ബ്രിട്ടീഷ് വാഴ്ചക്കാലത്ത് 1857ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിന്റെ അലയൊലികള്‍ അയോദ്ധ്യയിലുണ്ടായി. 1856-57 കാലഘട്ടത്തില്‍ ബാബ രാംചരണ്‍ ദാസിന്റെയും പ്രാദേശിക മുസ്ലിം നേതാവായിരുന്ന അമീര്‍ അലിയുടെയും നേതൃത്വത്തില്‍ രാമജന്മഭൂമിയിലെ തര്‍ക്കപരിഹാരത്തിന് ശ്രമം നടന്നു. ഹിന്ദുക്കള്‍ക്കും മുസ്ലിങ്ങള്‍ക്കും പ്രശ്നങ്ങളില്ലാതെ ആരാധന നടത്താമെന്ന ധാരണയിലെത്തി. ഇതുപ്രകാരം ഏറെക്കാലം സമാധാനം പുലര്‍ന്നു.
ഒന്നാം സ്വാതന്ത്ര്യസമരം അടിച്ചമര്‍ത്തിയതിനുശേഷം ബ്രിട്ടീഷ് ഭരണാധികാരികള്‍ കൂടുതല്‍ ജാഗരൂകരായി. വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മില്‍ ഐക്യത്തില്‍ കഴിയുന്നത് അവര്‍ അപകടമായി കണ്ടു. ബാബറി മസ്ജിദ് നിലനിര്‍ത്താന്‍ മുസ്ലിങ്ങളും രാമജന്മഭൂമി വീണ്ടെടുക്കാന്‍ ഹിന്ദുക്കളും നിരന്തരം പോരാടിയിരുന്നു. ഇതിനൊരു അപവാദമായിരുന്നു രാംചരണ്‍ ദാസും അമീര്‍ അലിയും തമ്മിലുണ്ടാക്കിയ ധാരണ. രാമജന്മഭൂമി ഹിന്ദുക്കള്‍ക്ക് കൈമാറാമെന്ന വ്യവസ്ഥയിലായിരുന്നു ഇത്.
ഡല്‍ഹൗസി പ്രഭുവിന് പകരം വിന്‍സന്റ് കാനിങ്പ്രഭു അധികാരമേറ്റെടുത്ത സമയമായിരുന്നു അത്. വിഭജിച്ചു ഭരിക്കുകയെന്ന തന്ത്രത്തില്‍ ഡല്‍ഹൗസിയെക്കാള്‍ സമര്‍ത്ഥനായിരുന്നു കാനിങ്. രാമജന്മഭൂമിയുടെ കാര്യത്തില്‍ ഹിന്ദുക്കളും മുസ്ലിങ്ങളും ഒന്നിക്കുന്നത് തങ്ങളുടെ താത്പര്യത്തിന് എതിരാണെന്ന് കാനിങ് കണ്ടു. ബാബ രാംചരണ്‍ ദാസിനെയും അമീര്‍ അലിയെയും രാജ്യദ്രോഹ കുറ്റം ആരോപിച്ച് അറസ്റ്റു ചെയ്യുകയും അയോദ്ധ്യയിലെ കുബേര്‍ ടീല എന്ന സ്ഥലത്തെ ഒരു പുളിമരത്തില്‍ തൂക്കിലേറ്റുകയും ചെയ്തു. 1858 മാര്‍ച്ച് 18നായിരുന്നു ഇത്. ആ പുളിമരച്ചുവട്ടില് പിന്നീട് രാമഭക്തര്‍ ആരാധിക്കാന്‍ തുടങ്ങി. ഇവിടെയാണ് ഇപ്പോള്‍ ജടായുവിന്റെ ശില്പം ഉയര്‍ന്നിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: