ബാലചന്ദ്രന് പൂവത്തിങ്കല്‍ എന്ന പേര് ജന്മഭൂമിയുടെ പഴയ വായനക്കാര്‍ക്ക് സുപരിചിതമായിരിക്കും. ഇന്നു പുലര്‍ച്ചെ അദ്ദേഹം അന്തരിച്ചുവെന്ന വാര്‍ത്തയറിഞ്ഞു. ആഴ്ചയില്‍ മൂന്ന് ഡയാലിസിസുകള്‍ ചെയ്യേണ്ടുന്ന സ്ഥിതിയിലേക്ക് അദ്ദേഹത്തിന്റെ ആരോഗ്യം വഷളായിട്ട് നിരവധി വര്‍ഷങ്ങളായി. തൊടുപുഴയിലെ ചാഴിക്കാട് ആശുപത്രിയിലും സര്‍ക്കാര്‍ ആശുപത്രിയിലുമായി അതുചെയ്തു വരികയായിരുന്നു. നാലു പതിറ്റാണ്ടിലേറെക്കാലം വായനക്കാര്‍ക്ക് പരിചിതമായിരുന്ന ഒട്ടേറെ വാര്‍ത്തകളും വിശകലനങ്ങളും അദ്ദേഹം ജന്മഭൂമിയിലൂടെ നല്‍കിയിട്ടുണ്ട്.
എന്‍എസ്എസിന്റെ അനുഗ്രഹത്തോടെ പ്രവര്‍ത്തിച്ചുവന്ന രാഷ്ട്രീയ പാര്‍ട്ടിയായ എന്‍ഡിപിയുടെ ജില്ലാ സെക്രട്ടറിയായിരിക്കയാണ് ബാലചന്ദ്രന് ജന്മഭൂമിയില് ചേര്‍ന്നത്. എന്‍ഡിപി ഭരണകക്ഷിയായിരുന്നപ്പോള്‍ അദ്ദേഹത്തിന് നേടാന്‍ കഴിഞ്ഞ പരിചയങ്ങളും സൗഹൃദങ്ങളും വളരെ ശക്തമായിരുന്നു. അത് ജന്മഭൂമിയിലൂടെ അദ്ദേഹത്തിന് ഉപയോഗിക്കാനും സാധിച്ചു. അദ്ദേഹത്തിന്റെ സ്വതഃസിദ്ധമായ ഊര്ജ്ജസ്വലത ഉന്നത വിദ്യാഭ്യാസത്തിന്റെ അഭാവത്തെ പരിഹരിച്ചു. ജന്മഭൂമിയുടെ കോട്ടയം ജില്ലാ ലേഖകനായി പ്രവര്‍ത്തിച്ച കാലത്ത് ചില രാഷ്ട്രീയ നേതാക്കളോട് അവിടുത്തെ പത്രപ്രവര്‍ത്തകര്‍ പ്രകടിപ്പിച്ചു വന്ന അമിതമായ വിധേയത്വം അവസാനിപ്പിക്കാന്‍ തക്ക തന്റേടം ബാലചന്ദ്രന് പ്രകടിപ്പിച്ചു. പത്രപ്രവര്‍ത്തകര്‍ ആരുടെ മുന്നിലും വിധേയരായി തല കുമ്പിടേണ്ടതില്ല എന്ന തത്വത്തെ അദ്ദേഹം മുറുകെ പിടിച്ചു.
ഉന്നത വിദ്യാഭ്യാസവും ബിരുദങ്ങളുടെ വാലുകളും അല്ല പ്രാഗല്ഭ്യത്തിന്റെ അവസാന ലക്ഷണം, മറിച്ച് സ്വന്തം അത്യധ്വാനവും വ്യക്തിത്വവുമാണെന്ന് ബാലചന്ദ്രന് തെളിയിച്ചു തന്നു. കൊങ്കണ്‍ റെയില്‍വേ ആരംഭിച്ച സമയത്ത് അതിലൂടെ യാത്ര ചെയ്യാന്‍ പോയ മാധ്യമ സംഘത്തിലും ബാലചന്ദ്രന് ഉള്‍പ്പെട്ടിരുന്നു. അതിനുശേഷം അദ്ദേഹം ജന്മഭൂമിയില് അതേക്കുറിച്ച് എഴുതിയ പരമ്പര ആ യാത്ര നേരിട്ട് കാണുന്നതുപോലെ വായനക്കാരിലേക്ക് എത്തിയിരുന്നു.
ജന്മഭൂമിയില് നിന്ന് ഔപചാരികമായി പിരിഞ്ഞ ശേഷവും ഇടുക്കി ജില്ലാ ബ്യൂറോയില്‍ തൊടുപുഴ കേന്ദ്രമാക്കി അദ്ദേഹം പ്രവര്‍ത്തിച്ചിരുന്നു. മുതിര്‍ന്ന പത്രപ്രവര്‍ത്തകരുടെ സംഘടനയിലും ബാലചന്ദ്രന് സജീവമായിരുന്നു. ജന്മഭൂമിയില് ചേരുന്നതിനു മുന്‍പ് എന്‍ഡിപി ജില്ലാ സെക്രട്ടറി എന്ന നിലയ്ക്ക് ചെറുകിട വ്യവസായ എസ്റ്റേറ്റുകളുടെ മേല്‍നോട്ടം വഹിച്ചിരുന്നു. ധാരാളം സംരംഭകരെ ആ രംഗത്തുകൊണ്ടുവരാന്‍ ബാലചന്ദ്രനു കഴിഞ്ഞു. ആ ചിരകാല സുഹൃത്തിന്റെയും സഹപ്രവര്‍ത്തകന്റെയും ആത്മാവിന് സദ്ഗതി നേരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: