തിരുവനന്തപുരം: അനന്തപുരിയെ മറ്റൊരു യാഗശാല ആക്കി പന്ത്രണ്ടാമത് അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിന് പുത്തരിക്കണ്ടം മൈതാനിയില്‍ തുടക്കമായി. ഇന്നലെ രാവിലെ 5 മണിക്ക് സൂര്യകാലടിമന സൂര്യന് ജയസൂര്യന്‍ ഭട്ടതിരിപ്പാടിന്റെ നേതൃത്വത്തില്‍ വിശ്വമംഗള സമൂഹഗണപതി ഹോമം നടന്നു. തുടര്‍ന്ന് 6ന് ഡോ. ഭാവന രാധാകൃഷ്ണന്റെ ഗണപതി സ്തുതി. വൈകിട്ട് 5 ന് ലളിതാ സഹസ്ര നാമജപം, 6 ന് മരങ്ങാട്ടില്ലം ദേവിക സുബ്രഹ്മണ്യന് അവതരിച്ച ഓട്ടന്തുള്ളല്, രാത്രി 7ന് ചിത്തിര തിരുനാള്‍ സ്മാരക സംഗീത നാട്യ കലാകേന്ദ്രത്തിന്റെ നൃത്ത നൃത്യങ്ങള്‍ എന്നിവ ഉണ്ടായിരുന്നു. നൂറുക്കണക്കിന് ആളുകള്‍ പൂജാചടങ്ങുകളിലും കലാപരിപാടികളിലും പങ്കെടുത്തു.
അനന്തപുരി ഹിന്ദുമഹാസമ്മേളനത്തില്‍ ഇന്ന്
അനന്തപുരി ഹിന്ദുമഹാസമ്മേളനത്തിന്റെ ഉദ്ഘാടനസഭ ഇന്ന് രാവിലെയാണ്. രാവിലെ 11.15ന് അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിബായി ഉദ്ഘാടനം ചെയ്യും. ചെങ്കല്‍ രാജശേഖരന് നായര്‍ അധ്യക്ഷനാവുന്ന ചടങ്ങില്‍ സ്വാമി ബ്രഹ്മപാദാനന്ദ സരസ്വതി ദീപപ്രോജ്വലനവും അനുഗ്രഹപ്രഭാഷണവും കുളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മുഖ്യപ്രഭാഷണവും നടത്തും. ഹിന്ദുധര്‍മ്മ പരിഷത് സെക്രട്ടറി എസ്. പ്രദീപ് ആമുഖപ്രഭാഷണം നടത്തും. സ്വാമി അഭയാനന്ദ, സ്വാമി സുകുമാരാനന്ദ (ആനന്ദാശ്രമം, തിരുമല), സ്വാമി മഹേശ്വരാനന്ദ (മഹേശ്വരം, ചെങ്കല്‍), സ്വാമി ഹരിഹരാനന്ദ (ബോധാനന്ദ ആശ്രമം, കാലടി), റാണി മോഹന്‍ദാസ് (ഡയറക്ടര്‍, മോഹന്‍ദാസ് കോളജ്) രഞ്ജിത്ത്കുമാര്‍ ജി. (സ്ഥാപകന്‍, ലയണ്മയൂര റോയല്‍ കിംഗ്ഡം) തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. ജനറല്‍ കണ്‍വീനര്‍ വി. സുധകുമാര്‍ സ്വാഗതവും സരിന് ശിവന് പി.എസ്. നന്ദിയും പറയും.
ഉച്ചയ്ക്ക് 2 ന് വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ അവതരിപ്പിക്കുന്ന ഏകഭാരതം ശ്രേഷ്ഠഭാരതം എന്ന കലാപരിപാടിയുണ്ടായിരിക്കും. വൈകുന്നേരം 4.30 ന് മെഗാ തിരുവാതിര ചലച്ചിത്ര സംവിധായകന് സുജിത്ത് സുന്ദര്‍ ഉദ്ഘാടനം ചെയ്യും. 5 മണിക്ക് സംന്യാസി ശ്രേഷ്ഠന്മാര്, ആചാര്യന്മാര്, തന്ത്രിമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്ന ആചാര്യ സദസ്. 6.45 ന് ഡോ. സൂര്യ അജയ് റാവു, ചെന്നൈ അവതരിപ്പിക്കുന്ന ശാസ്ത്രീയ സംഗീതം, രാത്രി 7.30ന് അനന്തജ്യോതി പുരസ്കാര സമര്‍പ്പണവും കലാനിധി സെന്റര്‍ ഫോര്‍ ഇന്ത്യന്‍ ആര്‍ട്സ് ആന്‍ഡ് കള്‍ച്ചറല്‍ ഹെറിറ്റേജ് ട്രസ്റ്റ്, തിരുവനന്തപുരം അവതരിപ്പിക്കുന്ന നൃത്തസംഗീത ശില്‍പ്പവും ഉണ്ടായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: