വലിയവീട്ടില്‍ മംഗളനോളം അച്ഛന് ഞങ്ങളോട് ഒരു സ്നേഹവുമില്ലെന്ന് മണിയനോട് മൂന്നു വയസ്സുള്ള മകള്‍ കാര്‍ത്തു പറഞ്ഞപ്പോള്‍ അച്ഛന് ജോലിക്കിറങ്ങി പോകുമ്പോളിങ്ങനെ പറഞ്ഞൂടെന്നു വിലക്കിയത് മണിയന്റെ ഭാര്യ ലക്ഷ്മിയാണ്… രണ്ടു പേരുടെയും കൈവീശലുകള്‍ ഇനിയുള്ള രണ്ടാഴ്ച കഴിഞ്ഞേ കാണാന്‍ പറ്റുള്ളൂവെന്ന് മണിയനറിയാം.ഭാര്യ ലക്ഷ്മിക്കും ആനയോടുള്ള അടങ്ങാത്ത ഇഷ്ടത്തിലാണ് ഒരു ആനപാപ്പന്റെ ആലോചന വന്നപ്പോള്‍ തന്നെ മതിയെന്ന് വച്ചത്., അതുകൊണ്ടവള്‍ ചിലതൊക്കെ സഹിച്ചും പൊറുത്തും ജീവിച്ചുപോരുന്നു..
ദേശത്തിലെ മികച്ച സമ്പത്തുള്ള കുടുംബമായ വലിയവീട്ടിലെ ഹരി മുതലാളിയുടെ ആന..നാട്ടിലെ ഏറ്റവും തലയെടുപ്പുള്ള മംഗളന്റെ പാപ്പാനാണ് താനെന്നതിലെന്നും അഭിമാനമാണ് മണിയന്…. സ്വന്തം മകനെ പോലെ രാവും പകലും കാവലിരിക്കുന്ന മണിയന് നാട്ടിലെ ആനപ്രേമികളുടെ ആശാനാണ്. പിരിച്ചു വച്ച മീശയും മടക്കിക്കുത്തിയ കറുത്ത മുണ്ടും മണിയന്റെ അടയാളങ്ങളാണ്..
ബസിറങ്ങി വലിയ വീട്ടിലേക്കുള്ള ഇടറോഡിലൂടെ നടക്കുമ്പോള്‍ ഇടവം തോരാത്ത പെരുമഴയെ ശപിച്ചു കൊണ്ട് മണിയന് കുടനിവര്‍ത്തി, ഇടുപ്പില്‍ മടക്കി വച്ചിരുന്ന മുറുക്കാനെടുത്തു വായിലേക്കെറിഞ്ഞു.. അമഴ്ത്തി ചവച്ചു നടന്നു.
ദൂരെ നിന്നേ അയാളുടെ വരവുകണ്ടപ്പോള്‍ വലിയവീടിന്റെ ഉമ്മറത്തുള്ള ചന്ദനത്തിന്റെ ചാരുകസേരയിലിരുന്ന ഹരി എണീറ്റിട്ട് മുണ്ടൊന്നു നന്നായി ഉടുത്തു.. ശേഷം അടുത്തെത്തിയപ്പോള്‍ പറഞ്ഞു … ഹാ, മണിയാ…. നിന്നെ കാണാത്തോണ്ടാവണം മംഗളന്‍ രണ്ടീസമായി ഒന്നും തിന്നിട്ടുമില്ല കുടിച്ചിട്ടുമില്ല, നിന്റെ അസിസ്റ്റന്റ് ആ പയ്യന് ഇപ്പോഴാ പോയതെന്ന് പറഞ്ഞു തീരും മുന്‍പതു കേട്ടപ്പോള്‍ മണിയന്റെ കണ്ണ് നിറഞ്ഞു. തന്നോളം ലോകത്ത് ആരെയും അവന് സ്നേഹിക്കാനില്ലെന്നു അറിയാഞ്ഞിട്ടല്ല. പക്ഷേ.. കുടുംബത്തിലെ ചെലവ് കാശ് കൊടുക്കാന്‍ പോകുമ്പോള്‍ ചിലപ്പോള്‍ മംഗളന്‍ ഇങ്ങനെയാണ് . മണിയന് വന്ന് തീറ്റയെടുത്തു കൊടുക്കും വരെ ആരെയും അവന്റെ അടുത്തേക്കടുപ്പിക്കില്ല. വെള്ളം പോലും കുടിക്കില്ല..തന്റെ പതിനാറാം വയസ്സില്‍ ആനപണിക്കിറങ്ങിയപ്പോള് അന്നൊരു കുട്ടിയാനയായി കിട്ടിയതാ അവനെ. അന്നുമുതല്‍ ഇന്നുവരെ അവന്റെ അച്ഛനും അമ്മയും കൂട്ടുമെല്ലാം മണിയനാണ്.. മണിയനും അവനെ വിട്ടിട്ട് വേറൊരു ലോകമില്ല..മണിയന് സ്വന്തം ജീവനെപ്പോലെ കരുതലാണ് മംഗളനോട്…
അമര്‍ത്തിയൊരു മൂളലില്‍ ഹരിയോട് മറുപടി പറഞ്ഞിട്ട് മണിയന് വടക്കുവശത്തേക്ക് നടന്നു.
ദൂരെ നിന്നേ മംഗളന്‍ മണിയന് വരുന്നതുകണ്ടു . പിന്നെ എണീറ്റു നിന്നു തലകുലുക്കി തുമ്പിക്കൈയാട്ടാന് തുടങ്ങി. ഒപ്പം സന്തോഷത്തോടെ ഒരു ചിന്നം വിളിയില്‍ അടുത്തെത്തിയ മണിയനെ തുമ്പിക്കൈ ചുറ്റി വാരിപ്പുണര്‍ന്നു. അല്പം കണ്ണീര് വരുന്നുണ്ടായിരുന്നു മംഗളന്റെ കണ്ണില്‍ നിന്നും…. എന്താടാ, മുത്തേ എന്നുള്ള വിളിയോടൊപ്പം ഒരു കൈ കൊണ്ടവന്റെ കണ്ണീര് തുടച്ചിട്ടു ഇടങ്കയ്യില്‍ മുറുക്കി മണിയനവന്റെ തുമ്പിക്കൈയ്യില്‍ ചേര്‍ത്ത് ചുംബിച്ചു. കൊല്ലമിരുപതായി ഇത് പതിവ് കാഴ്ചയാണ് ഹരിക്ക്.ഇന്നുവരെ ഒരു കുഴപ്പവും ഉണ്ടാക്കാത്ത മംഗളന്‍ വീടിന്റെ ഐശ്വര്യമാണെന്ന പോലെ നില്‍പ്പാണ് . രണ്ടാം പാപ്പനെ അടുപ്പിക്കാത്ത മംഗളന്റെ കണ്ണ് നിറയുന്നത് മണിയനോടുള്ള ഇഷ്ടം കൊണ്ട് മാത്രമാണെന്ന് നാട്ടില്‍ എല്ലാരും പറയും…
വടക്കാട്ടിലെ തേവരുടെ തിടമ്പെടുക്കാന്‍ മംഗളനെ വേണമെന്നാ പറയണേ … ഞാന്‍ പറഞ്ഞു മണിയനോട് ചോദിച്ചിട്ട് വിളിച്ചു പറയാന്ന്… ഈ വ്യാഴാഴ്ചയാണ്… എന്താ പറ്റുമോ മണിയനെന്ന് ഹരി ചോദിച്ചു തീരുമ്പോള്‍ മറുപടി സമ്മതമറിയിച്ചുള്ള തലയാട്ടല്‍ മാത്രമായിരുന്നു മണിയന്റെ. അപ്പോഴും അവന്റെ കൈ ആനയുടെ പരിഭവം മാറ്റാന്‍ തലോടികൊണ്ടിരിക്കുന്നു. അടുത്തിരുന്ന വെള്ളം കാട്ടി കുടിക്കാന്‍ മണിയന് പറഞ്ഞപ്പോള്‍ മംഗളന്‍ അനുസരണയുള്ള കുട്ടിയെ പോലെ ആര്‍ത്തിയോടെ അത് കുടിച്ചു. കുറച്ചു പനമ്പട്ടയും വാഴക്കുല പൊളിച്ചതും കൂടെ മംഗളന്‍ കൊടുത്തിട്ടായാള് ഇടുപ്പിലിരുന്ന വെട്ടുകത്തിയുമായി അപ്പുറത്തെ പറമ്പിലെ തെങ്ങോല ലക്ഷ്യം വച്ചൊരു തളായ്പ്പു കെട്ടി പിന്നെ അങ്ങോട്ട് നടന്നു . ഇതുകണ്ട ഹരി തിരിച്ചു ഉമ്മറത്തേക്കു പോയി ..മണിയനൊരു മുറി വിറകുപുരയ്ക്കടുത്തു കൊടുത്തിട്ടുണ്ടെങ്കിലും മണിയന് ആനയുടെ അടുത്താണ് രാത്രി കിടപ്പ്. ആനയെയാരും മോഷ്ടിക്കൂലന്ന് പലതവണ പലരും കളിയാക്കിയെങ്കിലും മണിയനതു കാര്യമാക്കിയില്ല. മണിയന് മംഗളന്റെ ആനച്ചൂരില്ലാത്ത ഉറക്കം അത്ര സുഖമല്ല രാത്രിയില്‍.. ഉറക്കത്തില്‍ പലതവണ എണീറ്റു നോക്കും മംഗളന്റെ ഉറക്കം.. പ്രാണികള്‍ പോകാനായി ഇടയ്ക്കൊക്കെ ചുറ്റും ചെറിയ ചുള്ളികമ്പുകളിട്ടു പോയ്ക്കും.. എന്നിട്ടേ ഉറങ്ങുള്ളൂവെന്ന സ്ഥിതിയായി മണിയന്…
വീട്ടീന്ന് പോരുമ്പോ മോള് കാര്‍ത്തൂന് ചെറിയ മേലുകാച്ചിലും പനിയുമുണ്ടായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോകാനുള്ള പൈസേം കൂടി ചേര്‍ത്ത് കൊടുത്തിട്ടാണ് വന്നത്. എന്തേലുമാവശ്യം ഉണ്ടെങ്കില്‍ ബൂത്തില്‍ നിന്നും ഹരിമുതലാളിയെ വിളിക്കും. അങ്ങനെയാ സാധാരണ. കുഴപ്പമൊന്നും കാണില്ലെന്നുറപ്പിച്ച അയാളന്നുമുറങ്ങി.. വ്യാഴാഴ്ച രാവിലെ മംഗളനെയും കൊണ്ടു പോകാനുള്ള ലോറി വന്നപ്പോള്‍ വണ്ടീല് കേറാന്‍ ആനയൊന്ന് മടിച്ചത് മണിയന് ശ്രദ്ധിച്ചു.. മോനേ മംഗളാ… നീ വണ്ടീല് കേറാന്‍ മണിയന് രണ്ടാമതും പറയേണ്ടി വന്നത് ഹരിക്ക് അത്ഭുദമായി തോന്നി . വടക്കാട്ടിലെ ഉത്സവത്തിനു തിടമ്പ് വച്ചപ്പോള്‍ മംഗളനൊന്നു ആഞ്ഞു കുലുങ്ങി… മദപ്പാടിന്റെ ലക്ഷണം കാണിച്ചു തുടങ്ങി… എന്നാല്‍ കാലില്‍ ചങ്ങല മുറുക്കി തലയില്‍ തിടമ്പിനു മുന്‍പ് വെള്ളം കോരിയൊഴിച്ചു മസ്തകം തണുപ്പിച്ചു… തോട്ടിക്ക് മസ്തകം ചാരികുത്തി നിര്‍ത്തിയപ്പോള്‍ മംഗളന്‍ അനുസരണ കാട്ടി…ആള്ക്കാര് കുറച്ചൊന്നുമല്ല വിരണ്ടു പേടിച്ചോടിയത്. നാട്ടില്‍ പതിവനുസരിച്ചു ഇടഞ്ഞ ആനയെ പൂട്ടിയ ആശാന് കിട്ടുന്ന രാജകീയ സ്വീകരണത്തെക്കാള്‍ മണിയന് വിഷമം മംഗളന്റെ അസുഖമോര്ത്തായിരുന്നു… അയാള്‍ക്ക് കരയാതിരിക്കാന്‍ ആയില്ല…. പുറമെ ചിരിച്ചു നില്‍ക്കുമ്പോഴും.. തിരിച്ചവനെ ലോറിയിലെ കയറ്റാനായി അല്പമൊന്ന് പാടുപെട്ടു മണിയന്… പക്ഷേ അവനത് സ്വന്തം കൈവശം നോക്കി പരിഹരിച്ചു..
വിവരങ്ങളറിഞ്ഞ ഹരി വലിയ വീട്ടിന്റെ ഉമ്മറത്തു തന്നെ മണിയനെ കാത്തു നില്ക്കുന്നുണ്ടായിരുന്നു.. മണിയന് ലോറിയില്‍ നിന്നിറങ്ങി കാര്യം ധരിപ്പിച്ചു.. മദപ്പാടാണ്.. ഇവിടെ തളച്ചു ചികിത്സ വേണം…. അത് മണിയന് തന്നെ ചെയ്യാമെന്ന് പറഞ്ഞപ്പോള്‍ ഹരിയുടെ പേടി മാറി.. സംസാരം കഴിഞ്ഞു ഹരി പിന്തിരിഞ്ഞപ്പോള് ചുവരില്‍ ചാരിയിരുന്ന ഇരട്ടക്കുഴല്‍ തോക്കവിടെ പുതുമയായി തോന്നി മണിയന്.
ലോറിയില്‍ നിന്നുമിറക്കി മംഗളനെ വലിയൊരു തെങ്ങിനോട് ചേര്‍ത്തു തളച്ചിട്ടു മദപ്പാടു മാറ്റാനുള്ള പച്ചിലയരക്കുന്ന തിരക്കിലായിരുന്നു മണിയന്, ഹരി തിരിച്ചു വന്നപ്പോള്‍… ഇടയ്ക്കൊക്കെ ആനയെ നോക്കും. ആന മണിയനെ തന്നെ നോക്കി നില്‍പ്പാണ്.. ഇടയ്ക്ക് മാത്രം ബോധം പോയപോലെ മംഗളന്‍ അലറും. അപ്പോള്‍ മണിയന് തോട്ടി കയ്യിലെടുത്തു അവിടെ നില്ലാനെ,… നിന്നോടാ പറഞ്ഞത് മംഗളാന്നുള്ള വിളിയില്‍ പിന്നേം ആന മിണ്ടാതെ നില്ക്കും… മദപ്പാടിന് മുന്‍പുള്ള മംഗളനല്ല തന്റെ വലിയവീട്ടില്‍ നില്ക്കുന്നതെന്ന ബോധ്യത്തില്‍ ഹരി ആനയുടെയടുത്ത് പോകാതെ മാറി നിന്നു..
ആനയാണ്… സൂക്ഷിച്ചു മതി മണിയാ… ഇവനിപ്പൊ ബോധമില്ലാതെ നിക്കുവാ….പഴയ സ്നേഹം കാട്ടിയെന്ന് വരില്ല ആരോടും… എന്നാലും എന്തിനും നീ കൂടെയുണ്ടെന്ന ഒരു വിശ്വാസം മാത്രെയുള്ളൂ ഇവനെ ഇവിടെ നിര്‍ത്താന്‍ എനിക്കെന്ന് ഹരി പറഞ്ഞപ്പോള്‍ മണിയനൊന്നുകൂടെ ആത്മാഭിമാനം പൂണ്ടു..
മ്മ്… നമ്മുടെ കുട്ടിയല്ലേ മംഗളന്‍, അവന് കുറുമ്പൊന്നും കാണിക്കൂലെന്നേ.. മറുപടി പറയുമ്പോള്‍ തന്നെ രണ്ടു കൈകൊണ്ടും അരച്ചു വച്ചിരുന്ന പച്ചില മരുന്നുകള്‍ ആനയ്ക്കുള്ള ചോറില്‍ കുഴച്ചു ചേര്‍ത്തുകൊണ്ടിരുന്നു… മഴ വന്നാല്‍ ഇത്തിരി നനയട്ടെയവന്… തലയിത്തിരി തണുത്താല്‍ മരുന്ന് പെട്ടെന്നേല്ക്കും…
അതിന് ഹരി എതിര്‍പ്പൊന്നും പറഞ്ഞില്ല..
രണ്ടുദിവസം കഴിഞ്ഞും മദപ്പാടു മാറുന്നില്ലെന്ന തിരിച്ചറിവില്‍ മണിയന് ഹരിയോട് കാര്യം പറഞ്ഞു. അപ്പോഴേക്കും മംഗളന്‍ തെങ്ങും മരങ്ങളും കുത്തിമറിയ്ക്കാനുള്ള ശ്രമം തുടങ്ങിയിരുന്നു.. കാലിലെ നാലുപൂട്ടിന്റെ വടച്ചങ്ങലയുടെ ബലം മാത്രം ഇനി പോരെന്നറിഞ്ഞ ഹരി വടം കൊണ്ട് കാലുകള്‍ നേരേ നാലുകോണും വലിച്ചു കെട്ടാന്‍ പറഞ്ഞു..അപ്പോഴും തുമ്പിക്കൈ കൊണ്ട് നാലുപാടും ചുഴറ്റി വലിയ വായിലലറുന്ന മംഗളന്റെ കണ്ണില്‍ നിന്നും കണ്ണീര് ഒഴുകി കൊണ്ടേയിരുന്നു .അതുകണ്ട മണിയനും
സങ്കടം തന്നെ.. പല്ലുകള്‍ കടിച്ചു പിടിച്ച മണിയന് തോട്ടികൊണ്ട് അവനുള്ള ആഹാരമെല്ലാം അടുത്തേക്ക് നീക്കിവയ്ക്കുന്നത്.. പ്ലാസ്റ്റിക് പൈപ്പില്‍ വെള്ളം നിറപ്പിച്ചാണ് കുടിക്കാന്‍ കൊടുക്കുന്നതെന്ന സ്ഥിതിയായി മംഗളന്‍.. എപ്പോഴും അലറല്‍ തന്നെ..അവസ്ഥ മോശമാണ്.. ആനവൈദ്യത്തില്‍ ഇത്രേയുള്ളൂ ചികിത്സ, ഫലിക്കാന്‍ സമയമെടുക്കും… അതുവരെ അല്പം കൂടി നമ്മള് ശ്രദ്ധിക്കണം ചികിത്സയോടൊപ്പം മംഗളനെ.
മ്മ്… അതുകേട്ട മണിയന് വാതില്‍ തുറന്ന് വടിയോടൊപ്പം കാലില്‍ എപ്പോഴും കൊളുത്തിടാനുള്ള കുറുവടിയും വടവും ഇരുമ്പ്കൊളുത്തും അതിന്റെ പിന്നും എടുത്തു കൊണ്ടുവന്നു.വളഞ്ഞ ഒരു മണ്‍തിട്ട നോക്കിയെടുത്തു ഓരോന്നും മാറ്റി മാറ്റി വച്ചു. പിന്നെ അകത്തു കയറി ഓല വെട്ടാനുള്ള വെട്ടുകത്തിയും, ആനയിടഞ്ഞാല്‍ ചട്ടവും കാലിലും കുത്തിമുറിവേല്‍പ്പിക്കുന്ന മൂര്‍ച്ചയേറിയ ഒരു പേനാകത്തിയെടുത്തു ഇടുപ്പില്‍ തിരുകിയിട്ട് മുറുക്കാന്‍ വായിലേക്കേറിഞ്ഞിട്ടു മീശയൊന്ന് പിരിച്ചു വച്ചു മണിയന്….!
പിന്നെയെന്തോ ആലോചിച്ചു ഉറപ്പിച്ച പോലെ മുന്‍കാലുകള്‍ വലിച്ചു കെട്ടിയിരുന്ന വടത്തിന്റെ കെട്ടുകളഴിച്ചു…ചങ്ങല നാലുകാലിലും ഉള്ളതിനാല്‍ ഓടാന്‍ പറ്റില്ലെന്ന് മണിയനറിയാം. അവനൊന്നിരിക്കട്ടെ,… കുറച്ചു കിടന്നാല്‍ പിന്നെ ക്ഷീണം മാറുമോന്നു നോക്കാമെന്ന് മണിയന്റെ അഭിപ്രായം ഹരിക്ക് സമ്മതമായിരുന്നു.മംഗളന്‍ ചെറിയൊരു ആശ്വാസം കിട്ടിയപോലെ മുന്‍കാലുകള്‍ കുത്തി അവിടെ ഇരുന്നു.. ശേഷം തുമ്പിക്കൈ പൊന്തിച്ചലറി..അതു കണ്ട മണിയന് പറഞ്ഞു..അസുഖം കുറവുണ്ട്.. ഇവനിപ്പോ എന്നെ തിരിച്ചറിയാം.. അതാ ആ സലാം വയ്പ്പ്.. മ്മ്മ്…എന്തായാലും ഞാന്‍ നോക്കിക്കോളാന്നുള്ള മണിയന്റെ ഭാവം തന്നെ ഹരിക്കൊരു ആശ്വാസമായിരുന്നു. മംഗളന്റെ സ്വഭാവം ഇടയ്ക്കിടയ്ക്കു മാറി മാറി വന്നിരുന്നതിനാല്‍ അത്രയും കരുതലോടു കൂടിയാണ് മണിയന്റെ നില്‍പ്പും ഉറക്കം പോലും ….
പിറ്റേന്ന് രാവിലെ മണിയനൊന്ന് പുറത്തേക്ക് പോയപ്പോഴാണ് മണിയന്റെ ഭാര്യ ലക്ഷ്മി തന്റെ ഫോണില്‍ വിളിക്കുന്നത് ഹരി കണ്ടത്.. അയാളെടുത്തു കാര്യം തിരക്കിയപ്പോള്‍ മകള്‍ കാര്‍ത്തുവിന് ഒരു സ്കാനിംഗ് ഉണ്ട് ഇവിടെ അടുത്താണ്… അവള്‍ക്ക് ചുമ നില്ക്കുന്നില്ല, അതുകൊണ്ട് ഡോക്ടര്‍ പറഞ്ഞപ്രകാരം അവര്‍ വരുന്നതാണെന്നും കൂട്ടത്തില്‍ മണിയനെ കാണാനായി അവരിങ്ങോട്ടൊന്നു വരുമെന്നും പറഞ്ഞു….മണിയന് ഇവിടെയുണ്ട്, ഞാനീ കാര്യം മണിയനോട് പറയാമെന്നു മറുപടി പറഞ്ഞിട്ടയാള്‍ കാള്‍ കട്ട് ചെയ്തു… പാവം മണിയന്, സ്വന്തം മോള്‍ക്ക് വയ്യാതെയായിട്ടും ഇവിടെ മംഗളന്റെ കാര്യം നോക്കാനായി വീട്ടില്‍ പോലും പോകാതെ നില്ക്കുന്നതവന്റെ ആനയോടുള്ള ഇഷ്ടം കൊണ്ടാണെന്ന് ഹരി ചിന്തിച്ചു..ആനച്ചൂരില്ലാതെ ഉറങ്ങാന്‍ പറ്റാത്തൊരു ആനപ്രേമിയായ പാപ്പാന്…
അല്പം കഴിഞ്ഞപ്പോള്‍ പുറത്തേക്കു പോയ മണിയന് വന്നു…കാര്യം ഹരിയവനെ ധരിപ്പിച്ചു. മറുപടിയൊരു നിസ്സഹായ അവസ്ഥയിലുള്ള നോട്ടമായിരുന്നു. ഹരി പെട്ടെന്ന് പതിനായിരം രൂപ എടുത്തെണ്ണി കയ്യില്‍ വച്ചു കൊടുത്തു… മണിയാ,… നീ കൂടി ചെല്ലണം കുഞ്ഞിന്റെ സ്കാനിങ്ങിന്… മംഗളന്‍ ഇവിടെ നിന്നോളും… ആദ്യം നീ പോ
യി കുഞ്ഞിന്റെ കാര്യം നോക്കാന്‍ ഹരി പറഞ്ഞപ്പോള്‍ അയാളതിന് തലയാട്ടി..
എന്നാ പിന്നെ ഞാനാ തെങ്ങില്‍ക്കേറി ഓല വെട്ടിയിവിടെ ഇട്ടേച്ചു പോകാം. അതാകുമ്പോ അവന് വിശപ്പുണ്ടെങ്കില്‍ തിന്നോളുമല്ലോന്ന് മണിയന് പറഞ്ഞിട്ട് പെട്ടെന്നവന്റെ തളായ്പ്പും വെട്ടുകത്തിയുമായി അപ്പുറത്തെ തെങ്ങിനു നേര്‍ക്കു നടന്നു.. അവന്റെ നടത്തത്തിലും മംഗളന്റെ നിസ്സഹായ ഭാവങ്ങള്‍ ശ്രദ്ധിച്ചു കൊണ്ടേയിരുന്നു ഓരോ നോട്ടത്തിലും ..
മണിയന് തെങ്ങോല വെട്ടിയിടുന്ന നേരത്താണ് ലക്ഷ്മിയും കാര്‍ത്തുവും വന്നു കയറിയത്… അവനവരെ കണ്ടിട്ട് തെങ്ങില്‍ നിന്നിറങ്ങാന്‍ തുടങ്ങി.. ആ സമയം ഹരി വീട്ടിനുള്ളിലായിരുന്നു.. മണിയനെ കണ്ടതും കാര്‍ത്തു അച്ഛാന്നുള്ള വിളിയോടെ മണിയന്റെ നേര്‍ക്കോടി…ഇതുകണ്ട ലക്ഷ്മി മോളെ ആനയുണ്ടവിടെ നില്ക്കെന്നു പിറകെയോടി പറഞ്ഞു തീരും മുന്‍പാണ് മാറ്റിനിര്‍ത്തിയിരുന്ന മംഗളന്റെ തുമ്പിക്കൈയ്യവളെ കോരിയെടുത്തത്..ഒരു നിമിഷത്തിന്റെ അലര്‍ച്ചയോടെ അവന്റെ വലിയ കൊമ്പുകള്‍ കാര്‍ത്തുവിന്റെ നെഞ്ചില്‍ കുത്തിയിറക്കിയത്.. അയ്യോ… എന്റെ മോളെന്നുള്ള വിളിയോടെ കാര്‍ത്തുവിനെ രക്ഷിക്കാനെത്തിയ ലക്ഷ്മിയെ മുന്‍കാലുകള്‍ കൊണ്ടൊറ്റ ചവിട്ടിനു കാല്ക്കീഴിലാക്കി കൊമ്പുകൊണ്ട് കുത്തി മലര്‍ത്തി മംഗളന്‍ മദപ്പാടുകൊണ്ട് കൊലവിളി തുടങ്ങി.. ഇതൊക്കെ കണ്ടോടി വന്ന മണിയന് നിലവിളിയോടെ ഇടുപ്പില്‍ കരുതിയ കത്തി നിവര്ത്തിയവനു നേര്‍ക്ക് കുതിച്ചു…. എന്നാലവന്റെ കത്തി മംഗളന്റെ ദേഹത്തു കൊള്ളും മുന്‍പ് രണ്ടു തവണ വലിയ വെടിയൊച്ചയവിടെ മുഴങ്ങി.. വലിയൊരു അലര്‍ച്ചയോടെ മംഗളന്‍ ഒരു വശത്തേക്കു മറിഞ്ഞു വീണു… മണിയന് നോക്കിയപ്പോള്‍ ഹരി ഇരട്ടക്കുഴലുമായി പി
റകെ നില്ക്കുന്നു…
ചോരയില്‍ കുളിച്ചു മരിച്ചുകിടന്ന ലക്ഷ്മിയെയും കാര്ത്തുവിനെയും മടിയില്‍ കിടത്തി മണിയന്റെ വാവിട്ടുള്ള നിലവിളിയിലാണ് നാട്ടുകാരെത്തിയത്…
ഭഗവതീ നീയെന്നെ കൈ വിട്ടോയെന്നുള്ള അയാളുടെ അലര്‍ച്ച കേള്‍ക്കുമ്പോള്‍ പോലും മംഗളന്‍ അപ്പോഴും ഒരു ചെറിയ അമറല്‍ കണ്ണീരോടെ ബാക്കി വച്ചിരുന്നു….
ആനയുടെ പോലീസ് പരിശോധനയില്‍ ഒരു അഭിപ്രായം പറയാന്‍ പോലും ഉടമ ഹരി അവിടെയില്ലായിരുന്നു.. അകലെയൊരു ചുടുകാട്ടില്‍ മണിയനെ ആശ്വസിപ്പിക്കുന്നതിനായി മണിയനൊപ്പം അയാളിരുന്നു.. അയാളുടെ കണ്ണുകള്‍ നിറഞ്ഞൊരു സമുദ്രമാകുന്നത് ദുഃഖപൂര്‍വ്വം ആ നാട്ടുകാരെല്ലാം കണ്ടു നിന്നു..എല്ലാം കഴിഞ്ഞു തിരിച്ചു വന്നതിനു ശേഷമാണ് മംഗളന്റെ ശവം കുഴിച്ചിടാനുള്ള ഏര്‍പ്പാടുകള്‍ ഹരി ചെയ്തത്…
ജെ. സി. ബി യുടെ കൂര്‍ത്ത പല്ലുകള്‍ പെട്ടെന്നാണ് മംഗളനു വേണ്ടിയുള്ള കുഴിയെടുത്തത്…എല്ലാം പെട്ടെന്ന് കഴിഞ്ഞു.. ഒന്നും കാണാതെ മണിയന് സ്വന്തം മുറിയില്‍ കിടന്നു കരഞ്ഞു… അടുത്തു തന്നെ ഹരിയും നി
ല്ക്കുന്നുണ്ടായിരുന്നു…
രാത്രി അല്പം വെള്ളം നിര്‍ബന്ധിച്ചു കുടിപ്പിച്ചതൊഴിച്ചാല് രാവിലെ ഞാന്‍ പോ
കും മുതലാളീന്നുള്ള ഒരു ശബ്ദം മാത്രമാണ് മണിയനില്‍ ഹരിക്ക് ബാക്കിയായത്…. മ്മ്…ശരി.
മംഗളനെ എവിടെയാ അടക്കിയത് ?
മേലെപ്പറമ്പില്‍..
മ്മ്… പാവം… ഓര്മ്മയില്ലാത്തോണ്ടാണെന്ന് മണിയന് പറഞ്ഞപ്പോള്‍ ഹരിക്ക് പെട്ടന്നവന് ഭ്രാന്തു പിടിച്ചോന്ന് തോന്നിപ്പോയി.. പാവമല്ല മണിയാ… ചതിയന്‍.. കൊടും ചതിയനാ അവന്.. ഇല്ലെങ്കില്‍ നിന്നോടിങ്ങനെ ചെയ്യൂല ഏതു മദമിളകിയാലും.. ഞാനിന്നല്ല ആനയെ കാണുന്നതെന്നു പറഞ്ഞു ഹരി വീട്ടിലേക്ക് കയറിപ്പോയി…
രാത്രിയില്‍ പുറത്തേക്കു വന്ന ഹരി മണിയനെ മുറിയില്‍ നോക്കി.. കണ്ടില്ല.. അയാള്‍ ടോര്‍ച്ചുമെടുത്തു ചുറ്റുമടിച്ചു നടന്നു വിളിച്ചു… മണിയാ മണിയാ…. ആരും വിളി കേട്ടില്ല.. ഒടുവിലെന്തോ ഉറപ്പിച്ചപോലെ അയാള്‍ മേലേപ്പറമ്പില്‍ മംഗളനെ അടക്കിയിരുന്ന സ്ഥലത്തേക്കു നടന്നു. അവിടെ മംഗളനെയടക്കിയ മണ്ണിനെ കെട്ടിപ്പിടിച്ചു പുറത്തു കയറി കിടക്കുന്നു മണിയന്… ഒരു ചെവി മണ്ണില്‍ വച്ചു അപ്പോഴും ആനച്ചൂരുണ്ടോന്നുള്ള ശ്രദ്ധയിലവനെ പേര് പറഞ്ഞു താലോലിച്ചു കിടന്ന മണിയന് ഹരിയെ നോക്കി ചോദിച്ചു… ആരാ ? ഞാന്‍ ഹരിയാ മണിയാന്ന് മറുപടി വന്നു . ആരായാലും. ആനയുടെ അടുത്തു വന്നൂടെന്നറിഞ്ഞൂടെ…?
മംഗളന്‍ ഉറങ്ങുവാ ടോര്ച്ചടിച്ചുണര്ത്തരുത്… മ്മ്… പൊക്കോന്ന് പറഞ്ഞയാള്‍ അവന്റെ തോട്ടിയെടുത്തടുത്തു ഹരിക്കു നേരേ ആംഗ്യം കാണിച്ചിട്ട് അവിടെ തന്നെ കിടന്നു, പൊന്നുമോനേ മംഗളാ… മംഗളാന്നുള്ള നിലവിളിയോടെ ചെറുപ്പം മുതല്‍ പഴകിപ്പോയ ആനച്ചൂരിന്റെ വാസന ആ മണ്ണില്‍ തിരഞ്ഞുകൊണ്ട് …….!
പ്രതികരിക്കാൻ ഇവിടെ എഴുതുക: