും ദര്‍ശനത്തിനും ദേവസ്വം ബോര്‍ഡ് ക്രമീകരണം ചെയ്യും. മകരവിളക്കു ദിവസം രാവിലെ അമ്പലപ്പുഴയിലെ സ്വാമിമാര്‍ ഇരുമുടിക്കെട്ടില്‍ കൊണ്ടുവന്ന നെയ്തേങ്ങയിലെ നെയ്യ് പ്രത്യേകമായി അഭിഷേകം ചെയ്യും. അത്താഴപ്പൂജക്ക് സ്വാമിമാര്‍ കൊണ്ടുവന്ന കാരയെള്ള്, ശര്‍ക്കര, നെയ്യ്, തേന്‍, കല്‍ക്കണ്ടം മുന്തിരി ഇവ ചേര്‍ത്തു തയ്യാറാക്കുന്ന എള്ളു പായസം മഹാനിവേദ്യമായി ദേവന് സമര്‍പ്പിക്കും. രാത്രിയില്‍ കര്‍പ്പൂരാഴി പൂജയും നടത്തും.
16ന് വൈകിട്ട് മാളികപ്പുറം മണിമണ്ഡപത്തില്‍ നിന്നും പതിനെട്ടാം പടിയിലേക്ക് ശീവേലി എഴുന്നെള്ളത്തും തുടര്‍ന്ന് പടിയില്‍ കര്‍പ്പൂരാരതിയും നടത്തി തിരുവാഭരണം ചാര്‍ത്തിയ വിഗ്രഹം കണ്ട് ദര്‍ശനം നടത്തുന്നതോടെ തീര്‍ത്ഥാടനത്തിന് സമാപനമാകും. സന്നിധാനത്ത് താമസ സൗകര്യവും ഭക്ഷണവും ദേവസ്വം ബോര്‍ഡ് നല്‍കും. സംഘം പ്രസിഡന്റ് ആര്. ഗോപകുമാര്‍, സെക്രട്ടറി കെ. ചന്ദ്രകുമാര്‍, ഖജാന്‍ജി ബിജു സാരംഗി, വൈസ്പ്രസിഡന്റ് ജിതിന് രാജ്, ജോ. സെക്രട്ടറി വിജയ് മോഹന്‍, രഥയാത്രാ ചെയര്മാന് വേണുഗോപാല്‍, ജോ. കണ്‍വീനര്‍ മധു വേലംപറമ്പ് എന്നിവര്‍ നേതൃത്വം നല്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: